“അത്തിബല്ലെ” എന്താണിത് ഒന്നും മനസിലായില്ല അല്ലേ… രസകരമാണ് കാര്യങ്ങള്‍

ബംഗ്ലൂരിലെ ഒരു പോലീസ് സ്റ്റേഷന്‍ ട്രാഫിക് നിയമം ലംഘിക്കുന്നവര്‍ക്കായി പുതിയ ശിക്ഷ കൊണ്ടുവന്നിട്ടുണ്ട്. അതി രസകരവും അതിലുപരി വ്യത്യസ്തത നിറഞ്ഞതുമാണ് ഈ ശിക്ഷ. ഇനി കൂടുതല്‍ അറിഞ്ഞോളു ‘അത്തിബല്ലെ’ എന്താണിത് ഒന്നും മനസിലായില്ല അല്ലേ. ഈ പേരു കേട്ടിട്ട് മധുരമേറിയ വല്ല പഴവുമാണെന്നു തോന്നിയോ?..

എന്നാല്‍ അങ്ങനെയല്ല ഇത് കര്‍ണ്ണാടകയിലെ ബംഗ്ലൂരിലുളള ഒരു പോലീസ് സ്റ്റേഷന്റെ പേരാണ്. ഇവിടെയാണ് പുതിയ ശിക്ഷാ രിതി നടപ്പിലാക്കുന്നത്. നിയമം ലംഘിച്ച് വാഹനം നിരത്തിലിറക്കിയാല്‍ പിഴ ഈടാക്കുന്നതിന് പകരം സ്റ്റേഷനില്‍ നിന്ന് ഇന്‍സ്‌പെക്ടര്‍ വക ഒരു തൈചെടി നിയമം ലംഘിച്ച ആള്‍ക്ക് നല്‍കും. ആ ചെടി കുഴിച്ചിട്ടതിന് ശേഷം തെളിവായി വാട്‌സ്അപ്പില്‍ രണ്ടു ഫോട്ടോ എടുത്തയക്കണം. അതോടെ നിങ്ങളില്‍ നിന്ന് വേറെ പിഴയൊന്നും ഈടാക്കില്ല.

ഇന്‍സ്‌പെക്ടര്‍ രാജേഷാണ് അത്തിബല്ലെ സ്റ്റേഷനില്‍ ആക്ക്ഷന്‍ഹീറോ ബിജുവാകാതെ മാതൃക കാണിക്കുന്നത്. വക്കീലായി ഔദ്യോഗിക ജീവിതം ആരംഭിച്ച രാജേഷ് അത് ഉപേക്ഷിച്ച് വീരപ്പനെ പിടിക്കാനിറങ്ങിയ സംഘത്തില്‍ ചേരുകയായിരുന്നു. പിന്നീട് അത്തിബല്ലെ സ്റ്റേഷനില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായതോടെയാണ് വ്യത്യസ്തമായ രീതിയില്‍ പിഴ നല്‍കല്‍ രീതി നടപ്പിലാക്കിയത്. തമിഴ്‌നാട് എം.എല്‍.എ. പി. കാമരാജും രാജേഷിന്റെ ശിക്ഷ ലഭിച്ചവരിലൊരാളാണ് എന്നതും ശ്രദ്ദേയം. ബംഗ്ലൂരിലെ റോഡരികുകളിലും കോളേജിലും സ്‌കൂളിലുമൊക്കെയായി രാജേഷ് നല്‍കിയ ചെടികളുണ്ട് ഇന്ന് ചില്ല വിടര്‍ത്തി തലയുയര്‍ത്തി തണലേകി നില്‍ക്കാന്‍.