ആസന്നമായ മരണം കാത്ത് റബര്‍ കൃഷി

റബര്‍ കര്‍ഷകരേ.. ആര്‍ക്കു വേണ്ടിയാണ് നിങ്ങള്‍ കൃഷിയിറക്കുന്നത്. വിപണിയില്‍ ഉല്‍പ്പന്നത്തിന്റെ മൂല്യം ദിനം പ്രതി താഴേക്ക് കൂപ്പുകുത്തുമ്പോള്‍ സംഭവിക്കുന്നതെന്താണെന്ന് ചിന്തിച്ചു നോക്കാന്‍ തയ്യാറായിട്ടുണ്ടോ. കേന്ദ്രവാണിജ്യ വകുപ്പ് കൈകാര്യം ചെയ്യുന്ന നിര്‍മല സീതാരാമന്‍ പറയുന്നതനുസരിച്ച് കേരളത്തില്‍ ഇനി റബറിന് നല്ല കാലം സ്വപ്നം കാണാനാകില്ല. റബര്‍ ബോര്‍ഡിന്റെ അവസ്ഥ തന്നെ സൂചിപ്പിക്കുന്നതും അതാണ്. ഗവേഷണം നടത്തുന്നതിനും റബര്‍ കൃഷിയുടെ വിസനത്തിനുമായാണ് ബോര്‍ഡ് എന്നോര്‍ക്കണം. എന്നാലിന്ന് ഒരു ഗേഷണവും കൃഷി വികസനത്തിനായുള്ള പ്രവര്‍ത്തനങ്ങളും അവിടെ നടക്കുന്നില്ല. കാരണം ഫണ്ടില്ലായ്മ തന്നെ.

കേരളത്തില്‍ റബര്‍ കൃഷിയുടെ വികസനം സാധ്യമാക്കുന്നതിനായി 26 ഡെവലപ്പ്‌മെന്റ് ഓഫീസുകളായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ 14 ഓഫീസുകള്‍ക്ക് ഈ വരുന്ന മെയ് മാസത്തോടു കൂടി പൂട്ടു വീഴും. അവിടെ ജോലി ചെയ്യുന്നവര്‍ക്ക് മറ്റിടങ്ങളിലേയ്ക്ക് സഥലം മാറ്റം. ഇത് വിരല്‍ ചൂണ്ടുന്നതും കേന്ദ്ര സര്‍ക്കാരടക്കം റബറില്‍ കേരളത്തിനു നല്‍കിയിരിക്കുന്ന പ്രധാന്യം തന്നെ.

റബറിന്റെ വിലത്തകര്‍ച്ചയില്‍ നിന്ന് രക്ഷപെടാന്‍ ആകുമോ? വലിയ സംശയങ്ങള്‍ ഒന്നുമില്ലാതെ തന്നെ പറയാം സാധ്യതയില്ല. കാരണം പ്രതിവര്‍ഷം ഇന്ത്യ ഉപയോഗിക്കുന്ന റബറിന്റെ തോത് 11 ലക്ഷം ടണ്‍ ആണ്. എന്നാല്‍ ഉത്പാദനം കേവലം അഞ്ചര ലക്ഷം ടണ്‍. ബാക്കി ആവശ്യമായ റബര്‍ മുഴുവന്‍ നമ്മള്‍ ഇറക്കുമതിചെയ്യുന്നു. അതേ സമയം ലോകത്തിലെ തന്നെ വലിയ മാര്‍ക്കറ്റ് ആയ തായ്‌ലന്‍ഡ് പ്രതിവര്‍ഷം ഉത്പാദിപ്പിക്കുന്നതാകട്ടെ 50 ലക്ഷം ടണ്‍. തൊട്ടു പിന്നില്‍ ഇന്തോനേഷ്യ 30 ലക്ഷം ടണ്‍. ആഗോള വിപണിയില്‍ മാന്ദ്യം അനുഭവപ്പെടാതെ ഇനി നമുക്ക് വിലയില്‍ ഒരു ഉയര്‍ച്ച സാധ്യമല്ലെന്നര്‍ഥം.

