ശബരിയിലെ നോമ്പും പടച്ചോന്റെ നോമ്പ് തുറയും

ട്രെയിനില്‍ കയറിയപ്പോള്‍ തന്നെ ആ രണ്ട് മുഖങ്ങള്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു.രണ്ട് വ്യദ്ധ ദമ്പതികള്‍. വയസ്സ് എണ്‍പതൊക്കെ പിന്നിട്ട് കാണണം. കരുത്ത നിറത്തിലുള്ള ഒരു മുടി പോലും ശരീരത്തിലെവിടെയും കാണാനില്ല. കറുപ്പിനോട് ചേര്‍ന്ന ഇരുനിറവും മുഖത്ത് വാര്‍ദ്ധക്യം വീഴ്ത്തിയ ചുളിവുകളും വെളുവെളുത്ത മുടിയും അവര്‍ക്കൊരു പ്രത്യേക ആകര്‍ഷണം നല്‍കുന്നുണ്ട്.ഗ്രാമീണ ഇന്ത്യയുടെ തനിസ്വരൂപം. ബി.എസ്.എന്‍.എലിന്റെയും തൊഴിലുറപ്പ് പദ്ധതിയുടെയുമൊക്കെ പരസ്യത്തില്‍ പലപ്പോഴും അത്തരം രൂപങ്ങള്‍ കണ്ടിട്ടുണ്ട്. പിന്നെ കണ്ടത് കണ്ണില്‍ നിറയെ പ്രതീക്ഷകളുമായി വൃദ്ധസദനത്തിന്റെ ജനലഴികളിലൂടെ നോക്കിനില്‍ക്കുന്ന ചില ഫോട്ടോകളിലാണ്. വയസ്സേറെ പിന്നിട്ടെങ്കിലും മധുവിധു കഴിയാത്ത ദമ്പതിമാരെ പോലെയാണ് അവരുടെ പെരുമാറ്റം.കുറെ സംസാരിക്കുന്നു തമാശപറഞ്ഞ് ചിരിക്കുന്നു. ചിലപ്പോള്‍ അഗാധമായ മൗനം. അറുപത് കഴിഞ്ഞാല്‍ അടുത്തിരിക്കാന്‍ പോലും മടിക്കുന്നവരാണ് അധിക ദമ്പതിമാരും. പിന്നെ അവരുടെ സംസാരം പോലും അകന്ന ബന്ധുവിനോടെന്ന പോലെയാകും. ഇവര്‍ക്ക് മാതൃകാ ദമ്പതികള്‍ക്കുള്ള ഒരു അവാര്‍ഡിന് ചാന്‍സുണ്ട്.
ട്രയിനില്‍ അടുത്തുള്ള മറ്റ് യാത്രക്കാരെ കുറിച്ച് എനിക്ക് ഓര്‍മ്മയില്ല. അങ്ങനെയെത്രയെത്ര പേര്‍. യാത്രകളിലും മറ്റുമായി നമ്മള്‍ കാണുന്നു. അവരാരും ഈ ഓര്‍മ്മയെഴുത്തില്‍ കയറി വരാറില്ലല്ലോ. ഹൈദരാബാദ് മൗലാനാ ആസാദ് നാഷണല്‍ ഉറുദു യൂണിവേഴ്സിറ്റിയില്‍ അഡ്മിഷന്‍ കഴിഞ്ഞുള്ള മടക്കായാത്രയായിരുന്നു അത്. കൂടെ പോന്ന വന്ന രണ്ട് ചെങ്ങായിമാരും എന്റെകൂടെയില്ല. അലി നേരത്തെ ബുക്ക് ചെയ്ത ട്രയിനിന് പോയിരിക്കുന്നു. സ്ലീപ്പര്‍ കോച്ചിന് ബുക്ക് ചെയ്ത അവനന്ന് കിട്ടിയത് എ.സി കോച്ചായിരുന്നു. അതും സ്ലീപ്പര്‍ കോച്ചിന്റെ അതേ റൈറ്റില്‍. ഹോസ്റ്റല്‍ അഡ്മിഷന്റെ നൂലാമാല കാരണം എനിക്ക് അവന്റെ കൂടെ പോകാന്‍ പറ്റിയില്ല. റാഫി ക്കാണെങ്കില്‍ ഒന്റെ ബാപ്പ ഹൈദരാബാദില്‍ക്ക് വരുന്നുണ്ട്. എന്തായാലും ഇന്റര്‍വ്യൂന് വന്നത് തനിച്ചായിരുന്നല്ലോ എന്ന ധൈര്യത്തില്‍ ഒറ്റക്കങ്ങ് പോകാന്‍ ഞാനും തീരുമാനിച്ചു.
