പൊതുബോധം മറന്നോ സഭാ മേലധ്യക്ഷന്‍മാര്‍?…ക്രൈസ്തവ മതമേലധ്യക്ഷന്‍മാരുമായി അമിത് ഷാ നടത്തിയ കൂടിക്കാഴ്ചയുടെ രാഷ്ട്രീയമെന്ത്?…

കേരളം പിടിക്കുക എന്ന ലക്ഷ്യത്തോടെ ബി.ജെ.പി. ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ മൂന്നു ദിവസത്തെ കേരള സന്ദര്‍ശനത്തിനെത്തിയപ്പോള്‍ ക്രൈസ്തവ മതമേലധ്യക്ഷന്‍മാരുമായി കൂടിക്കാഴ്ച്ചയ്ക്ക് അരങ്ങൊരുക്കിയതിലെ രാഷ്ട്രീയമെന്തായിരിക്കും?

കര്‍ഷക പ്രശ്‌നങ്ങളും ഫാദര്‍ ടോം ഉഴുന്നാലിന്റെ പ്രശ്‌നങ്ങളും ഉന്നയിച്ചെന്നാണ് ഇന്നലെ അമിത്ഷായെ കണ്ട പുരോഹിതര്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ പറഞ്ഞത്. എന്നാല്‍ രാജ്യത്ത് ചര്‍ച്ചയായ ഗോവദ നിരോധനത്തെക്കുറിച്ചോ അതുമായി ബന്ധപ്പെട്ട് പൊതു സമൂഹം നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചോ ബി.ജെ.പി. ദേശീയ അദ്ധ്യക്ഷനോട് ഒന്നും പറയാന്‍ ഇവര്‍ക്ക് കഴിയാതിരുന്നതെന്തു കൊണ്ട്?

നാലു മുതല്‍ അഞ്ച് ശതമാനം നിലകൊള്ളുന്ന ദളിത് ക്രിസ്ത്യാനികളുടെ കാര്യത്തിലും മൗനം വെടിഞ്ഞതെന്തിനാണ്. എന്‍.ഡി.എ. കോര്‍കമ്മറ്റി യോഗ തീരുമാനത്തിനനുസൃതമായി അമിത്ഷാ തന്ത്രങ്ങളുമായി നീങ്ങുമ്പോള്‍ എന്തു സമീപനമാണ് മതമേലധ്യക്ഷന്‍മാര്‍ സ്വീകരിക്കുന്നത്.

കഴിഞ്ഞ ഡിസംബറില്‍ മോഡി പ്രധാനമന്ത്രിയായ ശേഷം ആദ്യമായി കേരളത്തിലെത്തിയപ്പോള്‍ കേരളം പിടിക്കാന്‍ ഹിന്ദുവിനൊപ്പം ക്രിസ്ത്യാനി കൂടി വേണമെന്ന ബി.ജെ.പി. ആശയത്തിനു ഊന്നല്‍ നല്‍കാനായി റബ്ബര്‍ വിലയും നേഴ്‌സുമാരുടെ പ്രശ്‌നവും ഊന്നി പറഞ്ഞിരുന്നു.

സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത എന്നിവരും ഓര്‍ത്തഡോക്‌സ് സഭ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാസിയോസുമാണു അന്ന് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത്. സഭാ അധികാരികളെ കാണാനുള്ള ആഗ്രഹം മോദി തന്നെയാണ് അന്ന് അറിയിച്ചതും.

നിയമസഭയിലേയ്ക്ക് ആളെയെത്തിക്കാന്‍ നിലവില്‍ ബി.ജെ.പിക്കായി ഇനി വേണ്ടത് ജനപിന്തുണയാണ്. അതിന് തീര്‍ത്തും ഹൈന്ദവ പാര്‍ട്ടിയെന്ന നിലയിലെ പ്രവര്‍ത്തനം കൊണ്ട് കേരളത്തില്‍ ബി.ജെ.പി. രക്ഷപ്പെടില്ലെന്ന് അമിത്ഷായ്ക്കും നേതൃത്വത്തിനും നന്നായി അറിയാം. അതുകൊണ്ട് തന്നെ ഗോവാ മോഡല്‍ പരീക്ഷണമാണ് ലക്ഷ്യമിട്ടതും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്രൈസ്തവ സഭാ അധ്യക്ഷന്മാര്‍ സന്ദര്‍ശിച്ചതിനേയും പ്രതീക്ഷയോടെയാണ് ബി.ജെ.പി. കണ്ടത്. അത്തരത്തില്‍ ഒരു നീക്കം തന്നെയാണ് കേരള ബി.ജെ.പി. ഘടകം ഇപ്പോള്‍ നടത്തിയിരിക്കുന്നത്.