ഏറ്റവും കൂടുതല്‍ റബര്‍ ഉപഭോഗമുള്ള (30 ലക്ഷം) രാഷ്ട്രമാണ് ചൈന. ചൈനയും റബര്‍ കൃഷിയില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നു. കഴിഞ്ഞ വര്‍ഷം ഉത്പാദിപ്പിച്ചത് 10 ലക്ഷം ടണ്‍ ആണ്. അമേരിക്ക ടയര്‍ ഉത്പാദത്തില്‍ മുന്നിട്ടു നില്‍ക്കുമ്പോള്‍ ആവശ്യമായ റബര്‍ ഉത്പാദിപ്പിക്കുന്നത് അവരുടെ രാജ്യത്ത് തന്നെയാണെന്നോര്‍ക്കണം. അതായത് കയറ്റുമതി മുഖേനെ ഇനി വിലക്കയറ്റം എളുപ്പം സാധ്യമാകില്ല. ലോകവിപണി അത്രമേല്‍ കരുത്താര്‍ജിച്ചു കഴിഞ്ഞിരിക്കുന്നു.

ഗാട്ട്, ആസിയാന്‍ കരാറുകള്‍ മറന്നിരിക്കാന്‍ വഴിയില്ലല്ലോ. വാണിജ്യ വ്യാപാര ബന്ധങ്ങള്‍ സുഗമമാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു അതില്‍ ഇന്ത്യയും ഒപ്പു വെച്ചത്. എന്നാല്‍ ഇതു വഴി ഓപ്പണ്‍ ജനറല്‍ ലൈസന്‍സ് ഉള്ളവര്‍ക്ക് കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങളിലെ റബറിന്റെ അളവിനു സമാനമായി ചുങ്കമില്ലാതെ തന്നെ ഇറക്കുമതിയും സാധ്യമാകും. അങ്ങനെയാകുമ്പോള്‍ ഇന്ത്യയില്‍ ഉത്പാദിപ്പിച്ച് കയറ്റി അയക്കുന്ന വസ്തുക്കള്‍ നിര്‍മ്മിക്കാനും ഇവിടുത്തെ റബര്‍ വേണ്ട. ഇതിലും കുറഞ്ഞ വിലയില്‍ ലോക മാര്‍ക്കറിറില്‍ നിന്ന് ചുങ്കം നല്‍കാതെ ഇറക്കുമതി ചെയ്യാം.

ഇപ്പോള്‍ ബി.ജെ.പി. ഗവണ്‍മെന്റ് അധികാരത്തിലെത്തിയപ്പോള്‍ റബറിനെ കേരളത്തില്‍ നിന്ന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേയക്ക് പറിച്ചു നടുകയാണ്. പക്ഷെ അത് റബര്‍ ഉത്പാദനത്തില്‍ ഇന്ത്യയുടെ സ്ഥാനം ഉയര്‍ത്തുമോ? ഇല്ല എന്നതാണ് യാഥാര്‍ഥ്യം. കാരണം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കാലാവസ്ഥ അത്തരത്തിലാണ് എന്നു പറയേണ്ടി വരും. പക്ഷെ മണ്ണ് റബറിനെ സംബന്ധിച്ചിടത്തോളം അനുകൂലമാണ്. ആലിപ്പഴം പൊഴിച്ചിലും, കനത്ത ശൈത്യവും റബറില്‍ നിന്ന് എന്ത് തരും എന്ന വലിയ ചോദ്യമാണ് ബാക്കിയാകുന്നത്. പ്രധാനമായും കാര്‍ഷിക ഉത്പന്നത്തിന് ഇവിടെ വില നിര്‍ണ്ണയാധികാരം കര്‍ഷകനല്ല മറിച്ച് അത് ചെയ്യുന്നതാകട്ടെ വന്‍ വ്യവസായികളും.

