ആ വലിയ അറബി വീട്ടിലെ ഇഫ്ത്താര്‍ ഓര്‍മ

മണല്‍ ചൂടിനോടും മരുക്കാറ്റിനോടും പോരടിച്ച് ജീവിക്കുന്ന പ്രവാസികള്‍ക്ക് റമദാന്‍ ഒരു അനുഭൂതിയാണ്. ആ നാട്ടിലെ നോമ്പു തുറകള്‍ പലരുടേയും പ്രവാസ ജീവിതത്തിലെ മായാത്ത ഓര്‍മകളാണ്.

കൂടാരങ്ങളിലെ നോമ്പുതുറകള്‍ ഇന്നു ഗള്‍ഫ് നാടുകളില്‍ നിത്യകാഴ്ചയാണ്. ഒരു മാസക്കാലം അറബി വിഭവങ്ങളൊരുക്കി പ്രവാസികളെ കാത്തിരിക്കുകയാണ് റമദാന്‍ ടെന്റുകള്‍. കഠിനമായ ചൂടിലും ജോലിയിലും തളരുന്ന പ്രവാസി സമൂഹത്തിന് ഇവ നല്‍കുന്ന ആശ്വാസം ചെറുതല്ല. ടെന്റുകളിലിരുന്ന് നോമ്പ് തുറക്കാന്‍ ജാതിമത ഭേദമന്യേയാണ് ആളുകള്‍ എത്താറ്.

ഇതിന് പുറമെ അറബികള്‍ അവരുടെ വീടുകളിലും നോമ്പുതുറ ഒരുക്കാറുണ്ട്. അതിഥികളെ സ്നേഹപൂര്‍വം കൈപിടിച്ച് അവരുടെ സുപ്രയിലേക്ക് ആനയിക്കുമ്പോള്‍ റമദാന്‍ പറഞ്ഞുതരുന്ന ആശയങ്ങള്‍ അനുഭവിച്ചറിയുകയാണ് ഇതരമതസ്ഥരടക്കമുള്ളവര്‍. മൂന്നു വര്‍ഷത്തെ പ്രവാസ ജീവിതത്തിനിടെ എനിക്കും ലഭിച്ചിട്ടുണ്ട് അത്തരം അസുലഭമായ ധരാളം അനുഭവങ്ങള്‍. എന്നാല്‍ അതില്‍ എന്നെ ഏറ്റവും കൂടുതല്‍ ആശ്ചര്യപ്പെട്ടുത്തിയത്. ജിസാനിലെ ആ വലിയ അറബി വീട്ടിലെ നോമ്പ് തുറയായിരുന്നു.

അടുത്ത റൂമിലുള്ളവര്‍ പലപ്പോഴും വിളിക്കാറുണ്ടെങ്കിലും ആദ്യമൊക്കെ പോവാന്‍ മടി തോന്നി. എന്താണെന്നറിയാമല്ലോ എന്ന നിലക്കാണ് ഒരു ദിവസം പോയത്. റൂമില്‍ നിന്നും കഷ്ടിച്ച് രണ്ടോ മൂന്നോ മിനുട്ടു നടന്നാല്‍ ആ വലിയ അറബി വീട്ടിലെത്തും. ആ പ്രദേശത്തെ ഏറ്റവും വലിയ വീടാണത്. അവിടെക്ക് പോവാന്നും ഒരു കാരണമുണ്ട്. കോഴിക്കോട് സ്വദേശിയായ മുസ്തഫയാണ് അവിടെ ഹാരിസായിട്ട് (വീട്ടുജോലിക്കാരന്‍) നില്‍ക്കുന്നത്. ഒരു ദിവസം പള്ളിയില്‍ വച്ചു കണ്ടപ്പോള്‍ ഇഫ്ത്താര്‍ വിശോഷങ്ങള്‍ പങ്കുവെക്കുകയും വരണമെന്നും പറയുകയും ചെയ്തിരുന്നു.