രാവിലെ നേരത്തെ തന്നെ പുറപ്പെട്ടിരുന്നു. മെഹ്ദിപട്ടണത്ത് നിന്ന് ഓട്ടോയിലാണ് നാമ്പള്ളിക്ക് പോയത്.(ഹൈദരാബാദ് പഴയ നഗരത്തിലെ റെയില്‍വേസ്റ്റേഷനാണ് നാമ്പള്ളി) ഒരു ഓട്ടോയില്‍ ഡ്രൈവറടക്കം പത്ത് പേര്‍. അഞ്ച് മുന്നിലും അഞ്ച് പിന്നിലും. ഇരിക്കാന്‍ വലിയ സുഖമില്ലെങ്കിലും ആ പോക്ക് കാണാന്‍ നല്ല രസമാണ്.താങ്ങാവുന്നതിലധികം ഭാരവുമായി ആ സാധു വണ്ടി നിരങ്ങിനിരങ്ങി പോകുന്നത് കണ്ടാല്‍ പാവം തോന്നും. വൈക്കോല്‍ ലോറിയെ പോലെ പകുതി ചരക്കും വണ്ടിക്ക് പുറത്താണ്. വണ്ടി ഒരു കുഴിയില്‍ ചാടിയാല്‍ അറ്റത്തിരിക്കുന്നവരൊക്കെ റോഡില്‍ പോകും.ഹൈദരാബാദാണെന്ന് കരുതി റോഡില്‍ കുഴിയില്ലാതിരിക്കില്ലല്ലോ. വെട്ടില്‍ ചാടുമ്പോള്‍ നമ്മുടെ നടവൊടിയാതെ നമ്മള്‍ സൂക്ഷിക്കുക. ഓട്ടോയെ കുറിച്ച് ഡ്രൈവര്‍ക്ക് വലിയ വേവലാതിയൊന്നും കാണില്ല. മൂന്നില്‍ കൂടുതലാളെ വണ്ടിയില്‍ കയറ്റാത്ത, പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ ഒരടി മുന്നോട്ട് പോവാത്ത ഓട്ടോക്കാരുള്ള നമ്മളുടെ നാട്ടില്‍ വെച്ച് ഇതൊക്കെ കേള്‍ക്കുമ്പോള്‍ അതിശയോക്തിയായി തോന്നിയേക്കാം. എന്നാല്‍ അവിടെ അങ്ങനെയൊക്കെയാണ് ഭായ്..
യാത്ര കുറച്ച് പിന്നിട്ടപ്പോഴേക്കും ചടച്ച് തുടങ്ങിയിരുന്നു. ഒറ്റക്കുള്ള യാത്ര ഒരു പരീക്ഷണമാണ്. പ്രത്യേകിച്ചും ട്രൈനില്. കൂട്ടിനാളുണ്ടെങ്കില്‍ ട്രൈയിനിലെ പോലെ സുഖകരമായ ഒരു യാത്രയില്ല താനും. അടുത്തൊന്നും സംസാരിക്കാന്‍ പറ്റയ ആരെയും കണ്ടില്ല. എല്ലാവരും അവരുടേതായ ലോകത്ത് അങ്ങനെയിരിക്കുന്നു. രണ്ട് വൃദ്ധന്മാരും എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. തനിച്ച് യാത്ര ചെയ്യുന്നവരെ അടുത്ത് കിട്ടുക എന്നതാണ് ട്രൈയിന് യാത്രയിലെ ഭാഗ്യം. അതും തലക്കനമില്ലാത്ത ഏതെങ്കിലും സാധാരണക്കാരനാകണം. കൂട്ടുള്ളവര്‍ ആ സര്‍ക്കിളില്‍ തന്നെയാവും. അല്ലെങ്കില്‍ അവര്‍ക്കിടയിലേക്ക് ഇടിച്ച് കയറാനുള്ള കരുത്തൊക്കെ വേണം.

