കുമ്മനത്തിനാകാം… മെട്രോ ഉദ്ഘാനത്തിന് പ്രധാനമന്ത്രിക്കൊപ്പം കുമ്മനവും, വിവാദം കൊഴുക്കുന്നു

ഉദ്ഘാടന പൂരം കഴിയുന്നതിനു മുമ്പേ വിവാദം.കുമ്മനം രാജശേഖരന്‍ കൊച്ചി മെട്രോയുടെ ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രിക്കും സംഘത്തിനും ഒപ്പം എത്തിയതില്‍ ദുരൂഹത. നേരത്തെ മെട്രോമാന്‍ ഇ ശ്രീധരനേയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയേയും സുരക്ഷാ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി അവഗണിച്ചവരാണിപ്പോള്‍ കുമ്മനത്തിന് വഴിയൊരുക്കിയിരിക്കുന്നത്.

എന്നാല്‍ സംസ്ഥാനത്ത് വ്യക്തമായ പ്രാതിനിധ്യം ഇല്ലാത്ത ഒരു പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ ഉദ്ഘാനവോളയില്‍ പ്രധാന മന്ത്രിക്കൊപ്പം കടന്നു കൂടിയത് രാഷട്രീയ ലാഭം ഉണ്ടാക്കിയെടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണെന്ന വാദമാണ് ഇപ്പോള്‍ ഉയരുന്നത്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ ബി.ജെ.പി. കൊച്ചി മെട്രോ യാഥാര്‍ഥ്യമാക്കിയ പ്രധാനമന്ത്രിക്ക് അഭിവാദ്യമര്‍പ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡുകള്‍ ഉള്‍പ്പെടെ ഉയര്‍ത്തിയിരുന്നു.

കൊച്ചി മെട്രോയുടെ ക്രഡിറ്റ് സ്വന്തം അക്കൗണ്ടിലേയ്ക്ക് കൊണ്ടു വരാനുള്ള ബി.ജെ.പിയുടെ തന്ത്രമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ കുമ്മനത്തിന്റെ ഈ നീക്കത്തെയും കാണുന്നത്. കഴിഞ്ഞ ദിവസം ഇ ശ്രീധരനേയും പ്രതിപക്ഷനേതാവിനേയും കൂടി വേദിയിലിരിക്കേണ്ടവരുടെ കേന്ദ്രത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടന്ന വിശദീകരണം നല്‍കിയത് കുമ്മനം രാജശേഖരനായിരുന്നു. വ്യക്തമായ രാഷട്രീയ ലക്ഷ്യത്തോടെ ആര്‍.എസ്. എസും ബി.ജെ.പിയും കേരളത്തില്‍ നടത്തുന്ന രാഷ്ട്രീയ നീക്കത്തിന്റെ ഫലമാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്.