നോമ്പിന്‍ നൊമ്പരങ്ങള്‍

നോമ്പുകാലം തുടങ്ങിയാല്‍ നാട്ടിലെങ്ങും ഉത്സവലഹരിയാണ് സമ്പന്നന്‍ മുതല്‍ സാധാരണക്കാരന്‍ വരെ
ഒരുക്കങ്ങള്‍ തുടങ്ങും , പക്ഷെ ഒരു മുന്നൊരുക്കവും ഇല്ലാതെ നോമ്പുകാലത്തെ പ്രതീക്ഷിച്ചു കഴിയുന്ന
ചില ആളുകള്‍ നമ്മുക്ക് ചുറ്റുമുണ്ട് നമ്മുടെ അയല്‍പക്കത്തും കാണും അത്തരക്കാര്‍. വീട്
വെള്ളപൂശാന്‍ ചുമരുകള്‍ ഇല്ലാത്തവര്‍ , വിവിധതരം പലഹാരങ്ങള്‍ കഴിക്കാന്‍ ആഗ്രഹമില്ലാത്തത്
കൊണ്ടല്ല അതിനുള്ള വക കണ്ടെത്താന്‍ പ്രയസപെടുന്നവര്‍ , അത് കൊണ്ടു തന്നെ നോമ്പ്
തുടങ്ങുന്നതിന്റെ ദിവസങ്ങള്‍ക്കു മുമ്പ് അരി നനച്ചു ഉണക്കി മില്ലുകളില്‍ കൊണ്ടുപോയി പൊടിച്ചു കൊണ്ടുവരുന്നവരുടെ കൂട്ടത്തില്‍ ഇവരുണ്ടാവില്ല
ഇറച്ചിക്കടകളുടെ തിക്കിലും തിരക്കിലും ഇവരെ
നമ്മള്‍ കാണില്ല പുതുവസ്ത്രം എടുക്കാന്‍ മുന്തിയ തുണിക്കടകള്‍ക്കുള്ളില്‍ നമ്മുക്കിവരെ കാണാന്‍
കഴിയില്ല , പെരുന്നാള്‍ ദിവസം ഇവരുടെ വീടുകളില്‍ നിന്നും കളിചിരികള്‍ നമ്മളാരും കാണില്ല
എങ്കിലും ചില സ്ഥലങ്ങളില്‍ നമ്മുക്കിവരെ കാണാം
ബാങ്ക് വിളിച്ചതും പള്ളിയില്‍ മുന്‍നിരയില്‍ നിസ്‌കരിക്കാന്‍ ആദ്യം എത്തുന്നവരുടെ കൂട്ടത്തില്‍ ,
പള്ളിയില്‍ അസര്‍ നമസ്‌കാരത്തിനു ശേഷം വിതരണം ചെയ്യുന്ന ജീരകകഞ്ഞി വാങ്ങുവാന്‍ കയ്യിലൊരു
പാത്രവുമായി ഒഴിഞ്ഞ മൂലയില്‍ ഇവരുണ്ടാവും , നാട്ടിലെ സമ്പന്നന്‍മാരുടെ വീടിന്റെ പടിവാതില്‍ക്കല്‍
സക്കാതെന്ന പേരില്‍ നല്‍കുന്ന നാണയ തുട്ടുകള്‍ക്ക് വേണ്ടി മണിക്കുറുകളോളം വീടിന്റെ
വരാന്തയിലേക്ക് കണ്ണും നട്ടിരിക്കുന്ന ആള്‍ക്കുട്ടത്തില്‍ പ്രതീക്ഷയോടെ ഇവരുണ്ടാവും .
ചെറുകൂലിവേലകള്‍ ചെയ്തു ജീവിതം തള്ളിനീക്കുന്ന ഇത്തരക്കാര്‍ നോമ്പ് കാലമായാല്‍ സക്കത്തിനു
വേണ്ടി ദിക്കറിയാതെ സഞ്ചരിക്കും , ഈ മാസത്തെ സക്കാത്ത് വരുമാനം കൊണ്ട് വരാന്‍ പോകുന്ന
ചില മാസങ്ങള്‍ പട്ടിണിയില്ലാതെ കഴിയാം എന്നതുമാത്രമാവും ഇവരുടെ ലക്ഷ്യം
മകളുടെ നിക്കാഹിനു വേണ്ടി ഒരു പവന്‍ പൊന്നെങ്കിലും വാങ്ങണം എന്ന ആഗ്രഹത്തോടെ ഭാര്യയും
ഭര്‍ത്താവും ഒരു മാസം മുഴുവന്‍ സക്കത്തിനു വേണ്ടി ബസ്സുകള്‍ മാറി മാറി കയറിപോകുന്ന കാഴ്ച ഞാന്‍ കണ്ടിട്ടുണ്ട് , അവസാനം രണ്ട് ഗ്രാമിന്റെ ഒരു കൊച്ചു കമ്മല്‍ വാങ്ങാനുള്ള വക മാത്രമേ
ലഭിച്ചുള്ളൂവെങ്കിലും ഇന്ഷാ അള്ള അടുത്തവര്‍ഷം റമദാന്‍ വരുമ്പോള്‍ ഇതു നാല് ഗ്രാമാക്കി
വലുതാക്കാം എന്ന് പറഞ്ഞ കാദര്‍ ഇക്കാനെ പോലുള്ളവര്‍ കേരളത്തില്‍ ആയിരങ്ങള്‍ ഉണ്ടാവും .
