പുതുവൈപ്പ് സമരം: പോലീസ് ക്രൂരത കസ്റ്റഡിയിലെടുത്ത സ്ത്രീകളോടും ; തിരുവനന്തപുരത്തേക്ക് ചര്‍ച്ചയ്ക്കില്ലെന്ന് സമരസമിതി

പുതുവൈപ്പിനിലെ ഐ.ഒ.സിയുടെ എല്‍.പി.ജി. ടെര്‍മിനല്‍ പദ്ധതിക്കെതിരെ സമരം ചെയ്തതിന്റെ പേരില്‍ കസ്റ്റഡിയില്‍ എടുത്തവരോടും പോലീസിന്റെ ക്രൂരത തുടരുന്നു. സ്ത്രീകള്‍ അടക്കമുളള പ്രതിഷേധക്കാര്‍ക്ക് അടിസ്ഥാന ആവശ്യങ്ങള്‍ നിഷേധിക്കുന്നതായാണ് പരാതി. ഇവര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ക്കായി പൊലീസ് സ്റ്റേഷനിലുളള ശുചിമുറി ഉപയോഗിക്കാന്‍ പൊലീസുകാര്‍ അനുമതി നല്‍കിയില്ല.

ഇന്നലെ നടന്ന സമരത്തിനിടെ 122 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ 87പേര്‍ സ്ത്രീകളാണ്. അറസ്റ്റിലായ 74 പേരെ കളമശേരി എ.ആര്‍. ക്യാംപിലേക്കും 48 പേരെ മുനമ്പം പൊലീസ് സ്റ്റേഷനിലുമാണ് എത്തിച്ചത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് രണ്ടു കേസുകള്‍ ഇവര്‍ക്കെതിരെ ഞാറക്കല്‍ പൊലീസ് ചാര്‍ജ് ചെയ്തിരുന്നു.

എന്നാല്‍ മുഖ്യമന്ത്രി വിളിച്ച ചര്‍ച്ചയ്ക്കായി തിരുവനന്തപുരത്തേക്ക് പോകില്ലെന്നും സമരസമിതി നേതാക്കള്‍ അറിയിച്ചു. ഒരുവട്ടം തിരുവനന്തപുരത്ത് നടന്ന ചര്‍ച്ചയില്‍ തള്ളിപറയുകയും വെളളിയാഴ്ച മന്ത്രി മേഴ്‌സിക്കുട്ടിയമ്മ വഴി നല്‍കിയ ഉറപ്പുകള്‍ ലംഘിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് തിരുവനന്തപുരത്തേക്ക് ചര്‍ച്ചയ്ക്കില്ലെന്ന് സമരസമിതി തീരുമാനിച്ചതെന്നും ചെയര്‍മാന്‍ എം.ബി ജയഘോഷ് പറഞ്ഞു.

കൊച്ചി മട്രോ ഉദ്ഘാടന വേദിയല്‍ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തില്‍ തന്നെ സമരക്കാര്‍ക്കെതിരെ സര്‍ക്കാര്‍ നയം എന്തെന്നു വ്യക്തമാക്കിയിരുന്നു. തൊട്ടു പിന്നാലെയാണ് പോലീസ് നരനായാട്ട് നടത്തിയത് എന്നതും ശ്രദ്ദേയമാണ്.