ഇരട്ടച്ചങ്കുള്ള ഗ്രീസ് മാന്‍ പ്രഖ്യാപനം …!

ഈ വാര്‍ത്ത സത്യമെങ്കില്‍ നമിക്കാം നമുക്ക് ഗ്രീസ് മാന്റെ മുന്നില്‍…ആപത്തുകാലത്തു ടീമിനെ കൈവിടാത്ത ഗ്രീസ്മാന്‍.

കഴിഞ്ഞ ദിവസമാണ് ലോക സ്‌പോര്‍ട്‌സ് കോടതി അത്‌ലറ്റിക്കോ മാഡ്ഡിന്റെ അപ്പീല്‍ തള്ളിക്കൊണ്ട് 2018 വരെ പുതിയ കളിക്കാരെ ടീമില്‍ ഉള്‍പ്പെടുത്തുവാന്‍ സാധ്യമല്ലെന്ന ഫുട്‌ബോള്‍ പരമോന്നത സമിതിയുടെ ശിക്ഷ ശരിവെച്ചത്.

അതോടെയാണ് അന്റോണ്‍ ഗ്രീസ് മാന്‍ അടക്കമുള്ളവര്‍ അത്‌ലറ്റിക്കോ വിടുകയാണെങ്കില്‍ ടീമിന്റെ നില നില്പിനെത്തന്നെ അത് ബാധിച്ചേക്കാവുന്ന സ്ഥിതി വിശേഷമുണ്ടായത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡും ബയറണ്‍ മ്യുണിക്കും അടക്കം ഈ ഗോള്‍ യന്ത്രത്തെ റിക്കാര്‍ഡ് തുകക്ക് കച്ചവടം ഉറപ്പിക്കുവാനായി രംഗത്തു വരുകയും ചെയ്തിരുന്നു. മാഞ്ചസ്റ്ററിലേക്കു തന്നെ അടുത്ത സീസണ്‍ എന്ന് ഏതാണ്ട് ഉറപ്പായ ശേഷമാണ് ഇന്ന് നാടകീയമായി ഗ്രീസ് മാന്‍ തന്റെ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നതായി ഫ്രഞ്ച്, സ്പാനിഷ്, ജര്‍മന്‍ വാര്‍ത്ത ഏജന്‍സികളുടെ റിപ്പോര്‍ട്ട് പുറത്ത് വന്നത്.

‘എന്റെ ക്‌ളബ്ബിനു എന്നെ അനിവാര്യമായ സമയമാണിത്. വിധി എതിരായതോടെ ഞാന്‍ അടക്കമുള്ളവര്‍ ടീം വിടുകയാണെങ്കില്‍ അതൊരു ഡിസാസ്റ്റര്‍ ആയിത്തീരും.., എന്റെ സഹ കളിക്കാരുടെയും ടീം ആരാധകരുടെയും വ്യാകുലത ഞാന്‍ മനസിലാക്കുന്നു, അത് കണക്കിലെടുത്തു അടുത്ത സീസണിലും എന്റെ ടീമിനൊപ്പം ഞാന്‍ നിലയുറപ്പിക്കും ‘…

ഒന്ന് പറയട്ടെ…ഇരട്ടച്ചങ്കുള്ളവര്‍ക്കേ ഇത്തരം ഒരു തീരുമാനം കൈക്കൊള്ളുവാന്‍ കഴിയൂ… 2014 മുതല്‍ അത്‌ലറ്റികോയുടെ എല്ലാനേട്ടങ്ങള്‍ക്കും കാരണക്കാരനാണ് ഈ ഫ്രഞ്ച്കാരന്‍. ഒരു പന്തുകളിക്കാരന് പണവും പ്രശസ്തിയും മാത്രമല്ല വലുതെന്നും ചില മൂല്യങ്ങള്‍ കൂടി അവര്‍ കളിയോടൊപ്പം കാത്തുസൂക്ഷിക്കുന്നുവെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഗ്രീസ്മാന്റെ അത്യപൂര്‍വമായ ഈ തീരുമാനം.