നാട്ടിലെ കനാല്‍ വരമ്പില്‍ പുറമ്പോക്കില്‍ കുടില്‍ കെട്ടി താമസിക്കുന്ന സാറ അമ്മായിക്ക് നോമ്പുകാലം
ഒത്തിരി പ്രതീക്ഷകളുടെ വസന്ത കാലമാണ്. ഒന്നോ രണ്ടോ ആട്ടിന്‍ കുട്ടികളോ കഴിയുമെങ്കില്‍ ഒരു പശുവോ
വാങ്ങണം എന്നായിരിക്കും അവരുടെ ആഗ്രഹം , സാറ അമ്മായിക്ക് മക്കളില്ല , എഴുപതു കടന്ന മീരാന്‍
സഹിബാണ് ഭര്‍ത്താവ്, ചില്ലറ ആരോഗ്യ പ്രശ്‌നങ്ങള്‍ മാത്രമാണ് ഉള്ളതെങ്കിലും ദീര്‍ഘ ദൂര യാത്രക്കൊന്നും
മീരാന്‍ സാഹിബിനു കഴിയില്ല അത് കൊണ്ടു സാറ അമ്മായി നാട്ടില്‍ ഉള്ള കാദര്‍ ഇക്കാന്റെയും സാലി
താത്തയുടെയും കൂടെയാണ് സക്കാത്തിനു പോകാറുള്ളത് , കാലത്ത് അഞ്ചു മണിക്കുള്ള ബസ്സില്‍
കൈയ്യിലൊരു കൊച്ചു സഞ്ചിയുമായി ഇവര്‍ യാത്ര പുറപെടും വീടുകളില്‍ നിന്നും നല്‍കുന്ന പഴയ
വസ്ത്രങ്ങളോ അരിയോ സൂക്ഷിക്കാന്‍ വേണ്ടിയാവും ആ സഞ്ചി , രാത്രി 9.45ന് അവസാന ബസില്‍ തളര്‍ന്നു
അവശരായി ഇവര്‍ ഇറങ്ങി പോകുന്നത് സ്ഥിരം കഴിച്ചയാണ്. ചില ദിവസങ്ങളില്‍ ഇവര്‍ അവസാന
ബസില്‍ വരാറില്ല മലപ്പുറമോ തൃശൂരോ പോയതാണെന്ന് പിറ്റേ ദിവസം ഉമ്മാനോട് പറയുന്നത് കേട്ടിട്ടുണ്ട്
ചില ദിവസങ്ങളില്‍ ബസ് ചാര്‍ജിനുള്ള പൈസ പോലും കിട്ടിയില്ലന്ന് പറഞ്ഞ് സാറ അമ്മായി ചിരിക്കും,
എനിക്കൊരു മകനെയെങ്കിലും പടച്ചവന്‍ നല്‍കിയിരുന്നെങ്കില്‍ ഇങ്ങനെ നാടുനീളെ യാചിക്കാന്‍
പോകേണ്ടിയിരുന്നോ എന്ന് പറഞ്ഞും സാറ അമ്മായി കരയുന്നത് ഒരുപാട് തവണ ഞാന്‍ കേട്ടിട്ടുണ്ട് . സാറ
അമ്മായിക്കും മീരാന്‍ സാഹിബിനും അടുത്ത ബന്ധുക്കള്‍ ആരും നാട്ടില്‍ ഇല്ല , ചില അകന്ന ബന്ധുക്കള്‍
മാത്രം അതും പല ദിക്കുകളില്‍ താമസിക്കുന്നു.
