ഇവര്‍ അടിമകളല്ല: പോരാട്ടം ഔദാര്യത്തിന് വേണ്ടിയുമല്ല അവകാശത്തിനായാണ്… ; മാലാഖമാരെ പിന്തുണയ്ക്കാം

തൃശൂര്‍: ഇവര്‍ ഭൂമിയിലെ മാലാഖമാര്‍… പറയുമ്പോഴും കേള്‍ക്കുമ്പോഴും ഇമ്പമൂറുന്ന വാക്കുകള്‍. രോഗങ്ങളാല്‍ പിടയുന്നവന്റെ മുന്‍പിലേക്ക് തൂവെള്ള വസ്ത്രത്തില്‍ ആശ്വാസത്തിന്റെ സ്‌നേഹ സ്വാന്തനവുമായി എത്തുന്നവര്‍. ഇവരുടെ കരുതലും സ്‌നേഹവും ഒരു മനുഷ്യനും മറക്കാനാവില്ല. എന്നാല്‍, നാലും അഞ്ചും കൊല്ലം ഉറക്കമിളച്ചിരുന്നു പഠിച്ച് നഴ്‌സിങ് ബിരുദവുമായി സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ആയിരകണക്കിന് മാലാഖമാരുടെ ഇന്നത്തെ സ്ഥിതിയെന്ത്?

പുണ്യാളന്‍മാരുടെയും വാഴ്ത്തപ്പെട്ടവരുടെയും ഉള്‍പ്പടെ മനോഹരമായ പേരുകളില്‍ പ്രവര്‍ത്തിക്കുന്ന മതസാമൂഹിക സ്വകാര്യ മാനേജ്‌മെന്റുകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നക്ഷത്ര ആതുരാലയങ്ങള്‍. ഇവിടങ്ങളില്‍ രോഗവും പേറി ചികിത്സക്കെത്തുന്നവര്‍ വീടിന്റെ അടിയാധാരം വരെ പണയം വെച്ചു ചികിത്സ നടത്തിയാണ് മടങ്ങുന്നത്. കോടികളുടെ വരുമാനമുള്ള ആതുരാലയങ്ങള്‍. ഡോക്ടര്‍മാര്‍ക്ക് ലക്ഷങ്ങളാണ് നല്‍കുന്നത്.

എന്നാല്‍, സമയവും കാലവും നോക്കാതെ വിശ്രമമില്ലാതെ രോഗീപരിചരണം നടത്തുന്ന നഴ്‌സുമാര്‍ക്ക് മാസം കിട്ടുന്നത് തുച്ഛമായ വരുമാനം. ശമ്പള വര്‍ധനവിനായുള്ള നഴ്‌സുമാരുടെ മുറവിളിക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. സുപ്രീംകോടതി ഇടപെട്ടു. രണ്ട് കമ്മീഷനുകള്‍ റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍, നിയമം നടപ്പില്‍ വരുത്തേണ്ട സര്‍ക്കാരും മാന്യമായ വേതനം നല്‍കേണ്ടവരും മുഖം തിരിച്ചു തന്നെ നില്‍ക്കുന്നു.

തുല്യ ജോലിക്ക് തുല്യ കൂലി. സുപ്രീംകോടതി നിര്‍ദേശവും ബലരാമന്‍, വീരകുമാര്‍ റിപ്പോര്‍ട്ടുകളും നടപ്പാക്കുക. ഈ മുദ്രാവാക്യം നഴ്‌സുമാര്‍ ഉയര്‍ത്താന്‍ തുടങ്ങിയിട്ട് കാലങ്ങളായി. യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യു.എന്‍.എ) ഈ ആവശ്യവുമായി നിരന്തരം പോരാട്ടത്തിലാണ്. പക്ഷെ, ഈ ആവശ്യങ്ങള്‍ അധികൃതരുടെ ബധിരകര്‍ണങ്ങളിലാണ് പതിക്കുന്നതെന്ന് മാത്രം.

എട്ടും പത്തും ലക്ഷം രൂപ മുടക്കിയാണ് നഴ്‌സുമാര്‍ പഠിച്ചിറങ്ങുന്നത്. ബാങ്ക് വായ്പയും ബ്ലേഡ് പലിശക്കാരോട് പണം വായ്പയെടുത്തുമാണ് ഭൂരിപക്ഷവും പഠിച്ചിറങ്ങിയത്. നിലവില്‍ കിട്ടുന്നതാവട്ടെ തുച്ഛമായ 6000-7000 രൂപ മാത്രമാണ് ശമ്പളം. ജോലി സമയത്തിന് പരിധിയില്ല. എട്ടു മണിക്കൂറല്ല പത്തും പന്ത്രണ്ടും മണിക്കൂര്‍ രാത്രിയും പകലുമില്ലാതെ പണിയെടുക്കണം. കേരളത്തിലെ മാലാഖമാരുടെ ജീവിതത്തിന് ഇനിയെങ്കിലും മാറ്റം വരണ്ടെ.

ആരാണ് അതിന് രംഗത്തിറങ്ങുക. ജോലിയേക്കാളുപരി സേവനം ചെയ്യുന്നവര്‍. ആ മഹത്വം അംഗീകരിച്ച് നാം കേരളീയര്‍ മാലാഖമാര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. സംസ്ഥാനത്തെ നഴ്‌സുമാരില്‍ ഏറിയ പങ്കും വിദ്യാഭ്യാസ വായ്പ തിരിച്ചടക്കാനാവാതെ പ്രതിസന്ധിയിലായവരാണ്. ഒടുവില്‍ പിടിച്ചു നില്‍ക്കാനവാതെ അവര്‍ തെരുവിലിറങ്ങിയിരിക്കുന്നു. മാന്യമായ വേതനത്തിന് വേണ്ടിയുള്ള പോരാട്ടം. ജീവിതവും ജീവനും നിലനിര്‍ത്താനുള്ള പോരാട്ടം.

ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ സ്റ്റാര്‍ ഹോട്ടലുകള്‍ പോലെ നക്ഷത്ര ആതുരാലങ്ങള്‍ നടത്തുന്ന മതനേതാക്കള്‍ക്ക് ബാധ്യതയുണ്ട്. നിങ്ങള്‍ യേശുക്രിസ്തുവിന്റെ നല്ലയിടന്‍മാരും മണവാട്ടികളും ആണെങ്കില്‍ ഇതിന് ഉത്തരം നല്‍കിയേ മതിയാവൂ. നിങ്ങള്‍ക്ക് ജീവിക്കാന്‍ വേണ്ടി സമരം ചെയുന്ന നഴ്‌സിങ് സമൂഹത്തെ എങ്ങനെ ആത്മീയ കാര്യങ്ങള്‍ പറഞ്ഞു തളര്‍ത്താന്‍ കഴിയും. ആ പോരാട്ടത്തെ ഇകഴ്ത്തുന്ന നിങ്ങള്‍ യേശുവിന്റെ യഥാര്‍ഥ കുഞ്ഞാടുകളോ.

മാലാഖമാരുടെ സമരത്തെ തളര്‍ത്താന്‍ തകര്‍ക്കാന്‍ എന്തൊക്കെ വളഞ്ഞ വഴികളാണ് സ്വീകരിക്കുന്നത്. നഴ്‌സുമാര്‍ പൊറുത്താലും യേശുക്രിസ്തു നിങ്ങളോട് പൊറുക്കുമോ. തൃശൂര്‍ അതിരൂപതയിലെ ഒട്ടുമിക്ക പള്ളികളിലും നഴ്‌സുമാര്‍ അന്യായമായി സമരം ചെയ്യുന്നു എന്നു നിങ്ങള്‍ പ്രഘോഷിച്ചു വിശ്വാസികളെ തെറ്റി ധരിപ്പിച്ചു. വിശ്വാസികളെ മാലാഖമാര്‍ക്കെതിരേ തിരിച്ചു വിടാനുള്ള സൈക്കളോജിക്കല്‍ മൂവ്‌മെന്റ്.

നഴ്‌സിങ് മേഖലയിലെ 60 ശതമാനവും ക്രൈസ്തവ വിശ്വാസികളാണ്. ആ വിശ്വാസികളെ വിശ്വാസത്തിന്റെ പേരില്‍ നിങ്ങള്‍ ചൂഷണത്തിന് വിധേയരാക്കി അടിമ പണി ചെയ്യിക്കുകയല്ലേ. അവര്‍ അടിമകളാണെന്ന ധാരണ നിങ്ങള്‍ക്ക് വേണ്ട. അവര്‍ ഉയര്‍ത്തെഴുന്നേറ്റിരിക്കുന്നു. എല്ലാ വിശ്വാസ പ്രമാണങ്ങളിലും പറയുന്നുണ്ട് ജോലി ചെയ്യുന്നവന് ന്യാമായ കൂലി അവന്റെ വിയര്‍പ്പ് മാറുന്നതിന് മുന്‍പ് കൊടുക്കക എന്ന്. നിങ്ങള്‍ ആ വേദ വാക്യം മറന്നു പോയിരിക്കുന്നു. അല്ല മനപ്പൂര്‍വ്വം മറവിയിലേക്ക് തള്ളിയിരിക്കുന്നു. വേദ പുസ്തകത്തിലെ ആ ന്യായത്തിന് വേണ്ടിയല്ലെ ഈ പാവങ്ങളുടെ പോരാട്ടം.

പണത്തിന്റെ പളപളപ്പില്‍ ശീതീകരിണിയുടെ കുളിരില്‍ അഭിരമിക്കുന്ന…ലക്ഷങ്ങളും കോടികളും വിലമതിക്കുന്ന ആഡംബര രഥങ്ങളില്‍ പറന്നു നടക്കുന്നു നിങ്ങള്‍… പാവപ്പെട്ട വിശ്വാസികള്‍ നല്‍കുന്ന വിയര്‍പ്പിന്റെ മണം മാറാത്ത കറന്‍സികളിലാണ് നിങ്ങളുടെ ജീവിതം. ഇനി എത്രനാള്‍ ഈ മാലഖ കൂട്ടങ്ങളെ അടിമകളാക്കി പണം കൊയ്യാനാവും. ഇനി കഴിയില്ല. അവര്‍ ഉയര്‍ത്തെഴുന്നേറ്റ് കഴിഞ്ഞിരിക്കുന്നു.

ആരുടേം ഔദാര്യത്തിന് കാത്തു നില്‍ക്കാതെ അവകാശത്തിനായുള്ള പോരാട്ടത്തിലാണ് മാലാഖമാര്‍… ഈ അവകാശ സമരം വിജയം കാണും. അതിന്റെ ആദ്യ പ്രതികരണം ദയ ആശുപത്രിയില്‍ നിന്ന് സംഭവിച്ചിരിക്കുന്നു. അത് മറ്റെല്ലായിടത്തും സംഭവിച്ചേ മതിയാവൂ. സംഭവിക്കും. മാലാഖമാരുടെ ഈ പോരട്ടത്തെ നാം കേരളീയ സമൂഹം പിന്തുണച്ചേ മതിയാവു.