നഗരത്തിന്റെ മുഖഛായ മാറ്റി അത്യാധുനിക കൊച്ചി മെട്രോ

കൊച്ചി: മെട്രോയിലേറി പായാന്‍ വെമ്പുന്ന കൊച്ചിക്ക് യാത്രയുടെ പുതിയമുഖം. ഒരേസമയം 3 കോച്ചുകളിലായി 136 പേര്‍ക്ക് മണിക്കൂറില്‍ 98 കിലോമീറ്റര്‍ വേഗതയില്‍ വരെ പായാന്‍ കഴിയുന്ന അത്യാധുനിക രൂപമാണ് കൊച്ചി മെട്രോയ്ക്ക്.

പ്രാരംഭദിശയില്‍ കൊച്ചിയിലെ ശരാശരി വേഗം പക്ഷേ, 35-40kmph ആക്കി നിജപ്പെടുത്തിയിട്ടുണ്ട്. അതിവേഗ തീവണ്ടികള്‍ നിര്‍മിക്കുന്ന ആല്‍സ്റ്റോം എന്ന ഫ്രഞ്ച് കമ്പനിയാണ് കൊച്ചി മെട്രോയുടെ കോച്ചുകളുടെ നിര്‍മ്മാണം നടത്തിയിരിക്കുന്നത്.

റീജനറേറ്റീവ് ബ്രേക്കിങ് സിസ്റ്റം, സമീപഭാവിയില്‍ ഡ്രൈവര്‍ലെസ്സ് ആക്കാവുന്ന കണ്‍ട്രോള്‍ സിസ്റ്റം തുടങ്ങി ഒട്ടേറെ സവിശേഷതകളോടെ എത്തുന്ന കൊച്ചി മെട്രോയില്‍ ടൂറിസം പ്രൊമോഷനും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൊച്ചി കാണാനിറങ്ങുന്ന സഞ്ചാരികള്‍ക്ക് ചുറ്റിനടക്കാന്‍ സൈക്കിള്‍ ഏര്‍പ്പെടുത്തുക വഴിയാണിത് സാധ്യമാക്കിയിരിക്കുന്നത്.

സ്റ്റേഷനുകള്‍ കര-ജല മാര്‍ഗ്ഗങ്ങളിലുള്ള മറ്റു ട്രാന്‍സ്പോര്‍ട് സൗകര്യങ്ങളുമായും ബന്ധപ്പെടുത്തിയിട്ടുണ്ട്. പൂര്‍ണ്ണമായും സൗരോര്‍ജ്ജമാവും സ്റ്റേഷനുകളില്‍ ഉപയോഗിക്കുക. കേരളത്തനിമയുള്ള വരകളും ചിത്രങ്ങളും ആലുവ മുതല്‍ പേട്ട വരെയുള്ള 22 സ്റ്റേഷനുകളെ വര്‍ണ്ണാഭമാക്കും.