ഞാന്‍ കഴിഞ്ഞ അവധിക്ക് പോയപ്പോള്‍ സാറ അമ്മായിയെ കണ്ടിരുന്നു , വളരെ ക്ഷീണിതയയിരിക്കുന്നു
ഇനി കൂടുതല്‍ ദൂരം സഞ്ചരിക്കാനോ ചെറിയ ജോലികള്‍ ചെയ്യാനോ എന്നെ കൊണ്ടു കഴിയില്ല മീരാന്‍ മാമു
രോഗം മൂലം കിടപ്പിലാണ് ഇനി നിങ്ങളൊക്കെ വേണം ഞങ്ങള്‍ക്ക് ഭക്ഷണം നല്‍കി സംരക്ഷിക്കാന്‍ എന്നും
പറഞ്ഞു കരഞ്ഞപ്പോള്‍ ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ നിശബ്ദനായി നില്‍ക്കുമ്പോള്‍ ഏതു സമയത്തും
നിങ്ങള്‍ക്കു ഈ വീട്ടിലേക്കു വരാം ഇവിടെയുള്ളതെല്ലാം നിങ്ങള്‍ക്കു കഴിക്കാം മരുന്നുകള്‍ വേണമെങ്കില്‍
എന്നോട് പറയു ഞങ്ങള്‍ ഉണ്ട് നിങ്ങള്‍ക്ക് പേടിക്കണ്ട എന്ന് ഉമ്മ ആശ്വസിപ്പിക്കുന്നത് കേട്ടപ്പോള്‍ ഉമ്മാനോട്
എനിക്ക് ബഹുമാനംകൂടി …
ഏകദേശം ഒരാഴ്ച കഴിഞ്ഞു കാണും ഞാനും കൂട്ടുകാരും മൈസൂര്‍ വിനോദയാത്രയ്ക്ക് പോയതായിരുന്നു
നാട്ടില്‍ നിന്നും കൂട്ടുകാര്‍ ഫോണ്‍ ചെയ്തു പറഞ്ഞു ഒരു മരണ വാര്‍ത്ത ഉണ്ട് നമ്മുടെ മീരാന്‍ മാമു
മരണപെട്ടിരിക്കുന്നു ഇന്നാലില്ലാഹ്.. ഞങ്ങള്‍ ഉടനെ നാട്ടിലേക്ക് തിരിച്ചു കനാല്‍ വരമ്പിലെ കുടിലിനു മുമ്പില്‍
തുണി പന്തല്‍ ഒരുക്കിയിരിക്കുന്നു. മീരാന്‍ സാഹിബിന്റെ മരണാന്തര ചടങ്ങുകളെല്ലാം കഴിഞ്ഞു നാട്ടുകാരും
അകന്ന ബന്ധുക്കളുമെല്ലാം തിരിച്ചു പോയി സാറ അമ്മായിയുടെ വകയില്‍ ഒരു അനിയത്തി കൂടെ ഉണ്ട്
ചില ദിവസങ്ങള്‍ കൂട്ടിനുണ്ടാവും ഞാനും കൂട്ടുകാരും ആ കുടിലിനകത്തേക്ക് പ്രവേശിച്ചു സാറ അമ്മായി
കരഞ്ഞു തളര്‍ന്നു കട്ടിലില്‍ കിടക്കുന്നു , ഞങ്ങള്‍ വിഷമത്തോടെ അവിടെ നിന്നു ചിലരൊക്കെ
ആശ്വസിപ്പിക്കുന്നു ഇനി ശിഷ്ഠ ജീവിതകാലം മുഴുവന്‍ ഏകയായി ആ കുടിലില്‍ കഴിയേണ്ടി വരുന്ന സാറ
അമ്മായിയുടെ അവസ്ഥ അവിടെ കൂടി നിന്നവരിലെല്ലാം കണ്ണീര്‍ പടര്‍ത്തി . കുറച്ചു നേരം കഴിഞ്ഞപ്പോള്‍
സാറ അമ്മായി മെല്ലെ എണീറ്റു അവിടെ കൂടി നിന്നവരെ നോക്കി ചോദിച്ചു എന്റെ ഭര്‍ത്താവിന്റെ
മരണാന്തര കര്‍മ്മങ്ങളുമായി ബന്ധപെട്ടു എത്ര രൂപ ചിലവായിട്ടുണ്ട്? ഞങ്ങളെല്ലാം ഒരുമിച്ചു പറഞ്ഞു
അതൊന്നും ഓര്‍ത്ത് അമ്മായി വിഷമിക്കണ്ട അതെല്ലാം ഭംഗിയായി നടന്നിട്ടുണ്ട് നിങ്ങളുടെ ബന്ധുക്കള്‍ തന്നെ
അതേറ്റെടുത്തു നാട്ടുകാരെ കൊണ്ടു പോലും ചിലവാക്കാന്‍ അവര്‍ സമ്മതിച്ചില്ല .സാറ അമ്മായി ഞങ്ങളെ
നോക്കി ചെറിയ ശബ്ധത്തില്‍ പറഞ്ഞു എന്റെ ഭര്‍ത്താവിന്റെ മരണാന്തര കര്‍മങ്ങള്‍ക്ക് വേണ്ടി എത്ര രൂപ
ചിലവായിട്ടുണ്ടോ അത് ഞാന്‍ തരാം ദയവു ചെയ്ത് ആരും നിക്ഷേപിക്കരുത് അതെന്റെയും ഭര്‍ത്താവിന്റെയും ആഗ്രഹമാണ് എന്ന് പറഞ്ഞു പൊട്ടി കരഞ്ഞു .