സമയം രണ്ട് മണിയൊക്കെ പിന്നിട്ട് കാണണം. മിറിയാല്‍ഗുഡ എന്ന സ്റ്റേഷനില്‍ ട്രയിന്‍ നിര്‍ത്തി. ഒറ്റക്കിരുന്നുള്ള ബോറടി മാറ്റാന്‍ ഞാന്‍ പുറത്തിറങ്ങി. ട്രയിന്‍ യാത്രയില്‍ അതൊരു രസമാണ്. ഇടക്കിടക്ക് പുറത്തിറങ്ങാം.അടുത്ത കമ്പാര്‍ട്ടുമെന്റുകളിലൂടെ നടക്കാം. ആ പ്രദേശത്തെ സ്റ്റേഷനുകളൊക്കെ മിക്കവാറും കാലിയായിരിക്കും. പല വലിയ സ്റ്റേഷനില്‍ പോലും ജീവനക്കാരല്ലാത്ത ഒരു മനുഷ്യക്കുട്ടിയും ഉണ്ടാവില്ല. ചിലയിടത്തൊക്കെ വ്യത്യസ്ഥമായ കാഴച്ചകളുണ്ടാകും.കുതിര,കാള,പശു തുടങ്ങിയ ജീവികളും കാണാം. ചിലപ്പോഴൊക്കെ ഹിജഡകളും… ആ വഴിക്ക് ഹിജഡകള്‍ കുറവായിരുന്നു. ഭീകരമായ പല കഥകളും കേട്ടെന്നല്ലാതെ അന്ന് വരെ കണ്ടിരുന്നില്ല. ആദ്യമായിട്ട് അവരെ കാണുന്നത് കാച്ചിഗുഡ ട്രയിനില്‍ വെച്ചാണ്. ആ കഥ പിന്നീട് പറയാം. രണ്ട്മിനുറ്റ് റെസ്റ്റ് കഴിഞ്ഞ് ട്രയിന്‍ പുറപ്പെടാന്‍ തുടങ്ങി. എന്‍ജിനില്‍ നിന്നും പുകച്ചുരുളുകള്‍ പതുക്കെ ഉയര്‍ന്നു. പിന്നില്‍ നിന്നും പച്ചക്കൊടി പാറി. സ്റ്റേഷനിലെ ബെഞ്ചിലിരുന്ന ഞാന്‍ എഴുനേറ്റപ്പോഴേക്കും ട്രയിന്‍ നീങ്ങിത്തുടങ്ങിയിരുന്നു. പെട്ടെന്ന് കയറിയപ്പോ കാലൊന്ന് തെറ്റി. കാലിലുള്ള ഒരു ചെരുപ്പ് പ്ലാറ്റ് ഫോമിന്റെയും ട്രയിനിന്റെയും ഇടിയിലൂടെ താഴോട്ട് വീണു. ഒരു രക്ഷയുമില്ല. ട്രെയിന്‍ നീങ്ങിത്തുടങ്ങിയിരിക്കുന്നു. കൈകൊണ്ട് എത്തുകയുമില്ല. ഇറങ്ങിയാല്‍ ട്രെയിന്‍ നഷ്ടപ്പെടും. താഴോട്ട് വീണ ചെറുപ്പും നോക്കി നിസ്സഹയനായി ഞാനങ്ങനെ നിന്നു. ട്രയിന്‍ പതുക്കെ പതുക്കെ വേഗത കൂട്ടി. ആ ചെരുപ്പും സ്റ്റേഷനും കണ്ണില്‍ നിന്ന് മറയും വരെ ഞാന്‍ ഡോറില്‍ തന്നെ നിന്നു. വരുന്ന സമയത്ത് വാങ്ങിയ ചെരുപ്പാണ്. ഹൈദരാബാദൊക്കെ പോവുകയല്ലെ എന്ന നിലക്ക് നല്ല ഒരെണ്ണം തന്നെയായിരുന്നു വാങ്ങിയത്. ഇനിയിപ്പോ എന്ത് ചെയ്യും ഒറ്റച്ചരുപ്പുമായിട്ട് ! കാലിന്റെ അടിയാണെങ്കില്‍ പ്രത്യേക അസുഖം കാരണം പഴുത്ത് പൊട്ടിയിരിക്കുന്നു. ചെരുപ്പില്ലാതെ ഒരടി നടക്കാനാവില്ല. ബാത്ത് റൂമില്‍ പോകുന്ന കാര്യമായിരുന്നു ഏറ്റവും ദുഷ്‌കരം.
