എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു; ബീഹാര്‍ ഗവര്‍ണ്ണര്‍ രംനാഥ് കോവിന്ദാണ് സ്ഥാനാര്‍ഥി

എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. ബിഹാര്‍ ഗവര്‍ണര്‍ രാംനാഥ് കോവിന്ദ് ആണ് എന്‍.ഡി.എ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകുക. ബി.ജെ.പി. പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തിന് ശേഷമാണ് ദേശീയ അധ്യക്ഷന്‍ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.

ഉത്തര്‍പ്രദേശിലെ ബി.ജെ.പിയുടെ ദളിത് നേതാവാണ് കോവിന്ദ്. ബി.ജെ.പിയുടെ യു.പി. ദളിത് മോര്‍ച്ച മുന്‍ പ്രസിഡന്റായ രാംനാഥ് കോവിന്ദ് രണ്ട് തവണ ബി.ജെ.പി. സീറ്റില്‍ പാര്‍ലമെന്റിലെത്തിയിരുന്നു. നരേന്ദ്ര മോഡിയാണ് കോവിന്ദിന്റെ പേര് നിര്‍ദേശിച്ചതെന്നാണ് സൂചന.

ഇന്ത്യയുടെ 14മത് രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി രാംനാഥ് കോവിന്ദിനെ എന്‍.ഡി.എ. തീരുമാനിച്ചതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി സംസാരിച്ചു. ദളിത് നേതാവായ കോവിന്ദിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തി കാണിച്ചാല്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ എതിര്‍പ്പ് ഒരുപരിധിയില്‍ അധികം ഉണ്ടാവില്ലെന്നതാണ് ബിജെപി കാണുന്നത്.

ബി.ജെ.പി. മുന്‍ വക്താവും ദളിത് മോര്‍ച്ചാ നേതാവുമായ കോവിന്ദിന്റെ പേര് ഒരു ഘട്ടത്തിലും ചര്‍ച്ചയായിരുന്നില്ല. അപ്രതീക്ഷിതമായാണ് ഈ പേര് രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയുടേതായി ബി.ജെ.പി. പ്രഖ്യാപിച്ചത്.