ഖത്തറിനെതിരായ രാജ്യങ്ങളുടെ നടപടി; ഇന്ത്യയെ ബാധിക്കില്ലെന്നു വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്

ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് ഖത്തറിനെ ഒറ്റപ്പെടുത്താനുള്ള സൗദി,യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ നീക്കം ഇന്ത്യയെ ബാധിക്കില്ലെന്നു വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞു. ഖത്തറുമായുള്ള ഇന്ത്യ ബന്ധത്തെയോ കരാറുകളേയോ ഇത് ബാധിക്കില്ലെന്നും സുഷമ സ്വരാജ് വ്യക്തമാക്കി.

ഖത്തറുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ അവസാനിപ്പിക്കുന്നതായി സൗദി അറേബ്യയും ഈജിപ്തും ബഹ്‌റൈനും യു.എ.ഇയും നേരത്തെ വ്യക്തമാക്കിയിരുന്നു.

 

തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും അപകടത്തില്‍ നിന്നും ദേശീയ സുരക്ഷയെ സംരക്ഷിക്കാന്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ അവസാനിപ്പിക്കുന്നു എന്നാണ് സൗദി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് സൗദി വാര്‍ത്താ ഏജന്‍സിയായ എസ്.പി.എ. റിപ്പോര്‍ട്ടു ചെയ്തത്.

ഖത്തറുമായുളള എല്ലാ കോണ്‍സുലാര്‍ ബന്ധങ്ങളും അവസാനിപ്പിച്ചതായും എല്ലാ അതിര്‍ത്തികളും അടച്ചതായും സൗദി സര്‍ക്കാറിനെ ഉദ്ധരിച്ച് എസ്.പി.എ റിപ്പോര്‍ട്ടു ചെയ്യുന്നു.സൗദി സര്‍ക്കാറിന്റെ നടപടി അനുകരിച്ച് യു.എ.ഇയും പിന്നാലെ ഈജിപ്ത് വിദേശകാര്യ മന്ത്രാലയവും രംഗത്തുവന്നു. ഖത്തറിനു മുമ്പില്‍ എല്ലാ എയര്‍പോര്‍ട്ടുകളും തുറമുഖങ്ങളും അടഞ്ഞുകിടക്കുമെന്ന് ദോഹ സര്‍ക്കാറും വ്യക്തമാക്കിയിരുന്നു.