എങ്ങനെയൊക്കെയോ സീറ്റില്‍ വന്നിരുന്നു. യാത്രയുടെ എല്ലാ മൂഡും നഷ്ടപ്പെട്ടിരുന്നു. ഹൈദരബാദ് വന്നത് തന്നെ കുറ്റമായിപ്പോയോ.. ആദ്യത്തെ യാത്രയില്‍ മൊബൈല്‍ പോയി ഇപ്പോള്‍ ചെരുപ്പും… ശകുനങ്ങള്‍ എന്താണ് പറയുന്നത്. ഈ പഠനം വേണ്ടെന്നാണോ.. വീട്ടില്‍ ചെന്നാല്‍ എന്ത് മറുപടി പറയും… മൊബൈല്‍ നഷ്ടപ്പെടുത്തിയതിന്‍രെ കേസ് തീര്‍ന്നിട്ടില്ല. അല്ല വീട്ടിലെത്തുന്നത് വരെയുള്ള കാര്യങ്ങള്‍… ട്രയിനില്‍ വല്ല ചെരുപ്പ് കച്ചോടക്കാരും വരുമോ.. വന്നാല്‍ വാങ്ങാന്‍ കാശ് വേണം. പോക്കറ്റില്‍ നോക്കിയപ്പോള്‍ ആകെയുള്ളത് 110 രൂപ. നോമ്പ് തുറക്കാനെന്തെങ്കിലും വാങ്ങിയാല്‍ വീട്ടിലെത്താനുള്ള റെഡി കാശ്. ഒരു രൂപ കുറഞ്ഞാല്‍ പണിപാളും. ചോദ്യങ്ങളുടെ കുത്തേറ്റാണോ എന്നറിയില്ല മനസ്സ് വല്ലാതെ തളര്‍ന്ന് പോയി. എന്റെ മുഖത്ത് എന്തോ പന്തികേട് ആ വൃദ്ധര്‍ കണ്ടിട്ടാകണം അവര്‍ രണ്ട് പേരും എന്നെ നോക്കി സംസാരിക്കുന്നുണ്ട്. ഞനതൊന്നും ശ്രദ്ധിച്ചില്ല. കാരണം അവര്‍ക്കേതായാലും എനിക്ക് പണം സഹായിക്കാനൊന്നും കഴിയില്ലല്ലോ… ഞാന്‍ മെല്ലെ ബര്‍ത്തിന് മുകളില്‍ കയറി കിടന്നു. എന്ത് ചെയ്യുമെന്ന നിശ്ചയമില്ലാത്തതിനാല്‍ മനസ്സും മൂകമായിരുന്നു. ചോദ്യശരങ്ങള്‍ ഉറങ്ങാന്‍ പോലും അനുവദിച്ചില്ല. മനുവിലെ പഠനം ഒഴിവാക്കണോ.. പക്ഷെ ഫീസ് അടച്ച് പോയി. മുമ്പത്തെ കോളേജില്‍ നിന്ന് ടി.സി വാങ്ങുകയും ചെയ്തു. ഇനി എന്ത് ചെയ്യും. നാട്ടില്‍ വല്ല ജോലിക്കും പോയാലോ… എല്ലാ സ്വപനങ്ങളും അസ്തമിക്കുകയാണോ.. കാര്‍മേഘം മൂടിയ ആകാശം പോലെ എന്റെ മനസ്സും ഇരുണ്ടു തുടങ്ങി. ബര്‍ത്തിന് മുകളില്‍ കറങ്ങുന്ന ഫാനും നോക്കി അങ്ങനെ കുറെ അങ്ങനെ കിടന്നു. ഫാനിന്റെ ലീഫ് കണക്കെ ചോദ്യങ്ങളും പിന്നെയും പിന്നെയും മടങ്ങിവരുന്നു.കുറെ സമയം അങ്ങനെ കിടന്നു.

ട്രെയിന്‍ ഏതോ സ്റ്റേഷനില്‍ നിര്‍ത്താനുള്ള ഒരുക്കത്തിലാണ്. മെല്ലെ മെല്ലെ വേഗത കുറയുന്നു. ഞാന്‍ ബര്‍ത്തില്‍ നിന്നും താഴെയിറങ്ങി ഡോറിലേക്ക് നടന്നു. സമയം അഞ്ച് മണിയൊക്കെ ആയിക്കാണണം. പരന്ന് കിടക്കുന്ന പാടത്ത് നിന്നെല്ലാം തൊഴിലാളികള്‍ മടങ്ങി പോയിട്ടുണ്ട്. കെട്ടും ബാണ്ഡവുമായി കുറെ ആളുകള്‍ സ്റ്റേഷനിലേക്ക് നടക്കുന്നു. അധികം വൈകാതെ സ്റ്റേഷന്റെ മഞ്ഞ ബോര്‍ഡ് കണ്ടുതുടങ്ങി. ഗുണ്ഡൂര്‍ ജംഗ്ഷന്‍. തെലുങ്കിലും