ഞാന്‍ ചെറിയ ജോലികള്‍ ചെയ്തും സക്കാതിനു പോയി മിച്ചം വരുന്ന തുക സൂക്ഷിച്ചു വെച്ചിട്ടുണ്ട് അത്
ഞങ്ങള്‍ മരിക്കുമ്പോള്‍ മരണാന്തര കര്‍മ്മങ്ങള്‍ക്ക് വേണ്ടി മാറ്റി വെച്ചതാണ് ഞങ്ങള്‍ ജീവിക്കുന്ന
കാലത്തോളം മറ്റുള്ളവരെ ബുദ്ധിമുട്ടിച്ചു മരിക്കുന്ന സമയത്തെങ്കിലും മറ്റുള്ളവരെ ബുദ്ധിമുട്ടികാതെ
മരിക്കാന്‍ ആഗ്രഹം അത് കൊണ്ട് നിങ്ങള്‍ ചിലവായ പൈസ സ്വീകരിക്കണം എന്ന് പറഞ്ഞപ്പോള്‍ അത്
നിരസിക്കാന്‍ അവിടെ ഉണ്ടായിരുന്നവര്‍ക്ക് കഴിഞ്ഞില്ല . സാറ അമ്മായി ഇങ്ങനെ ലഭിക്കുന്ന തുകകള്‍
സ്വരൂപിച്ചു സംരക്ഷിച്ചിരുന്നത് അവരുടെ മരണാന്തര കര്‍മങ്ങള്‍ക്ക് വേണ്ടി ആയിരുന്നു.
നോമ്പുകാലങ്ങളില്‍ നമ്മുടെ വീടിനു മുന്നില്‍ ഇതുപോലെ നൂറുകണക്കിന് ആളുകള്‍ വരുമ്പോള്‍
ചിലരെങ്കിലും അവരെ അവിശ്വസിക്കാറുണ്ട് . വരുന്നവരില്‍ ഏറിയ പങ്കും ഭിക്ഷാടനം മാത്രം നടത്തി
ഉപജീവനം നടത്തുന്നവരാവാം പള്ളിയുടെ വ്യാജ കടലാസും കൊണ്ട് ഇല്ലാത്ത കഥകളും അവതരിപ്പിച്ചു
വരുന്ന തട്ടിപ്പ് സംഘങ്ങളായി കരുതുന്നത് കൊണ്ടാവാം , പക്ഷെ സക്കാത്തിനെന്ന പേരില്‍ തങ്ങള്‍
പോകുന്നത് ഭിക്ഷടനത്തിനാണെന്ന കാര്യം പോലും അറിയാതെ നമ്മളറിയാത്ത ഇത്തരം സാറ അമ്മായിമാരും
കാദര്‍ ഇക്കമാരും ഈ കൂട്ടത്തില്‍ ഉണ്ടാകും അവരെ തിരിച്ചറിയുക പ്രയാസകരം തന്നെ നമ്മുടെ
സക്കാത്തുക്കള്‍ യഥാക്രമം ഇവരില്‍ എത്തിച്ചേരുക ആണെങ്കില്‍ ഓരോ വര്‍ഷവും ആയിരക്കണക്കിനു
കുടുംബങ്ങള്‍ സക്കാതെന്ന പേരില്‍ ഇത്തരം ഭിക്ഷടനങ്ങള്‍ക്ക് പോകുന്നത് തടയാന്‍ കഴിയും സക്കാത്തുകള്‍
ചെറിയ സംഖ്യകള്‍ ആണെങ്കില്‍ ഒന്നില്‍ കൂടുതല്‍ ആളുകള്‍ ഗ്രൂപ്പുകളായി ചേര്‍ന്ന് അര്‍ഹതപെട്ടവരില്‍
എത്തിക്കുവാനുള്ള സംവിധാനങ്ങള്‍ നമ്മുടെ നാട്ടില്‍ ഉണ്ട് ഒരുപാട് സംഘടനകള്‍ അതിനായി ശ്രമിക്കുന്നുണ്ട് ,
മഹല്ലുകളും ഇത്തരം സക്കാത്തുകള്‍ ശേഖരിച്ചു മഹലിലെ അര്‍ഹരില്‍ എത്തിക്കാന്‍ ശ്രമിച്ചാല്‍ ചില
വര്‍ഷങ്ങള്‍ കൊണ്ടു തന്നെ സമുദായത്തിലും സമൂഹത്തിലും നല്ലൊരു മാറ്റം കാണാന്‍ കഴിയും എന്ന
വിശ്വാസത്തോടെ….