പ്രോസി എക്സോട്ടിക് ഫെസ്റ്റിവലിന് നാളെ തുടക്കം: ബോക്‌സറും, ഡാന്‍സിംഗ് സ്റ്റാറുമായ ബിക്കോ ബോട്ടോവാമുങ്ങു എക്‌സലന്‍സ് അവാര്‍ഡ് ഏറ്റുവാങ്ങും

വിയന്ന: പതിനേഴാമത് പ്രോസി എക്സോട്ടിക് ഫെസ്റ്റിവലിന് നാളെ തുടക്കം. ഫെസ്റ്റിവലിനോട് അനുബന്ധിച്ച് പ്രവര്‍ത്തന മേഖലയില്‍ തനതായ വ്യക്തിമുദ്ര പതിപ്പിക്കുന്നവര്‍ക്ക് പ്രോസി ഗ്ലോബല്‍ ചാരിറ്റി ഫൗണ്ടേഷന്‍ നല്കി വരുന്ന എക്സലന്‍സ് അവാര്‍ഡ് ഓസ്ട്രിയയിലെ പ്രമുഖ ബോക്‌സറും, ഡാന്‍സിംഗ് സ്റ്റാറുമായ ബിക്കോ ബോട്ടോവാമുങ്ങുയ്ക്ക് ലഭിയ്ക്കും.

1957ല്‍ കോങ്കോയില്‍ ജനിച്ച ബിക്കോ ഗുസ്തിയിലും, ബോക്‌സിങ്ങിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചതോടൊപ്പം നൃത്ത മേഖലയിലും നേട്ടങ്ങള്‍ കൊയ്ത വ്യക്തിയാണ്. 1976ലെ ഒളിമ്പിക് സമ്മര്‍ ഗെയിംസില്‍ യോഗ്യത നേടിയ അദ്ദേഹം 1988 മുതല്‍ ഒളിമ്പിക് സമ്മര്‍ ഗെയിംസില്‍ ഓസ്ട്രിയയ്ക്ക് വേണ്ടി ബോക്‌സറായി മത്സരിച്ചു.

1983ല്‍ അദ്ദേഹം ഓസ്ട്രിയയിലെ ബോക്‌സിങ് ചാമ്പ്യനായി. തുടര്‍ന്ന് വന്ന 6 വര്‍ഷങ്ങളിലും അദ്ദേഹം തന്നെയായിരുന്നു വിജയി. മൊത്തത്തില്‍ എട്ടു തവണ ദേശീയപട്ടം നേടിയ ബിക്കോ രാജ്യത്തെ നാലാമത്തെ സൂപ്പര്‍ ബോക്‌സിങ് താരമാണ്. വിയന്നയില്‍ യുണൈറ്റഡ് നേഷന്‍സനില്‍ 16 വര്‍ഷം ഓഫിസറായി ജോലി ചെയ്ത അദ്ദേഹം ഇപ്പോള്‍ ബാപ്റ്റിസ്റ്റ് സഭയുടെ പ്രഘോഷകനായും പ്രവര്‍ത്തിക്കുന്നു.

ഓസ്ട്രിയയിലെ പ്രഥമ എക്‌സോട്ടിക് സൂപ്പര്‍ മാര്‍ക്കറ്റായ പ്രോസി സംഘടിപ്പിക്കുന്ന 17-ാമത് എക്സോട്ടിക് ഫെസ്റ്റിവല്‍ ജൂണ്‍ 23, 24 തിയതികളില്‍ വിയന്നയിലെ ഏഴാമത്തെ ജില്ലയിലുള്ള കാന്‍ഡല്‍ഗാസെയിലാണ് നടക്കുന്നത്. രണ്ടു ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ഫെസ്റ്റിവല്‍ രാവിലെ 11 മണിയ്ക്ക് ആരംഭിച്ച് രാത്രി 10 മണിയ്ക്ക് അവസാനിക്കും.

വിവിധ രാജ്യങ്ങളെ പ്രതിനിധികരിച്ചുള്ള പരമ്പരാഗതനൃത്തവും, ലൈവ് മ്യൂസിക്കും, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഭക്ഷണ പാനീയങ്ങളും ഫെസ്റ്റിവലിന്റെ മുഖ്യ ആകര്‍ഷണമാണ്. ഫെസ്റ്റിവലിന്റെ രണ്ടാം ദിവസം വൈകിട്ട് 5 മണിയ്ക്ക് പ്രധാന സമ്മേളനം നടക്കും. കലാരംഗത്ത് മികവു പുലര്‍ത്തുന്നവരെ ആദരിക്കുന്ന പ്രോസി എക്‌സലന്‍സ് അവാര്‍ഡ് ചടങ്ങില്‍ സമ്മാനിക്കും. കേരളത്തില്‍ നിന്നുള്ള പതിനഞ്ചോളം മലയാളി കലാകാരന്മാര്‍ അവതരിപ്പിക്കുന്ന പരമ്പരാഗത സംഗീതവും, മോസ സിസിക് ജിപ്സി മാജിക് ബാന്‍ഡിന്റെ ലൈവ് പരിപാടിയും ഈ വര്‍ഷത്തെ ഫെസ്റ്റിവലിനെ വേറിട്ടതാക്കും.