ഹിന്ദിയിലും ഇംഗ്ലീഷുമായി എഴുതിയിരിക്കുന്നു. ഇവിടെ അല്‍പം അധികസമയം ട്രെയിന്‍ നിര്‍ത്തും. അപ്പോഴാണ് മനസ്സിലേക്കൊരു ഐഡിയ ഓടി വന്നത്. ഇവിടെ അങ്ങാടിയിലെങ്ങാനും പോയി ഒരു ചെരുപ്പ് വാങ്ങിയാലോ.. നോമ്പ് തുറക്കാനൊന്നുമില്ലെങ്കിലും ചെരുപ്പില്ലാതെ മുന്നോട്ട് പോകാനാവില്ലായിരുന്നു. ഞാന്‍ സ്റ്റേഷന്റെ പുറത്തേക്ക് നോക്കി. കുറച്ച് ദൂരെയായി ഒരു അങ്ങാടി കാണാനുണ്ട്. ട്രയിന്‍ നിര്‍ത്തിയ ഉടനെ ഞാന്‍ ഇറങ്ങിയോടി. തിരിച്ച് വരും മുമ്പ് ട്രയിന്‍ പോയാലുണ്ടാകുന്ന അപകടത്തെ കുറിച്ചൊന്നും ഞാന്‍ ചിന്തിച്ചതേയില്ല. ഓട്ടത്തിനിടക്ക് എന്നെ ഒരാള്‍ വിളിച്ചു നിര്‍ത്തി. തിരിഞ്ഞ് നോക്കുമ്പോള്‍ എന്റെ പോക്കറ്റിലുള്ള പണം റോഡില്‍ വീണ് കിടക്കുന്നു. ഞാനയാള്‍ക്കൊരു താങ്ക്സ് പറഞ്ഞ് പണവുമെടുത്ത് വീണ്ടും ഓടി. കാലിലെ മുറിവൊന്നും കാര്യമാക്കിയില്ല. അങ്ങാടിയിലെത്തിയപ്പോള്‍ അടുത്ത് തന്നെ ഒരു ഉന്ത് വണ്ടിക്കാരന്‍ ചെരുപ്പ് വില്ക്കുന്നു. ഒന്നെടുത്ത് കാലിലിട്ടു. വില ചോദിച്ചപ്പോള്‍ 70 രൂപ. വിലപേശാനൊന്നും നിന്നില്ല. തിരച്ചോടി. സ്റ്റേഷനിലെത്തിയപ്പോള് ഒന്നും സംഭവിച്ചിട്ടില്ല. ട്രെയിനങ്ങനെ പാളത്തില്‍ അനക്കമില്ലാതെ കിടക്കുന്നു. അപ്പോഴാണ് നോമ്പ് തുറയെ കുറിച്ച് ചിന്തിച്ചത്. ഏകദേശം സമയമായിരുന്നു. ഇനി അടുത്തെങ്ങും സ്റ്റേഷന്‍ കാണാനിടയില്ല. ഇവിടെ നിന്ന് എന്തെങ്കിലും വാങ്ങണം. സ്റ്റേഷനില്‍ കുറെ കച്ചവടക്കാരുണ്ട്. പലതരം സാധനങ്ങള്‍. എല്ലാവരും സ്നേഹത്തോടെ ക്ഷണിക്കുന്നു. അല്‍പം പഴം വാങ്ങാമെന്ന് കരുതി പഴക്കച്ചോടക്കാരന്റെ അടുത്തേക്ക് പോയപ്പോഴാണ്. അവനെ കണ്ടത്. റഷീദ്, എന്നെ പോലെ ‘മനു’ വില്‍ അഡ്മിഷനെടുക്കാന്‍ വന്നതാണ്. അവിടെ വെച്ച് കണ്ടോര്‍മ്മയുണ്ട്. അവന്റെ കൂടെ ഞാനും പത്ത് രൂപക്ക് പഴം വാങ്ങി. ഉണ്ടായ സംഭവങ്ങളൊക്കെ അവനോട് പറഞ്ഞു. അടുത്ത കമ്പാര്ട്ട്മെന്റില്‍ തന്നെയായിരുന്നു അവനും. പഴത്തിന് കൂടെ അവന്‍ ഒരു പേക്കറ്റ് ബ്രഡും വാങ്ങിയിട്ടുണ്ട്. അത്യാവശ്യത്തിലധികം പൈസ അവന്റെ കയ്യിലുമില്ല. മുമ്പിലത്തെ കമ്പാര്‍ട്ട്മെന്റില്‍ ഒരു സീനിയറുണ്ടെന്ന് അവന്‍ പറഞ്ഞു. ആദില്‍ ( രണ്ട് പേരും പിന്നീട് മ്മള്ടെ ചങ്ക് ബ്രോകളായി മാറിയിട്ടുണ്ട്) അവനോട് ചോദിച്ചുനോക്കാമെന്ന വ്യവസ്ഥയില്‍ ഞങ്ങള്‍ പിരിഞ്ഞു.
