സ്ഥാനാര്‍ഥിയെ പിന്തുണക്കാതെ പ്രതിപക്ഷ പാര്‍ട്ടികള്‍; നടപ്പിലാക്കിയത് ആര്‍എസ്എസ് അജണ്ടയെന്ന് യെച്ചൂരി

എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ബിഹാര്‍ ഗവര്‍ണര്‍ രാംനാഥ് കോവിന്ദിനെ പ്രഖ്യാപിച്ചതിനെ അനുകൂലിക്കാതെ പ്രതിപക്ഷ പാര്‍ട്ടികള്‍. സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ സമവായത്തിന് ആത്മാര്‍ത്ഥമായി ബി.ജെ.പി. ശ്രമിച്ചില്ലെന്ന് കോണ്‍ഗ്രസും സി.പി.എമ്മും ഉള്‍പ്പെടെ പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. ദളിത് സ്ഥാനാര്‍ഥിയാണെങ്കിലും രാംനാഥ് കോവിന്ദിന്റേത് ആര്‍.എസ്.എസ്. രാഷ്ട്രീയമാണെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷമാണ് ആരാണ് സ്ഥാനാര്‍ത്ഥിയെന്ന് പറഞ്ഞത്. ഇത്തരത്തിലാണോ പ്രതിപക്ഷവുമായി സമവായ ചര്‍ച്ച നടത്തേണ്ടതെന്നും യെച്ചൂരി ചോദിച്ചു. ആര്‍.എസ്.എസ്. അജന്‍ഡയാണ് സ്ഥാനാര്‍ഥിത്വമെന്നും യെച്ചൂരി പ്രതികരിച്ചു. അതേസമയം കോണ്‍ഗ്രസും ബി.ജെ.പിയുടെ തീരുമാനത്തിനെതിരെ രംഗത്തെത്തി. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച ശേഷമാണ് ബി.ജെ.പി. അറിയിച്ചതെന്നും തീരുമാനം ഏകപക്ഷീയമാണെന്നും എന്‍.ഡി.എയ്ക്ക് ഒപ്പമുള്ള ശിവസേനയും ആരോപിച്ചു.വിഷയത്തില്‍ തീരുമാനമെടുക്കാനായി പ്രതിപക്ഷ പാര്‍ട്ടികള്‍ 22ന് യോഗം ചേരും.