റബര്‍ കര്‍ഷകരുടെ വേദനയില്‍ കണ്ണീര്‍ പൊഴിച്ച് വോട്ടു നേടിയാണ് ഇത്ര കാലവും കോണ്‍ഗ്രസും, കേരള കോണ്‍ഗ്രസുകളും കേരളത്തില്‍ മുന്നോട്ടു പോയിരുന്നത്. എന്നാല്‍ ആസിയാന്‍ കരാര്‍ ഒപ്പു വെയ്ക്കപ്പെട്ടപ്പോഴും ഇറക്കുമതി ചുങ്കം 25% മാത്രമാക്കിയപ്പോഴുമൊന്നും വോട്ടറുടെ ശബ്ദമാകാന്‍ ഇവിടെ ആരെയും കണ്ടില്ല. മറിച്ച് കയ്യടികളോടെ അവര്‍ കരാറുകളെ അംഗീകരിച്ചു.

വിലത്തകര്‍ച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വാണിജ്യമന്ത്രി നിര്‍മല സീതാരാമനും ജോസ് കെ. മാണി എം.പിയും തമ്മിലുള്ള വാക്ക്‌പോര് പുതിയ തലത്തിലെത്തിയത് റബര്‍ കര്‍ഷകര്‍ കണ്ടതാണ്. റബര്‍ വിലത്തകര്‍ച്ചയില്‍ വലയുന്ന കര്‍ഷകരെ സഹായിക്കാമെന്ന വാഗ്ദാനം കേന്ദ്രമന്ത്രി പാലിക്കുമെന്നാണ് താന്‍ കരുതുന്നതെന്ന് ജോസ് കെ. മാണി പറഞ്ഞപ്പോള്‍ അങ്ങിനെയൊരുറപ്പും നല്‍കിയിട്ടില്ലെന്നായിരുന്നു നിര്‍മ്മല സീതാരാമന്റെ മറുപടി എന്നോര്‍ക്കണം. റബര്‍ വിലയിടിവ് തടയണമെന്നാവശ്യപ്പെട്ട് ജോസ് കെ. മാണി നിരാഹാര സമരം നടത്തിയിരുന്നു.

ഇതേ തുടര്‍ന്ന് കേന്ദ്രസര്‍ക്കാറിന്റെ ക്ഷണപ്രകാരമാണ് ഡല്‍ഹിയില്‍ ചര്‍ച്ചക്ക് പോയതെന്നാണ് ജോസ് കെ. മാണി പറയുന്നത്. ചര്‍ച്ചയില്‍ കേന്ദ്രമന്ത്രി നടത്തിയ അഭിപ്രായ പ്രകടനങ്ങളും വാണിജ്യ മന്ത്രാലയത്തിന്റെ ശുപാര്‍ശകളുമാണ് താന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞതെന്നും ജോസ് കെ. മാണിയുടെ പറഞ്ഞു. അഞ്ഞൂറ് കോടി രൂപ ഉടന്‍ സംസ്ഥാനത്തിന് അനുവദിക്കുന്നത് സംബന്ധിച്ച ശുപാര്‍ശ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് ഉടന്‍ കൈമാറുമെന്ന് ചര്‍ച്ചക്കിടെ കേന്ദ്രമന്ത്രി വ്യക്തമാക്കിയെന്ന് വരെ ജോസ് കെ.മാണി തട്ടി വിട്ടപ്പോള്‍ അത് കര്‍ഷകര്‍ക്ക് ഏറെ ആശ്വാസം പകര്‍ന്നിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകര്‍ കേന്ദ്രമന്ത്രിയോട് ചോദിച്ചപ്പോള്‍ അഞ്ഞൂറ് കോടി നല്‍കണമെന്നത് ജോസ് കെ. മാണിയുടെ ആവശ്യങ്ങളില്‍ ഒന്ന് മാത്രമായിരുന്നെന്നാണ് വിശദീകരണം. കേന്ദ്രമന്ത്രിയെ വിശ്വസിച്ച് കാര്യങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍, ആവശ്യമാണ് വാഗ്ദാനമായി വ്യാഖ്യാനിക്കപ്പെട്ടതെന്ന് വ്യക്തമാകുന്നു. അങ്ങിനെയെങ്കില്‍ ജോസ് കെ മാണിയുടേത് വെറും രാഷ്ട്രീയ നാടകമായിരുന്നോ ഇത് എന്ന ചോദ്യവും ഉയര്‍ന്നുവരുന്നത് സ്വാഭാവികം.