വാങ്ങിയ പഴവുമായി സീറ്റിലെത്തിയപ്പോഴാണ് അസ്റ് നിസ്‌കരിച്ചിട്ടില്ലെന്ന കാര്യമോര്‍ത്തത്. ബാത്ത്റൂമില്‍ ചെന്ന് വുളുവെടുത്ത് വന്നു. ബാക്കി പൈസയെടുത്ത് ബാഗില്‍ വെക്കാമെന്ന് കരുതി പോക്കറ്റില്‍ കയ്യിട്ടതാണ്. അവിടെ ഒന്നും ഇല്ല. ബാക്കി മുപ്പത് രൂപയും വീണ് പോയിരിക്കുന്നു. ഇടിയേറ്റവനെ പാമ്പ് കടിച്ചു എന്ന പോലെയായി എന്റെ അവസ്ഥ. വന്ന വഴിക്കൊക്കെ പോയി നോക്കി. പുതിയ ചെരുപ്പിന്റെ അടയാളം കാണാനുണ്ടെങ്കിലും പൈസ എവിടെയും കണ്ടില്ല. മനസ്സ് പിടുത്തം വിട്ടാല്‍ പിന്നെ എല്ലാ ശ്രദ്ധയും നശിക്കും.പിന്നെ നടക്കുന്നതൊന്നും നമ്മളറിയില്ല.
അധികം ആലോചിക്കാതെ പെട്ടെന്ന് ബര്‍ത്തില്‍ കയറി നിസ്‌കരിച്ചു. പിന്നെ പ്രാര്ത്ഥിച്ചോ എന്നൊന്നും ഓര്‍മ്മയില്ല. കുട്ടി ചത്ത കുരങ്ങനെ പോലെ ഞാനങ്ങനെ ഇരുന്നു. കാര്യമായി എന്തോ ശകുനപ്പിഴ സംഭവിച്ചിട്ടുണ്ടെന്ന് എനിക്ക് തന്നെ തോന്നിത്തുടങ്ങി. ഹൈദരാബാദിലേക്ക് വരുന്നത് ബാപ്പക്ക് താത്പര്യമുണ്ടായിരുന്നില്ലേ.. മുമ്പത്തെ കോളേജില്‍ നിന്ന് പിരഞ്ഞത് അബദ്ധമായിപ്പോഴോ… നോമ്പ് തുറക്കാനുള്ള സമയം ആയിത്തുടങ്ങിയിരുന്നു. പുറത്ത് സൂര്യരശ്മികള്‍ കാണാനില്ല. പകല്‍ വെളിച്ചം അസ്തമച്ചിരുന്നു. എന്റെ നോമ്പിനെ കുറിച്ച് അപ്പോഴാണ് ചിന്തിച്ചത്. അത്താഴത്തിന് കുറച്ച് വത്തക്ക കഷ്ണവും പഴവും തിന്ന് നോമ്പ് നോറ്റതാണ്. ഇപ്പോള്‍ തുറക്കാനും പഴം മാത്രം. പച്ചവെള്ളം പോലുമില്ല. എന്തായാലും സഹിക്കുക തന്നെ. താന്‍ സ്വയം തിരഞ്ഞെടുത്ത വഴിയല്ലെ..

പെട്ടന്നാണ് ബര്‍ത്തിന് താഴെ നിന്നും ചില ശബ്ദങ്ങള്‍ കേട്ടത്. നോക്കുമ്പോള്‍ ആ വൃദ്ധര്‍ ഭക്ഷണമൊക്കെ പുറത്തെടുക്കുകയാണ്. ദീര്‍ഘയാത്രക്കുള്ള എല്ലാ തയ്യാറെപ്പുകളോടും കൂടെയാണ് അവര്‍ വന്നിരിക്കുന്നത്. രണ്ട് മൂന്ന് പാത്രത്തില്‍ ഭക്ഷണം, വെള്ളത്തിനായി ഒരു പ്രത്യേക പാത്രം. ഇവരും നോമ്പ് കാരാണോ… ഇവര്‍ മുസ്ലീങ്ങളായിരുന്നോ.. ആ സത്രീയുടെ തലയില്‍ മുസ്ലീമീന്റെ സര്‍വ്വലോക ഐഡന്റിറ്റിയായ തട്ടം കണ്ടിരുന്നില്ല. നോമ്പ് തുറക്കാനല്ലാതെ ഇപ്പോള്‍ ഇവര്‍ ഭക്ഷണം എടുക്കേണ്ടതില്ലല്ലോ.. എന്തോ ആയിക്കോട്ടെ എന്ന് കരുതി പിന്നോട്ട് ചാഞ്ഞപ്പോഴാണ് മുന്നില്‍ ഭക്ഷണപ്പാത്രമെത്തുന്നത്. ആ വ്യ്ദ്ധയുടെ ചുക്കിച്ചുളിഞ്ഞ കൈത്തടങ്ങളും. എന്താ സംഭവമെന്ന് നോക്കിയപ്പോള്‍ വൃദ്ധ എന്തൊക്കെയോ പറയുന്നു. എന്നോട് നോമ്പ് തുറക്കാനാണെന്ന് മാത്രം മനസ്സിലായി. ഞാനാകെ അന്തം വിട്ടു. ഇതെന്ത് കഥ ഇത് വരെ ഒരക്ഷരം സംസാരിക്കാതെ ഇവര്‍ എനിക്ക് നോമ്പുണ്ടെന്ന് മന്സ്സിലാക്കിയിരിക്കുന്നു. എന്റെടുത്ത് നോമ്പ് തുറക്കാനൊന്നുമില്ലെന്ന് അറിഞ്ഞിരിക്കുന്നു. ്അധികം ചിന്തിക്കാന്‍ സമയം തന്നില്ല പെട്ടെന്ന് നോമ്പ് തുറക്കാനായി അവരുടെ നിര്‍ബന്ധം. സമയാമാകട്ടെയെന്ന് ഞാന്‍ പറഞ്ഞു.