ബ്രിട്ടനില്‍ ഭീകരാക്രമണം ; ആക്രമണം നടന്നത് ലണ്ടന്‍ ബ്രിഡ്ജില്‍ ; ആറുപേര്‍ കൊല്ലപ്പെട്ടു

രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് ലണ്ടനില്‍ വീണ്ടും ഭീകരാക്രമണം. മാഞ്ചസ്റ്റര്‍ ഭീകരാക്രമണത്തിന്റെ ഞെട്ടല്‍ മാറും മുന്‍പാണ് ലണ്ടനില്‍ വീണ്ടും ഭീകരാക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു.

ലണ്ടന്‍ ബ്രിഡ്ജില്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് തീവ്രവാദികള്‍ വാന്‍ ഓടിച്ചുകയറ്റുകയായിരുന്നു. 20 ഓളം പേരെ ഇടിച്ചുവീഴ്ത്തിയ ശേഷം വാന്‍ ഒരു ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറ്റ നിര്‍ത്തിയ ശേഷം പുറത്തിറങ്ങിയ തീവ്രവാദികള്‍ ആളുകളെ കുത്തിവീഴ്ത്തുകയായിരുന്നു. മൂന്ന് അക്രമികളേയും ലണ്ടന്‍ ബ്രിഡ്ജില്‍ വച്ച് തന്നെ പോലീസ് വെടിവെച്ചു കൊന്നു. നിരവധി പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു.

സംഭവത്തെ തുടര്‍ന്ന് ബ്രിഡ്ജ് താല്‍ക്കാലികമായി അടച്ചു. അതേസമയം ബോറോ മാര്‍ക്കറ്റില്‍ അക്രമികള്‍ ആളുകളെ കുത്തിവീഴ്ത്തിയതായും റിപ്പോര്‍ട്ടുണ്ട്. കത്തിയുമായി അക്രമം നടത്തിയവര്‍ക്ക് നേരെ പോലീസ് വെടിയുതിര്‍ത്തു. ജൂണ്‍ എട്ടിന് നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായാണ്  ലണ്ടനില്‍ തീവ്രവാദികള്‍ വീണ്ടും ആക്രമണം നടത്തിയതെന്നാണ് സൂചന. രണ്ടാഴ്ചകള്‍ക്ക് മുമ്പ് പോപ്പ് ഗായികയുടെ സംഗീത പരിപാടിക്കിടെ മാഞ്ചസ്റ്ററില്‍ ചാവേര്‍ ഭീകരാക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടിരുന്നു.