കര്‍ശന നിര്‍ദ്ദേശങ്ങളുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം; യഥാർഥ രേഖ കൈവശം വേണം

പ്രവാസികള്‍ യഥാര്‍ഥ റസിഡന്‍സി പെര്‍മിറ്റ് (ഖത്തര്‍ തിരിച്ചറിയല്‍ രേഖ) തന്നെ കൈവശം വയ്ക്കണമെന്നു ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പ്. പകര്‍പ്പ് രേഖകള്‍ അംഗീകരിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് വകുപ്പ് കമ്യൂണിറ്റി റീച്ച് ഔട്ട് ഓഫിസ് കോ-ഓര്‍ഡിനേറ്റര്‍ ഫൈസല്‍ അല്‍ ഹുദവി പറഞ്ഞു. പോലീസ്, സി.ഐ.ഡി. ഉദ്യോഗസ്ഥര്‍ എന്നു പരിചയപ്പെടുത്തി തിരിച്ചറിയല്‍ രേഖ ചോദിക്കുന്നവരോട് അവരുടെ ഐ.ഡി. കാര്‍ഡ് ആവശ്യപ്പെടാം.

നാട്ടില്‍നിന്നു ഖത്തറിലേക്കു മടങ്ങുന്നവര്‍ കൊണ്ടുവരുന്ന സാധനങ്ങളെക്കുറിച്ചു ജാഗ്രത പാലിക്കണം. എന്താണെന്നു പരിശോധിച്ച് ഉറപ്പു വരുത്താതെ മറ്റുള്ളവരില്‍നിന്നു യാതൊന്നും സ്വീകരിക്കരുത്. ഖത്തറില്‍ നിരോധിച്ചിട്ടുള്ള 150ലേറെ മരുന്നുകള്‍ കൊണ്ടുവരുന്നതിനു വിലക്കുണ്ട്.

ഒരുമാസം വരെ ഉപയോഗിക്കേണ്ട മരുന്നുകള്‍ക്കൊപ്പം ഡോക്ടറുടെ ഒപ്പും ആശുപത്രി സീലും ഉള്ള കുറിപ്പടി സൂക്ഷിക്കണം. ഒരു മാസത്തിലധികം ഉപയോഗിക്കേണ്ട മരുന്നുകള്‍ക്കു പകരം ഖത്തറില്‍ ലഭ്യമായ മരുന്നു വാങ്ങണം. നിരോധിത മരുന്നുമായി പിടിയിലായാല്‍ മൂന്നു മുതല്‍ അഞ്ചു ലക്ഷം റിയാല്‍ വരെ പിഴയും 10 വര്‍ഷം വരെ തടവും ലഭിക്കും.