അതായത് മുസ്ലീം ന്യൂനപക്ഷങ്ങളോട് വ്യക്തമായ അകലം പാലിക്കുകയും എന്നാല്‍ ക്രൈസ്തവ മേലാളന്‍മാരുമായി അടുത്ത് ഒരു വോട്ട് ബാങ്ക് സൃഷ്ടിച്ചെടുക്കുക എന്ന രാഷ്ട്രീയ ലക്ഷ്യത്തിലേയ്ക്കുമാണ് ബിജെപി നീങ്ങുന്നത്. കിട്ടുന്ന വിവരങ്ങള്‍ അനുസരിച്ച് കേരളത്തില്‍ ക്രൈസ്തവ സഭാ മേലധികാരികളുമായി കൂടിക്കാഴ്ച്ച അമിത്ഷായുടെ പരിപാടികളില്‍ എവിടെയും ഉണ്ടായിരുന്നുന്നില്ല. എന്നാലിപ്പോള്‍ സംഭവിച്ചിരിക്കുന്നതാകട്ടെ മറ്റൊന്നും.

റബര്‍ വിലയിടിവു തടയാന്‍ ഇറക്കുമതിച്ചുങ്കം വര്‍ധിപ്പിക്കുമെന്നും റബര്‍ അധിഷ്ഠിത ഉത്പന്നങ്ങളെ കേന്ദ്രസര്‍ക്കാരിന്റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും വിലയിടിവിനേത്തുടര്‍ന്ന് കര്‍ഷകര്‍ ബുദ്ധിമുട്ടിലായതു കേരളത്തെ വന്‍തോതില്‍ ബാധിച്ചുവെന്നുമുള്ളത് മനസിലാക്കുന്നുവെന്നും അന്ന് മോഡി പറഞ്ഞിട്ടു പോയതും ഇതേ ക്രൈസ്തവ വോട്ടുകള്‍ കണ്ടിട്ട് തന്നെയായിരുന്നു. എന്നാല്‍ പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും മിഷണറിമാര്‍ക്കെതിരെ യുദ്ധം നടത്തുന്നതും പള്ളികളുള്‍പ്പെടെ പൊളിച്ചെറിയുന്നതും കൂട്ടുകൂടാന്‍ വന്ന ഇതേ ആശയം മനസിലുള്ളവരുടെ പക്ഷക്കാരാണെന്ന വസ്തുത കേരളത്തിലെ ക്രൈസ്തവ പുരോഹിതന്മാര്‍ മറന്നു കാണാനിടയില്ല.

എന്നാല്‍ ഒരാള്‍ക്ക് ഒരു വോട്ട് എന്ന തെരഞ്ഞെടുപ്പ് ജനാധിപത്യമുള്ള നമ്മുടെ നാട്ടില്‍ ജനസംഖ്യയില്‍ മൂന്നാം സ്ഥാനം മാത്രമുള്ള ക്രിസ്ത്യാനികളെങ്ങനെ അധികാരകേന്ദ്രങ്ങളില്‍ സ്വാധീന ശക്തിയായി. കേരളത്തെ സംബന്ധിച്ച് ഇടതു പക്ഷമായാലും (പ്രത്യേകിച്ച് സി.പി.എം.) കോണ്‍ഗ്രസ് ആയാലും ആയാലും ഉന്നം വെയ്ക്കുന്നത് ന്യൂനപക്ഷ പ്രീണനം എന്നതിലേയ്ക്കാണ്. ബി.ജെ.പിയുടെ പരമ്പരാഗത വോട്ട് ബേസ് നായര്‍ വിഭാഗമായിരുന്നു. അതിനെ ഈഴവരിലേക്ക് കൂടുതല്‍ അടുപ്പിക്കാനായിരുന്നു വെള്ളാപ്പള്ളിയുമായുള്ള സൗഹൃദം. നായര്‍ വോട്ടുകള്‍ കൈവിടാതെ തന്നെ ഈ കുട്ടുകെട്ടില്‍ ചെറിയ തോതിലെങ്കിലും ഫലമുണ്ടാക്കാനും ബി.ജെ.പിക്കായി എന്നതും ശ്രദ്ദേയമാണ്.

കഴിഞ്ഞ ദിവസം പുറത്തു വന്ന വാര്‍ത്തകളില്‍ നിറഞ്ഞത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേരളത്തിലെ ക്രൈസ്തവസഭകള്‍ക്ക് വിദേശഫണ്ട് ലഭിക്കുന്നതില്‍ ക്രമക്കേടുണ്ടെന്നു പറഞ്ഞതായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സഭയ്ക്കുള്ള ആശങ്കകള്‍ കൂടിക്കാഴ്ചയിലൂടെ ബി.ജെ.പി. മുതലെടുത്തുവോ എന്നുള്ളതും കാണാതിരിക്കാനാവില്ല. എന്തായാലും വരും ദിനങ്ങളില്‍ ക്രൈസ്തവ സഭകളും പുരോഹിതരും സഭാ വിശ്വാസികള്‍ക്ക് മുമ്പില്‍ സ്വീകരിക്കാന്‍ പോകുന്ന നിലപാടുകളെ കുറിച്ച് വ്യക്തമായ ഉത്തരം കൊടുക്കേണ്ടി വരും.