ഇതൊക്കെകൊണ്ടാണ് ഇന്നലെ ലോക യോഗാ ദിനത്തിന്റെ ഭാഗമായി പാലക്കാട് എത്തിയ കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന്‍ റബര്‍ കര്‍ഷകര്‍ക്ക് ഗവ്ണ്‍മെന്റിന്റെ ഭാഗത്തു നിന്നുണ്ടായ ദോഷകരമായ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ വെല്ലുവിളിച്ചിട്ടു പോയതും. യു.പി.എ. ഗവണ്‍മെന്റ് എടുത്ത തീരുമാനം കേരളത്തിലെ എം.പിമാര്‍ കൂടിയെടുത്ത തീരുമാനം എന്‍.ഡി.എയെ സംബന്ധിച്ച് തടിയൂരല്‍ എളുപ്പമാക്കുന്നതും ഇത് തന്നെ.

ഇനി കോണ്‍ഗ്രസ് ചെയ്ത ഗുണം, കേരള പോര്‍ട്ടുകളില്‍ റബര്‍ ഇറക്കുമതി തടഞ്ഞു. ഒന്നോര്‍ക്കണം ഇവിടെ വലിയ തോതില്‍ റബര്‍ ഉപയോഗിച്ച് എന്ത് ഉത്പാദനമാണ് നടക്കുന്നത് ( അടിവസ്ത്രങ്ങള്‍ തയ്യാറാക്കുന്നതിനായുള്ള ഇലാസ്റ്റിക്ക്, റബര്‍ ബാന്‍ഡ്). എന്നിട്ടും പല കര്‍ഷകരും അതില്‍ അന്ധമായി വിശ്വസിച്ചു. ഈ രാഷ്ട്രീയക്കോമരങ്ങള്‍ റബര്‍ കര്‍ഷകരുടെ പേരില്‍ ഒഴുക്കുന്നത് മുതലക്കണ്ണീരാണെന്ന് കരുതാനേ തരമുള്ളു. പാര്‍ലിമെന്റില്‍ റബറില്‍ കിടന്നും ദേഹത്ത് റബറിട്ടും കോപ്രായം കാണിച്ചവര്‍ ഈ കര്‍ഷകരോട് ഇനിയെങ്കിലും മാപ്പ് പറഞ്ഞേ മതിയാകു.

കേരളത്തിലെ റബര്‍ മേഖല സജീവ ചര്‍ച്ചയായിട്ട് കാലമേറെയായി. റബറിന്റെ ചരിത്രത്തില്‍ ഒരിക്കലുമുണ്ടായിട്ടില്ലാത്ത വിലയിടിവാണ് കര്‍ഷകര്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. യു.ഡി.എഫ്. സര്‍ക്കാരിന്റെ അവസാന സമയത്ത് കണ്ണൂരില്‍ നിന്നെത്തിയ ഒരു റബര്‍ കര്‍ഷകന്‍ കെ.എം. മാണിയുടെ നാട്ടില്‍ ജീവനൊടുക്കിയതും വിസ്മൃതിയില്‍ ആഴ്ത്തപ്പെടേണ്ടതല്ല. ഇനിയെങ്കിലും ഉചിതമായ തീരുമാനം കൈക്കൊള്ളാന്‍ കര്‍ഷകര്‍ക്കായില്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരും എന്ന കാര്യം ഉറപ്പാണ്.