ശശികലയ്ക്കും സുരേന്ദ്രനും കിട്ടിയ എട്ടിന്റെ പണി; മലയാളി ഇത്രകണ്ട് തരം താഴുന്നുവോ?…

മലയാളിയുടെ മാനസിക നില എവിടെയെത്തി നില്‍ക്കുന്നു എന്നതിന് എടുത്തു പറയാവുന്ന ഉദാഹരണങ്ങള്‍ സമീപകാല സംഭവങ്ങളില്‍ ഒരുപാടുണ്ട്. അതില്‍ ഏറ്റവും അടുത്തു കണ്ട വലിയ ഉദാഹരണമായിരുന്നു കൊലയാളിക്കുവേണ്ടി നടത്തിയ പൊതുയോഗവും ന്യായീകരണവും. വ്യക്തമായ ഉത്തരം ഇപ്പോഴും കിട്ടിയില്ലെങ്കിലും ലിംഗം ഛേദിക്കപ്പെട്ട സ്വാമി, പുറത്തിറങ്ങാന്‍ പോകുന്ന സിനിമയുടെ പേരിന്റെ നേരെയുള്ള ഭീഷണി, റേറ്റിങ്ങിനായി കെട്ടിചമച്ച് സംപ്രേക്ഷണം ചെയ്ത തേന്‍കെണി എല്ലാം മലയാളികള്‍ വളരെ ആഘോഷപൂര്‍വ്വം കൊണ്ടാടി. എതിര്‍ സ്വരങ്ങള്‍ ഉണ്ടായത് ചില കോണുകളില്‍ നിന്ന് മാത്രം.

അവനവന്റെ പ്രത്യയ ശാസ്ത്രത്തെയും ആശയങ്ങളെയുമെല്ലാം എതിര്‍ക്കുന്നവനെ ആക്രമിക്കുന്നത് കേരളത്തില്‍ ആദ്യ സംഭവമൊന്നുമല്ല. എന്നാല്‍ സൈബര്‍ യുദ്ധം കൂടി അരങ്ങു തകര്‍ക്കാന്‍ തുടങ്ങിയതോടെ എതിര്‍ക്കുന്നതിന്റെയും ആക്രമിക്കുന്നതിന്റേയും രീതിയും സ്വഭാവവും എല്ലാം മാറിയിരിക്കുന്നു.

വ്യക്തിഹത്യ എന്ന നിലയിലേയ്ക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഹിന്ദു ഐക്യ വേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികല എന്ന പ്രാസംഗിക തന്റെ പ്രസ്ഥാനത്തിനു ഗുണം വരത്തക്കവണ്ണം തന്നെയാണ് പ്രസംഗ വേദികളില്‍ സംസാരിക്കാറ് എന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. മറ്റുള്ളവരുടെ ആശയങ്ങളെ പ്രതിരോധിക്കാന്‍ കടുത്ത പദവിന്യാസങ്ങള്‍ തന്നെ മറയാക്കാറുമുണ്ട്. അതില്‍ തന്നെ വര്‍ഗീയ വിഷം വമിക്കുന്ന വിധത്തില്‍ പ്രസംഗങ്ങള്‍ ഉണ്ടാകാറുമുണ്ട് എന്നാല്‍ തുടര്‍ച്ചയായി ഇത്തരം പ്രസംഗങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുങ്ങിയതോടെ യൂട്യൂബിലുള്‍പ്പെടെ അത് അപ്‌ലോഡ് ചെയ്യപ്പെട്ടത് മറ്റു വിധത്തിലാണ്.

