ഖത്തറിന് ചെക്ക് വെച്ചതാര്

ജി.സി.സി. രാജ്യങ്ങളില്‍ ഏറെക്കുറെ സ്വതന്ത്ര കാഴ്ചപ്പാടുകള്‍ വെച്ചുപുലര്‍ത്തുന്ന രാജ്യമാണ് ഖത്തര്‍. ലോകത്തിനു മുന്നില്‍ സാമ്രാജ്യത്വ ശക്തികളുടെ യുദ്ധവെറികളെ നേരിട്ട് സാക്ഷ്യം വഹിക്കുന്ന അല്‍ ജസീറയെ പോലെയുള്ള മാധ്യമ സ്ഥാപനത്തിന്റെ ആസ്ഥാനം നിലകൊള്ളുന്നതും ഇവിടെയാണ്. ഈജിപ്തിലെ മുല്ലപ്പൂ വസന്തവും ഖത്തറിന്റെ നിലപാടുകളും എല്ലാ സൗദിയെയും മറ്റു അറബ് രാഷ്ട്രങ്ങളെയും ചൊടിപ്പിച്ചിരുന്നു എന്നതാണ് വസ്തുത.

ഈജിപ്തിലെ ജനാധിപത്യ പോരാട്ടങ്ങളെ അടിച്ചമര്‍ത്താന്‍ സൗദി അറേബ്യ ചെലവിട്ട പണത്തിന്റെ പരിണിതഫലമാണ് ഇന്ന് സൗദി അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിക്കു പോലും കാരണം എന്നുള്ളതും തള്ളികളയാനാവില്ല. ഇറാനുള്ള ഖത്തറിന്റെ പിന്തുണയും സൗദിയുടെ നടപടിയെ സാധൂകരിക്കുന്നതാണ്. ലോകത്ത് ഇന്ന് ഇറാന്റെ നേതൃത്വത്തില്‍ ഉടലെടുക്കുന്ന സൗദി ഇതര മുസ്‌ലിം രാഷ്ട്രങ്ങളുടെ സഖ്യത്തെ ദുര്‍ബലപ്പെടുത്തുന്നതിന്റെ ഭാഗം കൂടിയാണ് ഇത്തരം ഒരു ഉപരോധം എന്നു കൂടി വായിക്കേണ്ടി വരും.

ഈ അവസരത്തില്‍ അമേരിക്കയുടെ മൗനം കൂടി സൗദിക്ക് തണലേകുന്നു. അമേരിക്കയുടെ മൗനത്തിനാകട്ടെ പലസ്തീനിലും സിറിയയിലും ഖത്തര്‍ സ്വീകരിച്ച നിലപാടുകള്‍ തന്നെയാകും കാരണം. ഹമാസ് പോലുള്ള പലസ്തീന്‍ പോരാട്ട സംഘടനകള്‍ക്ക് ഖത്തര്‍ നല്‍ക്കുന്ന പിന്തുണ അമേരിക്കയുടെ മൗന നിലപാടിനെ നീതികരിച്ചേക്കാം. ഒരു നിലപാടും വ്യക്തമാക്കാത്ത ഒമാന്‍, കുവൈറ്റ് രാഷ്ട്രങ്ങളുടെ വരും ദിവസങ്ങളിലെ നിലപാടുകളും കാത്തിരുന്ന് കാണാം.