ഈ പേരും ആ ഷോട്ടും മറക്കാന്‍ പറ്റുമോ?

ഇന്ത്യ പാക്കിസ്ഥാനെ നേരിടുമ്പോള്‍ അത് വെറുമൊരു ക്രിക്കറ്റ് മത്സരമല്ല എന്ന് പറഞ്ഞു പഠിപ്പിച്ചതാണ്. ദ മദര്‍ ഓഫ് ഓള്‍ ബാറ്റില്‍സ് എന്ന ഓമനപ്പേരില്‍ മീഡിയ ഉയര്‍ത്തി വിട്ട ഹൈപ്പിന് യോജിച്ച രീതിയില്‍ ഹൈ പ്രഷര്‍ എന്‌കൌണ്ടറുകള്‍ ഒരുപാട് കടന്നു പോയ കഴിഞ്ഞ കാലം. രണ്ടു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ പരമായ ഭിന്നതകള്‍ പരമാവധി മുതലെടുത്ത് വിറ്റഴിച്ച മത്സരങ്ങള്‍. അടുത്തിടെയായി മസാലകൂട്ടുകള്‍ വേണ്ട രീതിയില്‍ ഏല്‍ക്കുന്നില്ല. ഇതൊരു ക്രിക്കറ്റ് മത്സരം മാത്രമായി മാറുകയാണ്. മിയാന്‍ ദാദിന്റെ ഷാര്‍ജയിലെ സിക്‌സര്‍, കുംബ്ലെയുടെ പെര്‍ഫക്റ്റ് ടെന്‍, സുഹൈല്‍-പ്രസാദ് ഏറ്റുമുട്ടല്‍, സായിദ് അന്‍വര്‍ കളിച്ച 194 റണ്‍സിന്റെ എപ്പിക് ഇന്നിംഗ്‌സ്, ചെപ്പോക്കിനെ തീ പിടിപ്പിച്ച ടെണ്ടുല്‍ക്കര്‍ ഇന്നിംഗ്‌സ്, എന്നിങ്ങനെ ഒരുപാട് മുഹൂര്‍ത്തങ്ങള്‍.

പെട്ടെന്ന് ഓര്‍മയിലേക്ക് വരുന്നത് വേറൊരു മത്സരമാണ്. 1998ല്‍ ധാക്കയില്‍ നടന്ന ഇന്‍ഡിപെന്‍ഡന്‍സ് കപ്പ് ഫൈനല്‍. മേമ്പൊടിയായി സയിദ് അന്‍വര്‍, ഇജാസ് അഹമ്മദ്,സൌരവ് ഗാംഗുലി എന്നീ പ്രമുഖരുടെ മികച്ച ഇന്നിംഗ്‌സുകള്‍, പിഞ്ച് ഹിറ്റര്‍ റോബിന്‍ സിംഗിന്റെ തകര്‍പ്പന്‍ ഇന്നിംഗ്‌സ്… എല്ലാത്തിനും അവസാനം തിളങ്ങി നില്‍ക്കുന്നത് ഒരു ഷോട്ടാണ്. ആ ഷോട്ട് യാത്രയായത് ചരിത്രത്തിലേക്കും. ടോസ് നേടി ബാറ്റ് ചെയ്യുന്ന പാക്കിസ്ഥാന്‍. അന്‍വര്‍ -ഇജാസ് സഖ്യം പതിവ് പോലെ ഇന്ത്യന്‍ ബൌളിംഗിനെ കശാപ്പ് ചെയ്യുന്നു. ശ്രീനാഥ്, ഹര്‍വിന്ദര്‍ സിംഗ്, രാഹുല്‍ സംഗ് വി, തുടങ്ങി എല്ലാ ബൌളര്‍മാരും അടി കൊണ്ട് അവശരായിരുന്നു. ഇജാസ് വാസ് അറ്റ് ഹിസ് ബ്രൂട്ടല്‍ ബസ്റ്റ്, ഇന്ത്യന്‍ ബൌളര്‍മാരെ കാണുമ്പോള്‍ തന്നെ ഹരം പിടിച്ചിരുന്ന ഒരു ബാറ്റ്‌സ്മാന്‍. മറു വശത്ത് അന്‍വറിന്റെ ക്ലാസ് ഇവന്‍ ബെറ്റര്‍ ആയിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ 314 റണ്‍സ്.

