രജനിയുടെ ‘കാല കരികാലന്‍’ : വിശേഷങ്ങളും അഭ്യൂഹങ്ങളും

രജനിയുടെ പുതിയ ചിത്രം ‘കാലാ – കാരികാലന്‍’ മുംബൈയില്‍ മെയ് 28ന് ചിത്രീകരണം തുടങ്ങി. ധനുഷ് നിര്‍മ്മിക്കുന്ന ചിത്രം കബാലിയുടെ സംവിധായകന്‍ പാ രണ്‍ജിത് ആണ് സംവിധാനം ചെയ്യുന്നത്.

ചിത്രത്തെ ചുറ്റിപറ്റി ഇതിനകം തന്നെ പല അഭ്യൂഹങ്ങളും പരന്നു കഴിഞ്ഞു:
ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് ആരാധകരുമൊത്തുള്ള ഒരു പരിപാടിയില്‍ തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള സൂചനകള്‍ തലൈവര്‍ നല്‍കിയത്. സമ്മിശ്ര പ്രതികരണമാണ് ഇതിനെ കുറിച്ച് തമിഴ് മക്കളില്‍ നിന്നും കേള്‍ക്കുന്നത്.

രാഷ്ട്രീയ പ്രാധാന്യമുള്ള പ്രമേയമാണ് ചിത്രത്തിന്റേത് എന്നും ചിത്രത്തിന്റെ റിലീസ് രജനിയുടെ രാഷ്ട്രീയ പ്രവേശനത്തിനുള്ള അരങ്ങൊരുക്കമാകും എന്നും പറയപ്പെടുന്നു. സംഘടനയുടെ രാഷ്ട്രീയ സിദ്ധാന്തങ്ങളുമായി സാമ്യമുള്ളതാണ് ചിത്രത്തിന്റെ പ്രമേയം എന്നും പറയുന്നവരുണ്ട്.

ഏറെ ശ്രദ്ധിക്കപെട്ടതാണ് ചിത്രത്തിന്റെ ഫസ്‌റ് ലുക്ക് പോസ്റ്റര്‍. കൈമുട്ടോളം ചുരുട്ടിയ കറുത്ത ജുബ്ബയും ചുവപ്പുകലര്‍ന്ന ചാര നിറത്തിലുള്ള മുണ്ടും കറുത്ത കൂളിംഗ് ഗ്‌ളാസും, സിംഹാസനം എന്നോണം വണ്ടിയുടെ ബോണറ്റിനു മുകളില്‍ കാലിന്മേല്‍ കാല്‍ കയറ്റിവച്ചു രാജകീയമായ ഇരുപ്പാണ് തലൈവരുടേത്. മഹീന്ദ്രയുടെ താര്‍ ആണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. പോസ്റ്റര്‍ ഇറങ്ങിയതോടെ ഈ ‘സിംഹാസന വാഹനം’ തന്റെ കാര്‍ മ്യൂസിയത്തിലേക്ക് ആവശ്യപ്പെട്ടിരിക്കുകയാണ് മഹീന്ദ്രയുടെ സിഇഒ ആനന്ദ് മഹിന്ദ്ര. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഈ ആഗ്രഹം പ്രകടിപ്പിച്ചത്, ഷൂട്ടിങ് കഴിയുന്നതോടെ എത്തിക്കാം എന്ന് ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ ധനുഷ് മറുപടിയും നല്‍കി.

വലിയ താര നിരയാണ് കാലയില്‍, നാനാ പട്ടേക്കര്‍ വളരെ ശക്തമായ വേഷം അവതരിപ്പിക്കുന്നു എന്നതിന് പുറമെ മമ്മൂട്ടിയും ഒരു ശ്രദ്ധേയ വേഷം അവതരിപ്പിക്കും എന്ന അഭ്യൂഹങ്ങള്‍ ഉണ്ട്. ഫ്‌ലാഷ് ബാക്കില്‍ പറയുന്ന ബാബ സാഹിബ് അംബേദ്ക്കറുടെ വേഷം ആണ് മമ്മൂട്ടി ചെയുന്നത് എന്നാണു പറയപ്പെടുന്നത്.

സമുദിരക്കനി, ഉമാ ഖുറേഷി, സുകന്യ, സമ്പത്, സിയാജി ഷിന്‍ഡെ, സാക്ഷി അഗര്‍വാള്‍, യതിന്‍ കര്‍യേക്കര്‍ എന്നു തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍. കബാലിയുടെ സംഗീതസംവിധാനം നിര്‍വഹിച്ച സന്തോഷ് നാരായണന്‍ തന്നെയാണ് കാലയ്ക്കു സംഗീതം നല്‍കുന്നത്.

മുംബൈയിലെ 8 ദിവസത്തെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ശേഷം ചെന്നൈയില്‍ തന്നെ 5 കോടി മുടക്കി ധാരാവി എന്ന ചേരിയുടെ സെറ്റ് നിര്‍മ്മിച്ചാണ് ബാക്കിയുള്ള ഷൂട്ട്. തമിഴ്നാട്ടില്‍ നിന്നും ധാരാവിയില്‍ എത്തി അവിടെയുള്ള തമിഴരുടെ നേതാവായി മാറുന്ന നേതാവാണ് കാരികാലന്‍, ശെരിക്കും ഒരു തലൈവര്‍ സിനിമയാകും ഇതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

ഇതിനിടെ ഹാജി മസ്താനുമായി സാമ്യമുള്ള കഥാപാത്രമാണ് എന്ന് ആരോപിച്ചു വന്നിരുന്നു ഹാജി മസ്താന്റെ മകന്‍. എന്നാല്‍ ഹാജി മസ്താനുമായി യാതൊരു സാമ്യവും കാരികാലനില്ല എന്ന് സംവിധായകന്‍ രണ്‍ജിത് പറഞ്ഞു. ‘കാല – കരികാലന്‍’ എന്ന പേര് മോഷ്ടിക്കുകയാണ് എന്ന് ആരോപിച്ചു രാജേന്ദ്രന്‍ എന്ന വ്യക്തി ചെന്നൈ പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. വര്‍ഷങ്ങള്‍ക്കു മുന്‍പ് താന്‍ രജനിയുമായി ചര്‍ച്ച ചെയ്ത സിനിമയുടെ പേരാണെന്നും പിന്നീട് വിക്രമിനെ നായകനാക്കി താന്‍ നിര്‍മ്മിച്ചു ചിത്രീകരണം തുടങ്ങി പാതി വഴിയില്‍ നിന്ന സിനിമക്ക് കരികാലന്‍ എന്ന പേര് നല്‍കിയിരുന്നു എന്ന് രാജേന്ദ്രന്‍ പറയുന്നു.

ചിത്രീകരണം തുടങ്ങിയപ്പോള്‍ തന്നെ വരുന്ന വിശേഷങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും നടുവില്‍ രജനിയുടെ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുകയാണ് കാലയെ.