ഇരിപ്പുറയ്ക്കാതെ മാണി: പ്രതിച്ഛായ കാക്കാന്‍ ഇനി എങ്ങോട്ട്, രാഷ്ട്രീയ ഭാവി എന്ത്?…

മുപ്പത്തിനാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കേരളകോണ്‍ഗ്രസ്(എം) യു.ഡി.എഫുമായി പിണങ്ങിയിറങ്ങി. സമദൂരം എന്ന ആശയമായിരുന്നു അന്ന് കെ.എം. മാണിയെ മുന്നോട്ടു നയിച്ചത്. എന്നാല്‍ ഈ സമദൂരം ആരിലേക്കെന്ന ചോദ്യം അന്നേ ഉയര്‍ന്നു കേള്‍ക്കുകയും ചെയതതാണ്.

യു.ഡി.എഫ്. വിട്ട മാണിക്ക് പക്ഷെ എല്‍.ഡി.എഫ്. പ്രവേശനം അത്ര എളുപ്പമായില്ല. എന്നാല്‍ കഴിഞ്ഞ ദിവസം അമിത്ഷാ കേരളത്തില്‍ വന്നു പോയതിനേയും സഭാമേലധ്യക്ഷന്‍മാരെ കണ്ടതിനേയും കുറിച്ച് മാണി പ്രതികരിച്ചത് ഇങ്ങനെയാണ്. തങ്ങള്‍ ഏത് മുന്നണിയില്‍ നില്‍ക്കണമെന്ന് ഞങ്ങള്‍ക്കറിയാം. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ കുറേക്കൂടി സങ്കീര്‍ണ്ണമായിരിക്കുകയാണ് എന്നു പറയാതെ വയ്യ.

കേരള കോണ്‍ഗ്രസ് എം. മുഖപത്രമായ പ്രതിച്ഛായയിലൂടെ എല്‍.ഡി.എഫ്.  മാണിയെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ക്ഷണിച്ചിരുന്നുവെന്നാണ് ഇന്നു പുറത്തുവന്ന വാര്‍ത്ത. ഇത്തരത്തില്‍ രാഷ്ട്രീയ കരുനീക്കങ്ങള്‍ നടത്തുന്നതിലൂടെ മാണി ഉന്നം വെയക്കുന്നതെന്താണ്?…

തങ്ങള്‍ക്ക് ആരോടും പകയും വിദ്വേഷവുമില്ലെന്നും നല്ല വഴി കിട്ടുമ്പോള്‍ അതുവഴി സഞ്ചരിക്കുമെന്നുമുള്ള മാണിയുടെ വാക്കുകള്‍ വഴികാണിക്കുന്നതെങ്ങോട്ടാണ്?…

1982ല്‍ യു.ഡി.എഫിന്റെ രൂപീകരണം മുതലുള്ള ബന്ധമാണ് സമദൂരത്തിലൂടെ മാണി വേണ്ടെന്ന് വെച്ചതെന്നോര്‍ക്കണം. അതിനു വ്യക്തമായ കാര്യകാരണങ്ങളും ഉണ്ടായിരിക്കണം.
പിളര്‍പ്പില്‍ നിന്ന് ഉയര്‍ന്നു വന്ന 53 വര്‍ഷത്തെ ചരിത്രമാണ് കേരള കോണ്‍ഗ്രസിന്റേത്. 1964 ല്‍ ആര്‍. ശങ്കര്‍ മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായിരുന്ന പി.ടി. ചാക്കോ രാജിവെച്ചത് മുതലുള്ള രാഷ്ട്രീയ നാടകങ്ങള്‍, ആര്‍. ശങ്കര്‍ മന്ത്രിസഭയിലെ പതിനഞ്ച് എം.എല്‍.എമാരെ കൂട്ട് പിടിച്ച് അന്ന് മന്ത്രിസഭയെ തന്നെ നിലം പതിപ്പിച്ചു കൊണ്ട് കെ.എം. ജോര്‍ജ്ജ് കോണ്‍ഗ്രസ് വിട്ടപ്പോള്‍ അത് രാഷ്ട്രീയ ചരിത്രത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ തിരയിളക്കമായി.

1964ല്‍ കെ.എം. ജോര്‍ജ്ജ് ചെയര്‍മാനായി രൂപം കൊണ്ട കേരള കോണ്‍ഗ്രസിനെ പിന്നീടിങ്ങോട്ട് വേട്ടയാടിയത് പിളര്‍പ്പുകളും കൂടിച്ചേരലുകളുമാണ്. 1976 ല്‍ കെ.എം. ജോര്‍ജിന്റെ മരണത്തെ തുടര്‍ന്ന് നേതൃസ്ഥാനത്തിന് വേണ്ടി മാണിയും ബാലകൃഷ്ണപ്പിള്ളയും തമ്മിലുണ്ടായ അങ്കത്തില്‍ തുടങ്ങിയ പിളര്‍പ്പ്, 2016 ആയപ്പോഴേക്കും ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ വിട്ടു പോവലില്‍ എത്തിനില്‍ക്കുന്നു. ഇനി എല്‍.ഡി.എഫ്. പാളയമാണ് ലക്ഷ്യം വെയ്ക്കുന്നതെങ്കില്‍ അടുത്ത പിളര്‍പ്പിലേയ്ക്കു കണ്ണും നട്ടിരിക്കുകയുമാണ്.

