ചക്കക്കൊതിയന്‍മാരെ ഇതിലേ.. ഇതിലേ.. തലസ്ഥാനത്ത് വീണ്ടും ചക്കമഹോല്‍സവം

തിരുവനന്തപുരം: ചക്ക കൊതിയന്‍മാരെ കാത്ത് തലസ്ഥാനത്ത് വീണ്ടും ചക്ക മഹോല്‍സവം എത്തുന്നു. ജൂണ്‍ 30 മുതല്‍ ജൂലൈ ഒമ്പതുവരെ കനകക്കുന്ന് സൂര്യകാന്തിയിലാണ് ‘അനന്തപുരി ചക്കമഹോല്‍സവം’ അരങ്ങേറുന്നത്. സംസ്ഥാന കൃഷിവകുപ്പിന്റെ സഹകരണത്തോടെ ജാക്ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍, വെള്ളായണി കാര്‍ഷിക കോളേജ്, സിസ, ശാന്തിഗ്രാം, മിത്രനികേതന്‍, പനസ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി, ഇപാക് എന്നീ സംഘടനകളാണ് മേളയുടെ സംഘാടകര്‍. പത്തുദിവസം നീണ്ടുനില്‍ക്കുന്ന മേളയില്‍ കേരളത്തിനകത്തും പുറത്തുമുള്ള വിവിധയിനം ചക്കകളുടെ പ്രദര്‍ശനവും വില്‍പ്പനയുമാണ് ഒരുക്കുന്നത്. കഴിഞ്ഞവര്‍ഷം കനകക്കുന്നില്‍ നടന്ന ചക്ക മഹോല്‍സവത്തിന്റെ വിജയത്തെ തുടര്‍ന്നാണ് ഈ വര്‍ഷവും മേള സംഘടിപ്പിച്ചിരിക്കുന്നത്.
തേന്‍ വരിക്ക, ചെമ്പരത്തി വരിക്ക, നാടന്‍ വരിക്ക, മുള്ളന്‍ ചക്ക, കൂഴച്ചക്ക, കൊട്ട് വരിക്ക തുടങ്ങി വ്യത്യസ്ത വലിപ്പത്തിലും രുചിയിലുമുള്ള ചക്കകളാണ് മേളയിലെ താരങ്ങള്‍. 300ല്‍പ്പരം രുചിയേറുന്ന ചക്ക വിഭവങ്ങള്‍ മാത്രമുള്ള ഫുഡ്‌കോര്‍ട്ട് മേളയുടെ മറ്റൊരു പ്രത്യേകതയാണ്. ഇതോടൊപ്പം സെമിനാറുകള്‍, പ്ലാവിന്‍ തൈ വില്‍പ്പന, ജൈവോല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും എന്നിവയും മേളയിലൊരുക്കിയിട്ടുണ്ട്. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത ചക്കവിഭവങ്ങളും മേളയില്‍ അണിനിരക്കുന്നുണ്ട്.

വരിക്ക ചക്ക കൊണ്ട് ഉണ്ടാക്കിയ പത്തുകൂട്ടം തൊടുകറികള്‍ ഉള്‍പ്പെടെയുള്ള ‘ചക്ക ഊണ്’ മേളയുടെ ആദ്യദിവസം മുതല്‍ അവസാനദിവസം വരെയുണ്ടാകും. ചക്ക സാമ്പാര്‍, ചക്ക പുളിശ്ശേരി, ചക്ക പരിപ്പുകറി, ചക്ക പെരട്ട്, ചക്കച്ചില്ലി, ചക്ക ചമ്മന്തി, ചക്കവരട്ടി, ചക്ക ഉപ്പേരി എന്നിവയ്ക്ക് പുറമേ ഊണിനുള്ള മറ്റ് വിഭവങ്ങള്‍ക്കും ചക്ക രുചിയുണ്ടാകും. ഊണിനൊപ്പം ചക്ക പായസവുമുണ്ട്.

വൈകുന്നേരം ചായക്കൊപ്പം കഴിക്കാനുള്ള ചക്ക മസാലദോശ, ചക്ക പഴംപൊരി, ചക്ക ബജി, ചക്ക മിക്‌സ്ചര്‍, ചക്ക അട, ചക്ക കോട്ടപ്പം, ചക്ക ചിപ്‌സ്, ചക്ക ഉള്ളിവട, ചക്ക മഞ്ചൂരി, ചക്ക മോതകം, ചക്ക മധുരചില്ലി, ചക്ക കട്‌ലറ്റ് എന്നിവയുടെ വില്‍പ്പനയും പ്രദര്‍ശനവുമുണ്ടാകും. ചക്ക കൊണ്ടുണ്ടാക്കിയ കറികളും മേളയിലുണ്ട്. ചക്ക സ്‌ക്വാഷുകള്‍, ചക്ക ജാമുകള്‍ എന്നിവയുടെ വില്‍പ്പനയും പാചക പരിശീലനവും പ്രദര്‍ശനത്തിലുണ്ട്.

രുചിക്ക് പുറമേ ഔഷധ ഗുണവും ഏറെയുള്ള ചക്കയുടെ ഗുണങ്ങള്‍ വിശദീകരിക്കുന്ന സെമിനാറുകളില്‍ കൃഷിആരോഗ്യആയുര്‍വേദ രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുക്കും. മേളയോട് അനുബന്ധിച്ച് ചക്കപ്പഴം തീറ്റ മല്‍സരം ഉള്‍പ്പെടെ കൗതുകകരമായ വിവിധ മല്‍സരങ്ങളും നടത്തുന്നുണ്ട്. ”നല്ലഭക്ഷണം, നല്ല ആരോഗ്യം, നല്ലജീവിതം, നമുക്കും വരും തലമുറയ്ക്കും” എന്ന വിഷയത്തിലാണ് ചിത്രരചന, ഫോട്ടോഗ്രഫി, പോസ്റ്റര്‍ രചനാ മല്‍സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. വിജയികള്‍ക്ക് മേളയുടെ അവസാനദിനം സമ്മാനങ്ങളും നല്‍കും.

പ്രദര്‍ശനം കാണാനെത്തുന്നവര്‍ക്ക് പ്ലാവിന്‍ തൈകള്‍ വിതരണം ചെയ്യും. വിവിധ ദിവസങ്ങളിലായി മന്ത്രിമാര്‍, രാഷ്ട്രീയ നേതാക്കള്‍, സാമൂഹികസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, സിനിമാതാരങ്ങള്‍ എന്നിവര്‍ മേള സന്ദര്‍ശിക്കും. എല്ലാദിവസവും രാവിലെ 11 മുതല്‍ രാത്രി ഒമ്പതു വരെയാണ് പ്രദര്‍ശനം.