അതായത് അവരുടെ അതേ നിലയിലേയ്ക്കിറങ്ങി മറ്റുള്ളവരും പ്രതികരിച്ചിരിക്കുന്നു.എന്നാല്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ കൂടി പ്രചരിക്കുന്ന കാര്യങ്ങള്‍ അത്ര സുഖകരമല്ല. ഗൂഗിളില്‍ ‘നായിന്റെ മോള്‍’ എന്ന് ടൈപ്പ് ചെയ്യുമ്പോള്‍ ലഭിക്കുന്ന റിസള്‍ട്ടുകള്‍ വിരള്‍ ചൂണ്ടുന്നതും അതിലേയ്ക്കാണ്.

ആശയങ്ങള്‍ കൊണ്ട് ഏറ്റുമുട്ടേണ്ടിടത്താണ് കാര്യങ്ങള്‍ സൈബര്‍ യുദ്ധം വഴി നെറികെട്ട രീതിയിലേയ്ക്ക് എത്തി നില്‍ക്കുന്നത്. ബി.ജെ.പി. നേതാവ് കെ. സുരേന്ദ്രന്റെ കാര്യത്തിലും സ്ഥിതി വിഭിന്നമല്ല. ഗൂഗിളില്‍ ‘ഉള്ളി’ എന്ന് ഇന്‍പുട്ട് നല്‍കുമ്പോള്‍ കെ. സുരേന്ദ്രനിലേയ്ക്കാണ് ഗൂഗിള്‍ വഴിതിരിച്ചു വിടുന്നത്. അതായത് സൈബര്‍ ലോകത്തിന്റെ അനന്ത സാധ്യതകള്‍ വ്യക്തികളെ തേജോവധം ചെയ്യുന്നതിനുള്ള ഇടമായി കണ്ട് കാര്യങ്ങള്‍ മുന്നോട്ടു പോകുകയാണെന്നതു തന്നെ.

ഇങ്ങനെ പോയാല്‍ നാളെ ആര്‍ക്കും ആരെക്കുറിച്ചും എന്തും സൈബര്‍ ഇടം വഴി പ്രചരിപ്പിക്കാം എന്ന അവസ്ഥ തന്നെ വന്നു ചേര്‍ന്നേയ്ക്കും. അത് ദൂര വ്യാപകമായ പ്രത്യാഘാതങ്ങളായിരിക്കും സമൂഹത്തില്‍ സൃഷ്ടിക്കുക. ഇപ്പോള്‍ തന്നെ രാഷ്ട്രീയ അജണ്ടകള്‍ പ്രചരിപ്പിക്കാനും മതപരമായ ആശയങ്ങള്‍ പ്രചരിപ്പിക്കാനുമെല്ലാമായി ആയിരക്കണക്കിനു കമ്മ്യൂണിറ്റികളും ഗ്രൂപ്പുകളും പേജുകളുമെല്ലാമാണ് ഉള്ളത്. ഇത് വഴി പ്രചരിപ്പിക്കുന്ന പല ദൃശ്യങ്ങളും ചിത്രങ്ങളും എന്തിനേറെ പറയുന്നു വാക്കുകള്‍ പോലും നാളെ കലാപം സൃഷ്ടിക്കാന്‍ പോന്നവയുമാണ് എന്ന കാര്യം വിസ്മരിക്കരുത്.

അതു കൊണ്ട് തന്നെ സൈബര്‍ ഇടങ്ങളില്‍ പെരുമാറുമ്പോള്‍ പ്രത്യക ശ്രദ്ധ നല്‍കേണ്ടിയിരിക്കുന്നു. ഇത്തരത്തില്‍ വ്യക്തിഹത്യ നിറഞ്ഞതും രാഷ്ട്ര താത്പര്യത്തിനു നിരക്കാതുമായ കാര്യങ്ങള്‍ ഇല്ലാതെയാക്കാന്‍ നാം ഓരോരുത്തരും ശ്രദ്ധിച്ചേ മതിയാകു. ഒപ്പം കാര്യങ്ങള്‍ നോക്കാതെ തരം താണ പ്രതികരണമല്ല വേണ്ടത് ക്രിയാത്മകമായ ഇടപെടലാണ്.