അറബിക്കഥയിലെ കൊട്ടാരം പോലൊരു അറബി വീട്. ആദ്യമായാണ് അത്തരം ഒരു വീട് ഞാന്‍ കാണുന്നത്. വല്ലാത്ത അതിശയം തോന്നി. അതിനിടക്ക് വിട്ടിലെ രണ്ടു മൂന്നു പേര്‍ വന്ന് കൈപിടിച്ച് ഞങ്ങളെ സ്വീകരിച്ചു ‘സുപ്ര’ യിലേക്ക് നോമ്പുതുറക്കാന്‍ ക്ഷണിച്ചു. ആ വീട് കണ്ടപ്പോഴുള്ളതിനേക്കാള്‍ അതിശയമായിരുന്നു എനിക്കത്. ജീവിതത്തില്‍ ഇന്നോളം കാണാത്തവര്‍..ഏതോ നാട്ടുകാരായിട്ടും അവര്‍ കാണിച്ച സ്നേഹം ഒരിക്കലും മറക്കാന്‍ കഴിയില്ല.

ഗൃഹനാഥനായ അറബി കോലായില്‍ തന്നെ , ഖുര്‍ആനോതിക്കൊണ്ട്. ഇരിക്കുന്നു. അടുത്ത മസ്ജിദുദിലെ മിനാരങ്ങളില്‍ നിന്ന് ചിതറി വീഴുന്ന മഗ്രിബ് ബാങ്കിന്റെ ശബ്ദ വീചികള്‍ക്കായി കാത്തിരിക്കുകയാണ്. ബാങ്ക് കൊടുക്കാന്‍ ഇനിയും സമയമുണ്ട്. സുപ്രകളില്‍ നിരത്തിയ ഭക്ഷണത്തിന്റെ കൊതിപ്പിക്കുന്ന മണം…മന്തി എന്നും മത്ബി എന്നൊക്കെ വിളിപ്പേരുള്ള ഇറച്ചിച്ചോറാണ് ഇവിടെ മുഖ്യഭക്ഷണം.

നാലഞ്ചു പേര്‍ക്ക് ഒന്നിച്ചു കഴിക്കാന്‍ പാകത്തില്‍ വലിയ തളികകളില്‍ പൊതിഞ്ഞു വക്കുകയാണ് പതിവ്. പൊതിയഴിച്ചാലേ തളികളില്‍ ആടോ കോഴിയോ എന്ന് അറിയാനാകൂ. പൊതിയഴിക്കാനാവട്ടെ ബാങ്കു കൊടുത്തിട്ടേ അനുവാദമുള്ളൂ. അതൊരു സസ്പെന്‍സ് ആയി തുടരും ബാങ്കു വിളി വരേ. അതോടൊപ്പം ഒരു ബുര്‍തുഖാലും (ഓറഞ്ചു /മുസംബി), ഒരു ലബനും (മോര് ബോട്ടില്‍ ), രണ്ടോ മൂന്നോ തമറും, പഴം, വെള്ളത്തിന്റെ കുപ്പി, ഒരു ഡബ്ബ ലബനും. അതിനു ചുറ്റുമായി എന്റെ സുപ്രയില്‍ രണ്ടു യെമനിയും ഒരു പച്ചയും (പാക്കിസ്താനി), ബംഗാളിയും (ബംഗ്ലാദേശ്) പിന്നെ കണ്ണൂരിലുള്ള ഒരു ഹൗസ് ഡ്രൈവറും എന്നിവരുമായിരുന്നു കൂടെ. തളികയുടെ പൊതിയഴിച്ചു നോക്കുമ്പോള്‍ കണ്ണു തള്ളിപ്പോയി. ചോറിന് മുകളില്‍ ഒരാട്. കൂടെയുള്ളവര്‍ ഭക്ഷണം കഴിക്കാന്‍ തുടങ്ങി. ഢാനാണെങ്കില്‍ ആകെ അന്തം വിട്ട് ചുറ്റും നോക്കിയിരിക്കുകയാണ്. അപ്പുറവും ഇപ്പുറവുമിരുന്ന് കോഴിയില്‍ കടിപിടികൂടുന്ന ബംഗാളികളും മിസ്രികളും ചിരിയോടൊപ്പം വല്ലാത്ത പ്രയാസവുമുണ്ടാക്കി. വെട്ടിപ്പിടിച്ച അസീറും ലബനും വെള്ളവും കബ്സപ്പൊതിയും വലിയ കവറുകളില്‍ കെട്ടിവെച്ചിരിക്കുന്നു ചിലര്‍.

