കുമ്മനം എംഎല്‍എ; കേന്ദ്രത്തിന്റെ പട്ടികയില്‍ ഇടം പിടിച്ചതിങ്ങനെ

ഇന്നലെ സെന്റ് തെരേസാസ് കോളേജില്‍ നടന്ന ചടങ്ങില്‍ കുമ്മനം രാജശേഖരന്‍ പങ്കെടുത്തത് എം.എല്‍.എ. എന്ന പേരില്‍. സംസ്ഥാന സര്‍ക്കാരിന് കേന്ദ്രം നല്‍കിയ പട്ടികയിലാണ് എം.എല്‍.എ. എന്നു കുമ്മനത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. പ്രധാന മന്ത്രിയുടെ ഓഫീസിലെ അണ്ടര്‍ സെക്രട്ടറി അംഗീകരിച്ച പട്ടികയാണിത്.

പ്രധാന മന്ത്രിയുടെ പ്രോട്ടോക്കോള്‍ പാലിക്കേണ്ട അഞ്ച് ചടങ്ങുകളായിരുന്നു ഇന്നലെ സംസ്ഥാനത്ത് ഉണ്ടായിരുന്നത്. ഇതില്‍ നാലിടത്തെ പ്രോട്ടോക്കോള്‍ മാത്രമാണ് പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാനത്തിന് കൈമാറിയത്. സെന്റ് തെരേസാസ് കോളേജില്‍ ഇന്നലെ പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ വായന ദിനവുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയിലാണ് കുമ്മനത്തെ പ്രധാനമന്ത്രിയുടെ ഓഫീസ് എം.എല്‍.എ. എന്ന് വിശേഷിപ്പിച്ചത്. രാജ്യസഭ ഡെപ്യൂട്ടി ചെയര്‍മാന്‍ പി.ജെ. കുര്യന്‍, കെ.വി. തോമസ് എം.പി, എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

ഇന്നലെ കൊച്ചി മെട്രോയില്‍ പ്രധാന മന്ത്രിയോടൊപ്പം ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ യാത്ര ചെയ്തത് വലിയ ചര്‍ച്ചയായതിനു പിന്നാലെയാണ് സെന്റ് തെരേസാസ് കോളേജില്‍ നടന്ന ചടങ്ങില്‍ എം.എല്‍.എ. എന്ന പേരില്‍ കുമ്മനം കയറിപറ്റിയത്.