ഇന്ത്യയുടെ പിടികിട്ടാപുള്ളി ദാ ഇവിടെയുണ്ട്; ഇന്ത്യ പാക് മത്സരം കാണാന്‍ മല്ല്യയും

ഇന്നലെ നടന്ന ഇന്ത്യാ-പാക് ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് മത്സരം കാണാന്‍ ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വിജയ് മല്ല്യയും. കോടികളുടെ സാമ്പത്തിക തിരിമറി നടത്തിയ കേസില്‍ പ്രതിയായി ഇന്ത്യയില്‍ നിന്നും ഇംഗ്ലണ്ടിലേക്ക് കടന്നിരുന്നു. മല്ല്യ വെളുത്ത കോട്ടണിഞ്ഞ് ബര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണ്‍ സ്‌റ്റേഡിയത്തിലെ ഗ്യാലറിയിലിരുന്ന് മത്സരം വീക്ഷിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയായ മല്ല്യയെ തിരിച്ച് നാട്ടിലെത്തിക്കാന്‍ ശ്രമിക്കുകയാണെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ അവകാശവാദം. ശാന്തനായി ഇരുന്ന് കളി കാണുന്ന മല്ല്യയാണ് ഒരു ചിത്രത്തിലെങ്കില്‍, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുനില്‍ ഗവാസ്‌കറിനൊപ്പമുള്ളതാണ് മറ്റൊരു ചിത്രം.

ഐ.പി.എല്‍. ടീമായ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന്റെ ഉടമയായിരുന്ന മല്ല്യ സാമ്പത്തിക തട്ടിപ്പ് കേസിനെ തുടര്‍ന്നാണ് ടീം മേധാവിസ്ഥാനം ഒഴിഞ്ഞത്.നേരത്തെ ലണ്ടനില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സംഘടിപ്പിച്ച ഒരു പുസ്തക പ്രകാശനച്ചടങ്ങില്‍ മല്ല്യ പങ്കെടുത്തതും നേരത്തെ വിവാദമായിരുന്നു. സദസ്സില്‍ വിജയ് മല്ല്യയെ കണ്ട ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി നീരസം പ്രകടിപ്പിച്ചു കൊണ്ട് സദസ്സില്‍ നിന്നിറങ്ങിപ്പോയതായും റിപ്പോര്‍ട്ടുണ്ട്.

60 വയസുകാരനായ കിംഗ് ഫിഷര്‍ മുതലാളി, കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന് വേണ്ടി ഭീമന്‍ തുക 17 ബാങ്കുകളില്‍ നിന്ന് വായ്പ എടുത്തത്. കിംഗ് ഫിഷര്‍ നഷ്ടത്തിലായി പൂട്ടിപ്പോവുകയും ചെയ്തതോടെ മല്യ വായ്പ തുക തിരിച്ചടച്ചില്ല. ദേശസാല്‍കൃത ബാങ്കുകള്‍ നിയമ നടപടി സ്വീകരിച്ചതോടെ മാര്‍ച്ച് രണ്ടിന് വിജയ് മല്യ ഇന്ത്യയില്‍ നിന്ന് മുങ്ങി.കഴിഞ്ഞ നവംബറില്‍ പ്രധാന മന്ത്രി നരേന്ദ്ര മോഡി മല്ല്യയെ തിരിച്ച് ഇന്ത്യയിലെത്തിക്കേണ്ട ആവശ്യകതയെ ഇംഗ്ലീഷ് പ്രധാന മന്ത്രി തെരെസാ മെയിനെ കണ്ട് വിശദീകരിച്ചിരുന്നു.