ഭൂതകാലം തിരിച്ചടിക്കുമ്പോള്‍.. അന്ന് മാലാഖമാര്‍ക്കൊപ്പം ഇന്നോ?…

പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിനു മൂന്നു മാസം മുമ്പ് അദ്ദേഹത്തിന്റെ പിണറായിയുടെ ഫേസ്ബുക്കില്‍ വന്ന കുറിപ്പാണ് സര്‍ക്കാരിനിപ്പോള്‍ തിരിച്ചടിയാകുന്നത്. നേഴ്‌സിംഗ് മേഖല അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് വാചാലനായിക്കൊണ്ട് 2016 ഫെബ്രുവരി 23നായിരുന്നു അദ്ദേഹം തന്റെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

അന്നത്തെ സര്‍ക്കാരിനോട് വിഷയത്തില്‍ എത്രയും പെട്ടെന്ന് ഇടപെടണമെന്നും പോസ്റ്റില്‍ ആവശ്യപ്പെടുന്നുണ്ട്. കൂടാതെ നടക്കുന്ന തൊഴില്‍ ചഷണത്തെക്കുറിച്ചും കമ്മീഷന്റെ റിപ്പോര്‍ട്ടുകള്‍ നടപ്പിലാക്കാത്തതു സംബന്ധിച്ചും പോസ്റ്റില്‍ പറയുന്നു. സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവും പ്രഖ്യാപിക്കുന്നുണ്ട്. എന്നാല്‍ പിണറായി സര്‍ക്കാര്‍ തന്നെ അധികാരത്തിലെത്തി ഒരു വര്‍ഷം കഴിഞ്ഞിട്ടും നേഴ്‌സിംഗ് മേഖല നേരിടുന്ന വിഷയത്തില്‍ കാര്യമായ ഇടപെടല്‍ നടത്താനായില്ല എന്നതാണ് സത്യം.

ബലരാമന്‍, വീരകുമാര്‍ റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരിക്കുന്ന പോലെ ശമ്പളപരിക്ഷരണമുള്‍പ്പെടയുള്ള കാര്യങ്ങളില്‍ ഈ സര്‍ക്കാരെങ്കിലും നടപടി കൈക്കൊണ്ടിരുന്നു എങ്കില്‍ ഇന്ന് വീണ്ടും ഭൂമിയിലെ മാലഖമാര്‍ക്ക് വീണ്ടും തെരുവിലിറങ്ങേണ്ടി വരികയുമില്ലായിരുന്നു. ഒരു വര്‍ഷം മുന്‍പുള്ള തന്റെ തന്ന ഫേസ്ബുക്ക് പോസ്‌റ്റെങ്കിലും കണ്ട് മുഖ്യമന്ത്രി എന്ന നിലയില്‍ അടിയന്തിര പ്രാധാന്യത്തോടെ വിഷയത്തില്‍ ഇടപെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

23 ഫെബ്രുവരി 2016 ലെ പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

നീതിക്കു വേണ്ടി സ്വകാര്യ ആശുപത്രി നേഴ്‌സുമാര്‍ നടത്തുന്ന സമരത്തിന് പിന്തുണയും ഐക്യദാര്‍ഢ്യവും അറിയിക്കുന്നു. ഏറ്റവും കുറഞ്ഞ ശമ്പളത്തില്‍ വിശ്രമമില്ലാത്ത ജോലി. കടുത്ത സാമ്പത്തിക പരാധീനത ഇതെല്ലാം ഭൂരിപക്ഷം നേഴ്‌സിംഗ് സമൂഹത്തെയും അലട്ടുന്നുണ്ട്. 300 ഉം 400ഉം രൂപയാണ് ലഭിക്കുന്ന വേതനം. ദൈനം ദിന ചെലവ് വര്‍ധിച്ചു വരുന്ന ഇക്കാലത്ത്.
ഈ വേതനം ഒരു കുടുംബത്തെ മുന്നോട്ടു കൊണ്ടു പോകാന്‍ ഒട്ടും പര്യാപ്തമല്ല. പഠന വായ്പ തിരിച്ചടയക്കാന്‍ ബാങ്കുകളില്‍ നിന്നുള്ള സമ്മര്‍ദ്ദം താങ്ങാനാകാതെ പലരും ആത്മഹത്യയുടെ വക്കിലാണെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. ആരോഗ്യ വകുപ്പ് ഇക്കാര്യത്തില്‍ എടുത്തിരിക്കുന്ന തീരുമാനം തികച്ചും പ്രതിഷേധാര്‍ഹമാണ്. നേഴ്‌സിംഗ് മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ തന്നെ നിയോഗിച്ച് ഡോ ബാലരാമന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം ഉള്ള ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കാന്‍ യാതൊരു നടപടിയും ഇതുവരെ എടുത്തില്ല. ആരോഗ്യമന്ത്രി അധ്യക്ഷനായ മന്ത്രിസഭാ ഉപ സമിതിയെ ഈ വിഷയത്തില്‍ പഠിച്ചു നടപ്പിലാക്കാന്‍ നിയോഗിച്ചെങ്കിലും ഒരു യോഗം പോലും ചേര്‍ന്നിട്ടില്ല. നേഴ്‌സിംഗ് മേഖലയോടുള്ള സര്‍ക്കാരിന്റെ അവഗണനയുടെ ആഴം ബോധ്യപ്പെടുത്തുന്നതാണ് ഈ അനാസ്ഥ. നേഴ്‌സിംഗ് സമൂഹത്തിന്റെ ഉജ്ജ്വലമായ സമരത്തിന്റെ വിജയമായി അവര്‍ക്ക് തെഴില്‍ വകുപ്പ് കൊടുത്ത ഉറപ്പുകള്‍ പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.സ്വകാര്യ ആശുപത്രിയിലെ നേഴ്‌സിംഗ് സമൂഹമടക്കമുള്ള ആശുപത്രി ജീവനക്കാരുടെ ശമ്പളം കാലാനുസൃതമായി വര്‍ദ്ധിപ്പിക്കുക. ത്രീ ഷിഫ്റ്റ് സമ്പ്രദായം ആശുപത്രികളില്‍ പരിപൂര്‍ണ്ണമായും നടപ്പിലാക്കുക. വിദ്യാഭ്യാസ ലോണ്‍ തിരിച്ചടക്കാന്‍ മൊറട്ടോറിയം പ്രഖ്യാപിക്കുക തുടങ്ങിയ വിഷയങ്ങള്‍ മുന്‍നിര്‍ത്തി, യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷന്‍ പ്രസിഡന്റ് ജാസ്മിന്‍ഷാ ഫെബ്രുവരി 25 മുതല്‍സെക്രട്ടറിയേറ്റിനു മുന്നില്‍ ആരംഭിക്കുന്ന അനിശ്ചിത കാല നിരാഹാര സമരത്തിന് എല്ലാ പിന്തുണയും ഐക്യദാര്‍ഢ്യവും അറിയിക്കുന്നു. നേഴിസിംഗ് സമൂഹത്തിന്റെ സമരത്തിനു നേരെ മുഖം തിരിച്ചു നില്‍ക്കാതെ ആരോഗ്യ തൊഴില്‍ വകുപ്പുകള്‍ വിഷയത്തില്‍ അടിയന്തിരമായി ഇടപെടണം. അടിയന്തിര ശ്രദ്ധ സര്‍ക്കാര്‍ ഈ വിഷയത്തില്‍ ചെലുത്തേണ്ടതുണ്ട്. ഈ സമരത്തെ ജനങ്ങളാകെ പിന്തുണയ്ക്കണെം എന്നഭ്യര്‍ഥിക്കുന്നു.