ചേസ് ഗാംഗുലിയും സച്ചിനും കൂടെ ശ്രദ്ധാപൂര്‍വമാണ് തുടങ്ങിയത്. തട്ടലും മുട്ടലും കുറച്ചായപ്പോള്‍ ഇനഫ് ഈസ് ഇനഫ് എന്ന് സച്ചിന് തോന്നി. മുന്നില്‍ അസര്‍ മഹ്മൂദ് ആയിരുന്നു. ഒരോവറില്‍ നാല് ബൌണ്ടറികള്‍ക്ക് മഹ്മൂദിനെ പറഞ്ഞയച്ചു സച്ചിന്‍ തുടക്കമിട്ടു… ക്യാപ്റ്റന്‍ ലത്തിഫ് സഖ്‌ലെയിനു നേരെ തിരിഞ്ഞു. സഖ്‌ലെയിന്‍ സൈറ്റ് സ്‌ക്രീനിനു മുകളിലൂടെ പറന്നു പോയതോടെ അഫ്രിദി വന്നു. സച്ചിന്‍ വീണപ്പോള്‍ ജോലി ഗാംഗുലിയും റോബിന്‍ സിംഗും ഏറ്റെടുത്തു. ഗാംഗുലിയുടെ മനോഹരമായ ഇന്നിംഗ്‌സ്. പന്തുമായി അഫ്രിദി, സ്റ്റെപ്പ് ഔട്ട് ചെയ്യുന്ന സൌരവ് ഗാംഗുലി. പില്‍ക്കാലത്ത് അയാളുടെ ആരാധകരെ കൊതിപ്പിച്ച, മോഹിപ്പിച്ച വിഖ്യാതമായ ആ വിന്റെജ് ദ്ര്യശ്യം. രണ്ടു സ്റ്റെപ്പ് എടുത്തിട്ടു ഹൈ ബാക്ക് ലിഫ്റ്റ്, ബാറ്റിന്റെ ഫുള്‍ ഫ്‌ലോ. Bapi, bari jaa (go home, kid) എന്ന് ബംഗാളിയില്‍ അവര്‍ പറയുന്ന അതെ ഷോട്ട്. ഷാഹിദ് ഖാന്‍ അഫ്രിദിയുടെ പന്ത് ഗാലറിയിലേക്ക്. സൌരവ് ഒരു സ്വപ്നം പോലെ ക്രീസില്‍ ഒഴുകുകയാണ്. മനോഹരങ്ങളായ കവര്‍ ഡ്രൈവുകള്‍ അകമ്പടിയായുണ്ട്. കൂടെ റോബിന്‍ സിംഗ് എന്ന പോരാളിയും. പതിയെ ഇന്ത്യ വിജയത്തോടടുക്കുമ്പോള്‍ ഗാംഗുലിയും റോബിനും വീണതോടെ ഇന്ത്യ തകരുകയാണ്, അവിശ്വസനീയമാം വിധത്തില്‍. ഒരു വിക്കറ്റ് നഷ്ടത്തില്‍ 250 എന്ന നിലയില്‍ നിന്നും 296നു 6 എന്ന നിലയിലേക്ക് പതിക്കുന്ന ഇന്ത്യന്‍ ബാറ്റിംഗ് നിര. പൊരുതാതെ മടങ്ങുന്ന അസറും, സിദ്ദുവും ജടെജയും, ഇതാണ് അവിശ്വസനീയതയുടെ ഹൈലൈറ്റ്. അവിടെയാണു സംശയം ഉയര്‍ന്നതും.. ആന്‍ഡ് ദെന്‍ നിര്‍ണായകമായ ആ രണ്ടു പന്തുകളിലെക്ക് ചുരുങ്ങുന്ന മത്സരം.

ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത് 2 പന്തില്‍ നിന്നും 3 റണ്‍സ്. എറിയുന്നത് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഓഫ് സ്പിന്നര്‍മാരില്‍ ഒരാള്‍. സഖ്‌ലെയിന്‍ മുഷ്താഖ്. നേരിടുന്നത് തന്റെ രണ്ടാമത്തെ മാത്രം അന്താരാഷ്ട്ര മത്സരം കളിക്കുന്ന ഹ്ര്യഷികേശ് കനിത്കര്‍. സഖ് ലെയിന്റെ അഞ്ചാമത്തെ പന്ത് ദൂസ് രയാണ്. റീഡ് ചെയ്യുക മാത്രമല്ല അഗെയിനിസ്റ്റ് ദ സ്പിന്‍ ഒരു സ്ലോഗ് സ്വീപ്പിലൂടെ കനിത്കര്‍ പന്ത് ബൌണ്ടറി കടത്തുമ്പോള്‍ കണ്ടിരുന്നവരില്‍ അതുണ്ടാക്കിയ ഇമ്പാക്റ്റ് ഇന്നതോര്‍മിക്കുമ്പോള്‍ പോലും ഗൂസ് ബംപ്‌സ് വിട്ടൊഴിയുന്നില്ല എന്നതില്‍ നിന്നു മനസ്സിലാക്കാം.

12 കൊല്ലം മുന്നേ ഷാര്‍ജയില്‍ ചേതന്‍ ശര്‍മയെ സിക്‌സര്‍ പറത്തി ജാവേദ് ഭായ് ഏല്‍പ്പിച്ച ആഘാതം പതിയെ ഒഴിഞ്ഞു പോകുകയായിരുന്നു. ഒരു പക്ഷെ ആ കാലഘട്ടത്തില്‍ ജനിച്ച ഇന്ത്യന്‍ ആരാധകര്‍ക്ക് പിന്നീടൊരിക്കലും ഷാര്‍ജയിലെ സിക്‌സര്‍ intimidating ആയൊരു അനുഭവമായിരുന്നില്ല… 17 വര്‍ഷത്തോളം നീണ്ടു നിന്ന ഫസ്റ്റ് ക്ലാസ് കരിയര്‍. രഞ്ജിയില്‍ വസിം ജാഫറിനും അമോല്‍ മജുംദാറിനുമൊക്കെ പിന്നില്‍ റണ്‍ വേട്ടയില്‍ അഞ്ചാമത് നില്‍ക്കുന്ന മനുഷ്യന്‍. അവസാനം ബാക്കിയാകുന്നത് ഒരൊറ്റ ഷോട്ട്. സന്തോഷവാനാണോ എന്ന ചോദ്യം കേള്‍ക്കുമ്പോള്‍ കനിത്കര്‍ നിശബ്ദനാണ്. എവിടെയാണ് പിഴച്ചത് എന്ന ചോദ്യത്തിനു ചിലര്‍ പറയുന്ന ഉത്തരം എത്തി നില്‍ക്കുന്നത് ആ ഒരൊറ്റ ഷോട്ടില്‍ തന്നെയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് കോഴയുടെ ചെളിക്കുണ്ടില്‍ മുങ്ങിയ കാലഘട്ടത്തില്‍ ഫിക്‌സ് ചെയ്യപ്പെട്ട ഒരു മത്സരം ബുക്കികളെ ഞെട്ടിച്ചു കൊണ്ട് അട്ടിമറിച്ച ചെറുപ്പക്കാരന്‍ തന്റെ ശവക്കുഴി തോണ്ടുകയായിരുന്നുവോ? രാജ്യത്തെ ക്രിക്കറ്റ് പ്രേമികള്‍ ഒരു ഹീറോയെ പോലെ കൊണ്ടാടിയ കനിത്കര്‍ എന്ന അന്നത്തെ ചെറുപ്പക്കാരന്‍ തന്റെ കരിയര്‍ തന്നെയാണ് ആ ഒരൊറ്റ ഷോട്ടില്‍ ബലി കഴിച്ചതെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. ശ്വാസമടക്കി പിടിച്ചു അന്നാ മത്സരം കണ്ടിരുന്ന ഓരോ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമിക്കും ഇന്നും അയാള്‍ ഹീറോ തന്നെയാണ്…

