ഗ്യാസ് ചോര്‍ന്നാല്‍ ഓടിക്കോ… എന്ന് കേന്ദ്രസര്‍ക്കാര്‍ ബുക്കലെറ്റ്‌ ; ഉള്ളില്‍ തീക്കനലെരിയാതിരിക്കുന്നതെങ്ങിനെ.. സമരം ചെയ്യാതിരിക്കുന്നതെങ്ങനെ?..

പുതുവൈപ്പിനിലെ ഐ.ഒ.സി പ്ലാന്റില്‍ നിന്നും വാതകം ചോര്‍ന്നാല്‍ വരാനിരിക്കുന്നത് വന്‍ അപകടമെന്ന് പ്രദേശവാസികളെ ബോധവല്‍ക്കരിച്ചത് കേന്ദ്രസര്‍ക്കാര്‍ തന്നെ. പ്ലാന്റ് വരുന്ന സാഹചര്യത്തില്‍ ജനങ്ങളെ ബോധവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ പെട്രോനൈറ്റ് വിതരണം ചെയ്ത ബുക്ക്‌ലെറ്റാണ് വാതക ചോര്‍ച്ച സംഭവിച്ചാല്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ച് ബോധ്യം ജനങ്ങളില്‍ സൃഷ്ടിച്ചത്.

‘പൊതുജന ബോധവത്കരണം’ എന്ന തലക്കെട്ടില്‍ പെട്രോനെറ്റ് തയ്യാറാക്കി വിതരണം ചെയ്ത ബുക്ക്‌ലെറ്റാണ് വാതക ചോര്‍ച്ച നടന്നാല്‍ ഓടി രക്ഷപ്പെടുകയെന്നതല്ലാതെ മറ്റൊരു മാര്‍ഗവും ഇല്ലെന്ന ബോധ്യപ്പെടുത്തല്‍. അപകടമുണ്ടായാല്‍ വീടും വസ്തുവകകളുമെല്ലാം ഉപേക്ഷിച്ച് കാറ്റിന്റെ ദിശ നോക്കി ഓടാനാണ് വൈപ്പിന്‍ നിവാസികളോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം. അമര്‍ച്ചിത്രകഥയെ വെല്ലുംവിധമാണ് കാത്തിരിക്കുന്ന അപകടമെന്തെന്ന് നിര്‍ദേശങ്ങള്‍ തയ്യാറാക്കിയത്.

 

വീടിനുള്ളില്‍ നിന്നും തുറസ്സായ സ്ഥലത്തേയ്ക്കിറങ്ങുക. ഒരു പിടിപൂഴിമണ്ണ് മേലോട്ടെറിഞ്ഞ് കാറ്റിന്റെ ഗതി മനസിലാക്കുക. ഒരു കൈലേസ് നിവര്‍ത്തി ഉയര്‍ത്തിപ്പിടിച്ചും കാറ്റിന്റെ ഗതി മനസിലാക്കാം. കാറ്റിന്റെ ദിശ പരിശോധിച്ച് ഉറപ്പുവരുത്തിയശേഷം ദിശ നോക്കി ഉടനെ തന്നെ തുറസ്സായ പ്രദേശത്തേക്ക് പോകണം. വാതക ചോര്‍ച്ചയുടെ അറിയിപ്പ് കിട്ടിയാല്‍ ഉടനെ തന്നെ താമസിക്കുന്ന വീടും പരിസരവും ഉപേക്ഷിച്ച് സുരക്ഷിതമായ സ്ഥലത്തേയ്ക്ക് പോകണം. എന്തെന്നാല്‍ നമ്മുടെ ജീവന്‍ മറ്റെന്തിനെക്കാളും വിലപ്പെട്ടതാണ്.


രാജ്യത്ത് എല്‍.എന്‍.ജി ടെര്‍മിനലുകള്‍ ഉണ്ടാക്കാനും എല്‍.പി.ജി കയറ്റുമതി ചെയ്യാനും ഭാരത സര്‍ക്കാര്‍ രൂപം കൊടുത്ത ഇന്ത്യന്‍ ഓയില്‍ ആന്റ് ഗ്യാസ് കമ്പനിയാണ് പെട്രോനെറ്റ് എല്‍.എന്‍.ജി ലിമിറ്റഡ്.