കളിമണ്ണില്‍ ചരിത്രനിമിഷം; ജെലേന ഒസ്റ്റാപെന്‍കോയ്ക്ക് ഫ്രഞ്ച് ഓപ്പണ്‍ ഗ്രാന്‍സ്ലാം

പാരിസ്: കളിമണ്ണില്‍ പുതുചരിത്രമെഴുതി ലാത്വിയയുടെ ജെലേന ഒസ്റ്റാപെന്‍കോ. ഫ്രഞ്ച് ഓപ്പണിലെ വനിതാ ഫൈനലില്‍ റുമേനിയക്കാരി മൂന്നാം സീഡ് സിമോണ ഹാലെപ്പിനെ അട്ടിമറിച്ചാണു ലാത്വിയയുടെ ജെലേന ഒസ്റ്റാപെന്‍കോ ഗ്രാന്‍സ്ലാം കിരീടം നേടിയത്. സീഡിങ് പോലും ഇല്ലാത്ത ജെലേന ഒസ്റ്റാപെന്‍കോയുടെ കരിയറിലെ ആദ്യ ഗ്രാന്‍സ്ലാം ആണിത്.

ഹാലെപ്പിനെതിരായ പോരാട്ടത്തില്‍ ആദ്യസെറ്റ് നഷ്ടപ്പെട്ട ശേഷമായിരുന്നു ജെലേനയുടെ തിരിച്ചുവരവ്. സ്‌കോര്‍: 4-6, 6-4, 6-3. ഫ്രഞ്ച് ഓപ്പണില്‍ 1983 നു ശേഷം ആദ്യമാണു സീഡിങ് ഇല്ലാത്ത താരം ഫൈനലില്‍ എത്തുന്നതും കിരീടം സ്വന്തമാക്കുന്നതും. ഗ്രാന്‍സ്ലാം കിരീടം നേടുന്ന ആദ്യ ലാത്വിയക്കാരി കൂടിയാണു ജെലേന.