ഷോട്ട് ആഘോഷിക്കപ്പെട്ടു കൊണ്ടിരുന്നു 2 ടെസ്റ്റുകളും 34 ഏകദിനങ്ങളും കളിച്ചു കനിത്കര്‍ ആരും ശ്രദ്ധിക്കാതെ അപ്രത്യക്ഷനായി. നോ റിഗ്രറ്റ്‌സ് എന്ന് പറയുന്നതിനൊപ്പം ഒരു പക്ഷെ രവി ശാസ്ത്രിയെ പോലൊരു മെന്റര്‍ ഉണ്ടായിരുന്നെങ്കില്‍ തന്റെ കരിയര്‍ എവിടെയെങ്കിലും എത്തുമായിരുന്നു എന്നൊരിക്കല്‍ പകുതി കളിയായും പകുതി കാര്യമായും കനിത്കര്‍ പറഞ്ഞിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റില്‍ അത്തരമൊരു അവസ്ഥ അദ്ഭുതകരമായ കാര്യമൊന്നുമല്ല. കനിത്കര്‍ക്ക് ടാലന്റ് ഉണ്ടായിരുന്നില്ല എന്ന് മാത്രം പറയാന്‍ നമുക്ക് സാധിക്കില്ല. ഇന്ത്യ-പാക് ക്രിക്കറ്റ് ചരിത്രത്തിലെ തിളങ്ങുന്ന അദ്ധ്യായമായ ആയൊരു ഷോട്ട് ഒരു ഫിനിഷറുടെ ടാഗ് കൊണ്ട് വന്നതിനൊപ്പം ടോപ് ഓര്‍ഡറില്‍ സ്ഥാനം നിഷേധിക്കുക കൂടെ ചെയ്തതാണ് കനിത്കര്‍ വീണു പോകാന്‍ കാരണമെന്നും ഒരഭിപ്രായമുണ്ട്. റിയലിസ്റ്റിക് ആയൊരു എക്‌സ്പ്ലനേഷന്‍ ആണത്.

രണ്ടായിരാമാണ്ടില്‍ ഗ്ലെന്‍ മഗ്രാത്ത്, ഡാമിയന്‍ ഫ്‌ലെമിംഗ്, ബ്രെറ്റ് ലീ, ഷെയിന്‍ വോണ്‍ എന്നിവരടങ്ങിയ ഒരു ടോപ് ക്വാളിറ്റി ആക്രമണത്തെ നേരിട്ട് നേടിയ 45 റണ്‍സിന്റെ വിലപ്പെട്ട ഒരു ഇന്നിംഗ്‌സ് പോലും 2 ടെസ്റ്റിനപ്പുറമുള്ള ഒരു ടെസ്റ്റ് കരിയര്‍ നല്‍കിയതുമില്ല. കനിത്കര്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ കോഴക്കളി നിയന്ത്രിച്ച സിന്‍ഡിക്കെറ്റിന്റെ ഇരയാകുകയായിരുന്നു എന്ന വാദം പൂര്‍ണമായും നിഷേധിക്കാനും കഴിയില്ല. കോണ്‍സ്പിറസി തിയറിയുടെ സത്യമെന്തായാലും അയാള്‍ക്ക് വേണ്ടി അധികമാരും ശബ്ധിച്ചതുമില്ല. നമുക്ക് മുന്നില്‍ കനിത്കര്‍ ഇന്നുമുണ്ട്. ഓര്‍മകളില്‍ മായാതെ നില്‍ക്കുന്ന ഒരേയൊരു ഷോട്ടുമായി.