കശാപ്പ് നിയന്ത്രണം: കേന്ദ്ര വിജ്ഞാപനത്തിന് സ്റ്റേ ഇല്ല, കേന്ദ്രത്തിനോട് വിശദീകരണം തേടി സുപ്രീം കോടതി

കശാപ്പ് നിയന്ത്രണ ഉത്തരവിന് സുപ്രീം കോടതി സ്‌റ്റേ ഇല്ല. വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. രണ്ടാഴ്ചക്കകം കേന്ദ്രസര്‍ക്കാരിന്റെ കന്നുകാലി വിജ്ഞാപനം സംബന്ധിച്ച് വിശദീകരണം നല്‍കാനാണ് കോടതി ഉത്തരവിട്ടത്.

കന്നുകാലി കശാപ്പ് നിയന്ത്രണത്തിനെതിരെ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെയാണ് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടത്. വിഷയത്തില്‍ കേന്ദ്രത്തിന്റെ കൂടെ അഭിപ്രായം കേട്ടശേഷം നിലപാടെടുക്കാമെന്നു സുപ്രീം കോടതി വ്യക്തമാക്കി.

നേരത്തെ കന്നുകാലി കശാപ്പ് നിരോധിക്കുകയോ തടയുകയോ അല്ല സര്‍ക്കാര്‍ ഉത്തരവ് കൊണ്ട് ലക്ഷ്യമിടുന്നതെന്നും നിയമവിരുദ്ധമായ കാര്യങ്ങള്‍ തടയുകയാണ് വിജ്ഞാപനം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും കോടതിയില്‍ പറഞ്ഞിരുന്നു. ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ സാധിക്കില്ലെന്ന് കോടതി അറിയിച്ചു. കേസ് ജൂലൈ 11നു വീണ്ടും പരിഗണിക്കും. ഇക്കഴിഞ്ഞ മേയ് 23നു കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനത്തില്‍ പിഴവുകളുണ്ടെന്നാണ് ഹര്‍ജിക്കാരുടെ വാദം.