കള്ള വോട്ട്: കെ സുരേന്ദ്രന്റെ പട്ടികയിലുള്ള പരേതന്‍ ജീവനോടെ, ഗള്‍ഫിലുള്ളയാള്‍ ഗള്‍ഫ് കണ്ടിട്ടില്ലെന്ന് പാസ്‌പോര്‍ട്ട് രേഖ

കെ. സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മരിച്ചവരുടെ പട്ടികയിലുള്ള വോട്ടര്‍, സമന്‍സ് കൈയ്യോടെ സ്വീകരിച്ചതായി മീഡിയ വണ്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. സ്ഥാനാര്‍ത്ഥിയായിരുന്ന കെ. സുരേന്ദ്രന്‍ ഹൈക്കോടതിയല്‍ സമര്‍പ്പിച്ചവരുടെ പട്ടികയിലുള്ള കാസര്‍കോട് വോര്‍ക്കാടി പഞ്ചായത്തിലെ ബാക്രബയല്‍ സ്വദേശി അഹമ്മദ് കുഞ്ഞിയാണ് കോടതിയില്‍ നിന്നുമുള്ള സമന്‍സ് നേരിട്ട് കൈപറ്റിയത്.

പരേതന്‍ വോട്ട് രേഖപ്പെടുത്തിയെന്ന് ആരോപിച്ച് കെ. സുരേന്ദ്രന്‍ ഫയല്‍ ചെയ്ത കേസിലാണ് ഹൈക്കോടതി അഹമ്മദ് കുഞ്ഞിക്ക് സമന്‍സ് അയച്ചത്.അഹമ്മദ് കുഞ്ഞിയോട് ജൂണ്‍ 15ന് കോടതിയില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വോട്ടര്‍ പട്ടികയില്‍ പേരു വന്നതുമുതലുള്ള എല്ലാ തെരഞ്ഞെടുപ്പിലും താന്‍ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇനി മരിക്കുന്നത് വരെ അത് തുടരുമെന്നും അഹമ്മദ് കുഞ്ഞി മാധ്യമങ്ങളോട് പറഞ്ഞു.

തെരഞ്ഞെടുപ്പ് സമയത്ത് വിദേശത്ത് പോയെന്ന് സുരേന്ദ്രന്‍ വാദിച്ച അനസ് ഇതുവരെ വിദേശ യാത്ര നടത്തിയിട്ടില്ലെന്നും പാസ്‌പോര്‍ട്ട് രേഖകള്‍ സാക്ഷ്യപ്പെടുത്തിയതായും മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അനസും സമന്‍സ് കൈപ്പറ്റിയിട്ടുണ്ട്. ഗള്‍ഫിലായിരുന്ന അനസ് വോട്ട് രേഖപ്പെടുത്തിയെന്നാണ് പരാതി.

മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന്റെ പി.ബി അബ്ദുള്‍ റസാഖ് വെറും 89 വോട്ടുകള്‍ക്കാണ് വിജയിച്ചത്. മരിച്ചു പോയവരുടെയും വിദേശത്തുള്ളവരുടേയും പേരില്‍ വ്യാപകമായി കള്ളവോട്ടു നടന്നിട്ടുണ്ടെന്നാണ് സുരേന്ദ്രന്റെ ആരോപണം.

വീഡിയോ കാണാം