സമയമായെന്ന് അവരും. ഞാന്‍ കുറച്ച് കൂടി കാത്തിരുന്നു. ഹൈദരാബാദിലെ നോമ്പ് തുറസമയം എനിക്കറിയാമായിരുന്നു. നോമ്പ് തുറക്കാന്‍ അവര്‍ നിരന്തരം നിര്‍ബന്ധിച്ച് കൊണ്ടേയിരുന്നു. ഞാന്‍ താഴേക്ക് നോക്കി അവര്‍ നോമ്പ് തുറക്കുന്നുണ്ടോ.. ഇല്ല. അവര്‍ ഞാന്‍ നോമ്പ് തുറക്കുന്നത് കാത്തിരിക്കുകയാണ്. വെള്ളപ്പാത്രവും കുടിക്കാനുള്ള ക്ലാസും തന്ന് വേഗം നോമ്പ് തുറക്കാനുള്ള കല്‍പ്പനയായി പിന്നീട്. ഏകദേശം സമയമായപ്പോള്‍ ഞാന്‍ വെള്ളം കുടിച്ച് നോമ്പ് തുറന്നു. അവര്‍ നിറഞ്ഞ മനസംതൃപ്തിയോടെ ഞാന്‍ നോമ്പ് തുറക്കുന്നതും നോക്കിയിരിക്കുന്നു. ഭക്ഷണപാത്രം തുറന്ന് നോക്കി. നല്ല ലെമണ്‍ റൈസ്. കുറച്ച് കഴിച്ച് അവരെ സമാധാനിപ്പിക്കാമെന്ന് കരുതി എടുത്തപ്പോഴാണ് അടുത്ത കല്‍പന വന്നത്. അവരുടെ വാക്കുകള്‍ക്കെല്ലാം ഉമ്മയുടെ കല്‍പന പോലെ ഒരു സ്വരമുണ്ടായിരുന്നു.അത് വേഗം കഴിക്ക് എന്നിട്ട് ബാക്കി തരാം. ഞാനാകെ അത്ഭുതപ്പെട്ടു. അത് തന്നെ ഒരാള്‍ക്ക് വയറ് നിറയെ കഴിക്കാനുള്ള ഭക്ഷണമുണ്ടായിരുന്നു. മാത്രമല്ല ഇതെല്ലാം ഇവര്‍ക്ക് രണ്ട് പേര്‍ക്ക് ആവശ്യമായ ഭക്ഷണമല്ലെ.. യാത്രയിലാരും അധികമൊന്നും സൂക്ഷിക്കില്ലല്ലോ… അധികം കഴിക്കുന്നത് മോശമാണെന്ന് എന്റെ മനസ്സ് പറഞ്ഞു. ഞാനൊന്ന് കൂടെ താഴോട്ട് നോക്കിയപ്പോള്‍ അവര്‍ രണ്ട് പേരും സന്തോഷത്തോടെ ചിരിക്കുന്നു.പല്ലില്ലാത്ത മോണകാട്ടിയുള്ള ആ ചിരി ഏറെ ഹൃദ്യമായി തോന്നി. വൃദ്ധന്‍ കൈകൊണ്ട് വേഗം കഴിക്കാനുള്ള ആംഗ്യം കാണിക്കുന്നു. ഞാനാകെ ആത്മസംഘര്‍ഷത്തിലായി. അവരുടെ ഭക്ഷണം കഴിച്ച് തീര്‍ക്കുന്നത് മോശം. കഴിക്കാതിരിക്കാന്‍ അവര്‍ അനുവദിക്കുന്നുമില്ല. കുറച്ച് കഴിഞ്ഞപ്പോള്‍ സ്ത്രീ അവരുടെ ബേഗില്‍ നിന്ന് അടുത്ത പാത്രവുമെടുത്ത് എന്റെ നേരെ നീട്ടി. ഇത് തന്നെ കഴിക്കാനാവുന്നില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറി. ഇനി ഇത് തിന്നാതിരുന്നാല്‍ ചീത്ത കേള്‍ക്കുമെന്ന് പേടിച്ച് അത് മുഴുവന്‍ തിന്ന് തീര്‍ത്തു. വയറ് മാത്രമല്ല മനസ്സും നിറഞ്ഞ് പോയിരുന്നു ആ കലവറയില്ലാത്ത സ്നേഹത്തിന് മുമ്പില്‍….