മസാല പുരട്ടാതെ പുഴുങ്ങിയ കോഴി ചോറിന് മുകളില്‍ കിടക്കുന്നതു കണ്ടപ്പോള്‍ മനംപുരട്ടി. വല്ലാത്തൊരേനക്കേട്. അടുത്തിരുന്ന ബംഗാളി വായയില്‍ നിറയെ ഇറച്ചി കുത്തി കയറ്റിയത് കാരണം സംസാരിക്കാന്‍ കഴുന്നില്ല, കൈ കൊണ്ട് ഒരു തട്ട് എന്നിട്ട് കൈ കൊണ്ട് ഒരു ആഗ്യം കാണിച്ചിട്ട് കഴിക്കുന്നില്ലെ എന്ന്. പിന്നെ ഒന്നും നോക്കിയില്ല പണി തുടങ്ങി. ജീവിത്തില്‍ അന്നുവരെ ഇത്രയും ഭക്ഷണം കഴിച്ചിട്ടുണ്ടാവില്ല. പിന്നെ വെട്ടി വെട്ടി വിഴുങ്ങി. ബംഗാളി അപ്പുറത്തെ സുപ്രയില്‍ നിന്നും അവിടെ ബാക്കിയുള്ള മന്തിച്ചോറും ഇങ്ങോട്ട് എടുത്തു. വയറ്റില്‍ ഇനി ഒരു ഇഞ്ച് സ്ഥലമില്ല എന്നു തോന്നിയപ്പോള്‍ പതിയെ ഏഴുന്നേറ്റ് കൈകഴുകി അവിടെ നിന്നും റൂമിലേക്ക്. റൂമില്‍ എത്തിയ നിമിഷം മാത്രം ഓര്‍മയുള്ളു. പിറ്റേ ദിവസത്തിന് അത്താഴത്തിന് കൂട്ടുകാര്‍ വിളിക്കുമ്പോഴാണ് ഞാന്‍ ഉണരുന്നത്.

റമദാന്‍ നോമ്പ് അതിന്റെ പൂര്‍ണരൂപത്തില്‍ ‘ഫീല്‍’ ചെയ്യാന്‍ സഊദി അറേബ്യയില്‍ താമസിക്കണമെന്ന് ചിലര്‍ പറയുമ്പോള്‍ അതൊരു സത്യമായി തന്നെയാണ് ഓരോ പ്രവാസിക്കും അനുഭവപ്പെടുക.
ഈ ഒരുമാസക്കാലം മാധുര്യമായ അനുഭവങ്ങളാണ് ഓരോ വിശ്വാസിക്കും പ്രവാസജീവിതം നല്‍കുന്നത്. മലയാളികളില്‍ മിക്കവരും റമദാന്‍ മുഴുവനും ഇവിടെ കഴിയാനാണ് പലപ്പോഴും ഇഷ്ടപ്പെടുന്നത്. നോമ്പ് കാലത്ത് കൂടുതല്‍ ഭയഭക്തിയോടെ ആരാധനാനുഷ്ടാനങ്ങള്‍ നിര്‍വഹിക്കാന്‍ പ്രവാസികള്‍ക്ക് ആവശ്യമായ സംവിധാനങ്ങള്‍ ഈ അറബ് നാട്ടില്‍ ഉള്ളതാണ് പലരെയും ആകര്‍ഷിക്കുന്നത്. പരസ്പര ഐക്യത്തിലും സ്നേഹത്തിലും കഴിയുന്ന ശാന്തമായ ആത്മീയമായ അന്തരീക്ഷമാണ് ഇരു ഹറമുകളുടെ ഈ പരിശുദ്ധ രാജ്യത്ത് അനുഗ്രഹങ്ങളുടെ റമദാനില്‍ നമുക്ക് കാണാന്‍ കഴിയുക.