തിരിച്ചെത്തിയാലുള്ള തന്റെ സ്ഥാനം വ്യക്തമാക്കണമെന്ന് ജേക്കബ് തോമസ്; ചീഫ് സെക്രട്ടറിക്കും മുഖ്യ മന്ത്രിക്കും കത്ത് നല്‍കി

അവധി നീട്ടുന്ന കാര്യം ആലോചനയിലാണെന്ന് സൂചിപ്പിച്ചതിന് പിന്നാലെ അവധി അവസാനിപ്പിച്ച് തിരിച്ച് എത്തിയാല്‍ തന്റെ സ്ഥാനം ഏതാണെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പി. ജേക്കബ് തോമസ് സര്‍ക്കാരിന് കത്ത് നല്‍കി. ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കുമാണ് ജേക്കബ് തോമസ് കത്ത് നല്‍കിയത്.

തിങ്കളാഴ്ച്ച ജോലിയില്‍ പ്രവേശിക്കാനിരിക്കെയാണ് ഈ നീക്കം. അവധിയില്‍ പോകാന്‍ ആവശ്യപ്പെട്ടിരുന്നു. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയത് അറിയച്ചിട്ടില്ല. തിരിച്ചെത്തിയാല്‍ ഏത് പദവിയായിരിക്കുമെന്ന കാര്യത്തില്‍ വ്യക്തത വേണമെന്നും ജേക്കബ് തോമസ് കത്തില്‍ പറയുന്നു.

വിജിലന്‍സ് ഡയറക്ടറായിരിക്കെ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ച ജേക്കബ് തോമസ് ഈ മാസം 19ന് തിരികെ എത്താന്‍ തീരുമാനിച്ചിരുന്നു. താന്‍ തിരികെ എത്തുമെന്ന് ഉറപ്പായതോടെ പുതിയ വിവാദങ്ങളും തലപൊക്കുകയാണെന്നും. ഇതിന് പിന്നില്‍ ആരാണെന്ന് അറിയാമെന്നും ജേക്കബ് തോമസ് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.