ഇനി അക്കാര്യത്തില്‍ എന്ത് രാഷട്രീയ അടവു നയമാണ് മാണി എന്ന തന്ത്രശാലി പയറ്റാന്‍ പോകുന്നത് എന്നാണ് കണ്ടറിയാനുള്ളത്. സി.പി.എമ്മിനെ സംബന്ധിച്ച് കെ.എം. മാണി ഒരിക്കലും എന്തായാലും പുണ്യാളനാകാന്‍ വഴിയില്ല. കാരണം വിമോചന സമരത്തിലൂടെ ഇ.എം.എസ് .സര്‍ക്കാരിനെ അട്ടിമറിച്ചതിലെ രാഷ്ട്രീയ ഗൂഢാലോചനയിലെ മാണിയുടെ പങ്ക് അത്ര എളുപ്പം സി.പി.എമ്മിനു മറക്കാനാകുമോ?…

ഇനി മറന്നാല്‍ തന്നെ ഇ.എം.എസിനെ സി.പി.എം. മറന്നു എന്നു കരുതേണ്ടി വരും. അങ്ങനെയെങ്കില്‍ അണികളോട് എന്ത് മറുപടിയാണ് സി.പി.എമ്മിനു കൊടുക്കാനാകുക. കൂടാതെ കോടിയേരിയും സംഘവും മാണിയെ സ്വീകരിക്കുമ്പോള്‍ മഹാഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വന്ന രണ്ടാം ഇ.എം.എസ.് സര്‍ക്കാരിനെ വലിച്ച് താഴെയിറക്കിയ ആ മഹാനെ അംഗീകരിക്കുകയും ആ മന്ത്രിസഭയെ തള്ളിപ്പറയുകയുകയുമാണ് നിലവിലെ സി.പി.എം. എന്ന പഴി കേള്‍ക്കേണ്ടിയും വരും. കോട്ടയം ജില്ലാ പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസിന് പിന്തുണ കൊടുത്ത നടപടി പ്രാദേശിക നീക്കു പോക്കാണെന്ന കോടിയേരിയുടെ വാദവും രാഷ്ട്രീയ കേരളം മറന്നു കാണാനിടയില്ല. വിമോചന സമരത്തിലൂടെ ആദ്യ ഇ.എം.എസ്. മന്ത്രി സഭയേയും അഴിമതി ആരോപണങ്ങളില്‍ക്കുടുക്കി രണ്ടാം മന്ത്രിസഭയേയും നിലത്തടിച്ച കെ.എം. മാണിയ്ക്ക് ജയ് വിളിക്കേണ്ടി വരുന്ന വിപ്ലവ പോരാളികളുടേതാകുമോ വരും ദിനങ്ങള്‍.

ഇങ്ങനെ സംശയിക്കുന്നതിലും ഒരു കാര്യമുണ്ട് ഇന്ന് മാണി മാധ്യമങ്ങളെ കണ്ടപ്പോഴും മുഖപത്രം എഴുതിയതിനെ തള്ളാനോ ജി.സുധാകരന്റെ പരാമര്‍ശങ്ങളെ തഴയാനോ തയ്യാറായിട്ടില്ല എന്നതു തന്നെ.

മാണിയെ വേണ്ടെന്ന നിലപാട് പരസ്യമായി തന്നെ പല യു.ഡി.എഫ്. നേതാക്കളും വിളിച്ചു പറഞ്ഞു കഴിഞ്ഞു. അതില്‍ പിന്നെയാണ് മുഖപത്രത്തിലൂടെ താന്‍ യു.ഡി.എഫ്. സംരക്ഷകനായിരുന്നെന്നും കക്ഷികളില്‍ പലരും അക്രമിച്ചുവെന്നുമുള്ള തരത്തില്‍ പറയാതെ പറഞ്ഞിരിക്കുന്നത്. അങ്ങനെയൊക്കെ ആണെങ്കിലും തിരിച്ചു പോക്കെന്നത് സാധ്യവുമല്ല.

കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പുമായി ഗൗരവത്തിലുള്ള ചര്‍ച്ച നടന്നിട്ടില്ലെന്ന് മാധ്യമ എഡിറ്റര്‍മാരുമായുള്ള കൂടിക്കാഴ്ചയില്‍ അമിത് ഷാ പറഞ്ഞിരുന്നു. എന്നാല്‍ ബി.ജെ.പിയിലേയ്ക്കില്ലെന്ന നിലപാടാണ് മാണി തുടക്കം മുതലേ സ്വീകരിക്കുന്നത്. ഇനി അത്തരത്തില്‍ ഒരു നിലപാടെടുത്താല്‍ തന്നെ അത് അണികള്‍ക്കിടയില്‍ എങ്ങനെയാകും പ്രതിഫലിക്കുക എന്നതും മാണിയെ കുഴക്കും. അല്‍ഫോണ്‍സ് കണ്ണന്താനവും പി.സി. തോമസും ഉള്‍പ്പെടെ എന്‍.ഡി.എയുടെ ഭാഗത്തുള്ളപ്പോള്‍ മാണിയുടെ ബി.ജെ.പി. രംഗപ്രവേശം അത്ര എളുപ്പത്തിലാകാനും സാധ്യതയില്ല. വരും ദിനങ്ങളില്‍ മാണിയും കേരളകോണ്‍ഗ്രസ് എമ്മും നടത്തുന്ന രാഷ്ട്രീയ കരുനീക്കങ്ങള്‍ എന്തായാലും കേരള കോണ്‍ഗ്രസ് എമ്മിന്റെ ഭാവി നിര്‍ണ്ണയിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.