ഭക്ഷണം കഴിച്ച് കഴിഞ്ഞ് പാത്രവുമായി താഴെ ഇറങ്ങിയതാണ്. കഴുകാനുള്ള പാത്രം ആ സ്ത്രീ എന്നില്‍ നിന്നും പിടിച്ച് വാങ്ങി പോയി കൈ കഴുകിക്കോളാന്‍ കല്‍പ്പിച്ചു. അല്‍പം ശങ്കിച്ച് നിന്ന ഞാന്‍ മെല്ലെ കൈ കഴുകാന്‍ പോയി. പിന്നാലെ പാത്രവുമായി ആ സ്ത്രീയും.. ഇതെന്തൊരു ജന്മമാണ് റബ്ബേ… സ്നേഹം മനുഷ്യരൂപമായി പുനര്‍ജനിച്ചതോ… ഉമ്മ കഴിഞ്ഞാല്‍ ആദ്യമായിട്ടായിരിക്കും ഇത്രക്ക് സ്നേഹം ഞാന്‍ അനുഭവിക്കുന്നത്. അത് വരെ മനസ്സില്‍ നീറിപുകഞ്ഞ ദുഷ്ചിന്തകളൊക്കെ മാറി. ഞാനെന്തോ സുകൃതം ചെയ്തവനെപോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. ഇങ്ങനെയൊരു നോമ്പ് മുമ്പെങ്ങാനും തുറന്നിരുന്നോ… ഉണക്കക്കാരക്ക ചീന്തുകളാക്കി പഴം കലക്കും പഴം പൊരിയും തിന്ന് തുറന്ന നോമ്പ് തുറകളായിരുന്നു അന്ന് വരെ അനുഭവിച്ചതില്‍ ഏറ്റവും നല്ല നോമ്പ് തുറ. പക്ഷെ ഇന്നത് മാറിയിരിക്കുന്നു. അവര്‍ തന്ന പച്ചവെള്ളവും ലെമണ്‍ റൈസും തിന്ന് തുറന്ന ആ നോമ്പ് തുറയുടെ രുചിയോളം വരില്ല ഒന്നും…
ഞാന്‍ വുളുവെടുത്ത് മഅ്രിബും ഇശാഅും ജംഅും ഖസ്റുമാക്കി നിസ്‌കരിച്ചു. അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു. അവര്‍ ഏത് ജാതിയാണ് മതമാണെന്നൊന്നും ഞാനറിഞ്ഞിരുന്നില്ല. അവരുടെ മതത്തേക്കാളും പ്രധാനമായിരുന്നു അവരുടെ മനസ്സെനിക്ക്. സ്നേഹം മഹാഅരുവിയായി എന്നിലേക്കൊഴുകിയെത്തുന്നത് പോലെ.അതില്‍ നിന്നും അടിച്ചവീശിയ മന്ദമാരുതന്‍ നീറിപ്പുകഞ്ഞ എന്റെ മനസ്സിനെ തണുപ്പിച്ചിരിക്കുന്നു. ആ അരുവിയുടെ സംഗീതമാണെന്റെ മനസ്സ് മുഴുവന്‍. ഞാന്‍ ്അള്ളാഹുവിന് ഒരുപാട് ശുകുറ് പറഞ്ഞു. കാരണം അവനാണല്ലോ ഇവരെ മനുഷ്യരൂപത്തില്‍ എനിക്ക് സഹായമായി ഇവിടെ എത്തിച്ചത്. അല്ലെങ്കില്‍ ഞാന്‍ പങ്ക് വെക്കാതെ എന്റെ വിഷമങ്ങള്‍ അവരെങ്ങനെ അറിഞ്ഞു. അവന്‍ അവരിലൂടെ എന്റെ മുമ്പില്‍ അവതരിക്കുകയായിരുന്നില്ലേ ഇതല്ലേ ശരിക്കും ‘പടച്ചോന്റെ നോമ്പ്തുറ’.