നിവിന്‍ പോളി മികച്ച നടന്‍ ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ വിതരണം ചയ്തു

ദക്ഷിണേന്ത്യന്‍ ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ ഹൈദരാബാദില്‍ വിതരണം ചെയ്തു. നിവിന്‍ പോളിയാണ് മലയാളത്തിലെ മികച്ച നടന്‍. നയന്‍താരയാണ് നടി. മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് ആഷിക് അബുവിനും സംവിധായകനുള്ള അവാര്‍ഡ് ദിലീഷ് പോത്തനും വേണ്ടി നായിക അപര്‍ണാ ബാലമുരളി സ്വീകരിച്ചു.

ആക്ഷന്‍ ഹീറോ ബിജുവിലെ അഭിനയത്തിനാണ് നിവിന്‍ പോളി മികച്ച നടനുള്ള അവാര്‍ഡ് നേടിയത്. പുതിയ നിയമത്തിലെ പ്രകടനത്തിന് നയന്‍താരയ്ക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചു. മഹേഷിന്റെ പ്രതികാരത്തിന് മൂന്ന് അവാര്‍ഡുകള്‍ ലഭിച്ചു. മികച്ച സിനിമ, സംവിധാനം, സംഗീതം എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരം. സപ്പോര്‍ട്ടിംഗ് റോളില്‍ വിനായകനും (കമ്മട്ടിപ്പാടം), ആശാ ശരത് (അനുരാഗ കരിക്കിന്‍ വെള്ളം) അവാര്‍ഡ് ലഭിച്ചു. മഹേഷിന്റെ പ്രതികാരത്തിലൂടെ ബിജിബാല്‍ മികച്ച സംഗീത സംവിധായകനുള്ള അവാര്‍ഡ് നേടി.

ഗാനരചനയ്ക്ക് മധു വാസുദേവന്‍ (ഒപ്പം) അവാര്‍ഡ് സ്വന്തമാക്കി. എം ജി ശ്രീകുമാര്‍ (ചിന്നമ്മാ അടി കള്ളിച്ചെല്ലമ്മ ചിത്രം- ഒപ്പം) ഗായകനുള്ള പുരസ്‌കാരവും ചിന്‍മയി (ആക്ഷന്‍ ഹീറോ ബിജു) ഗായികയ്ക്കുള്ള അവാര്‍ഡും സ്വന്തമാക്കി. കലി, കമ്മട്ടിപ്പാടം എന്നീ സിനിമകളിലെ പ്രകടനത്തിന് ക്രിട്ടിക്‌സ് ബെസ്റ്റ് ആക്ടര്‍ പുരസ്‌കാരം ദുല്‍ഖര്‍ സല്‍മാന് ലഭിച്ചു.

അച്ചം യെമ്പട് മടമൈയടായുടെ സംഗീതമൊരുക്കിയ ഏ.ആര്‍. റഹ്മാന്‍ ആണ് മികച്ച സംഗീത സംവിധായകന്‍. ഇതേ ചിത്രത്തിലെ ഗാനരചനയ്ക്ക് താമിരൈയും പുരസ്‌കാരം നേടി. ജോക്കറിലെ ഗാനത്തിന് സുന്ദരയ്യര്‍ക്ക് മികച്ച ഗായകനുള്ള പുരസ്‌കാരം ലഭിച്ചു. കബാലിയിലെ മായാനദി എന്ന ഗാനത്തിലൂടെ മലയാളിയായ ശ്വേതാ മോഹന്‍ മികച്ച ഗായികയായി.