കര്‍ഷകന്‍ ജീവന്‍ വെടിഞ്ഞു: ഭൂനികുതി സര്‍ക്കാര്‍ ഇന്ന് സ്വീകരിക്കും, ഉദ്യോഗസ്ഥര്‍ വീഴ്ച്ച വരുത്തിയെന്നു കളക്ടര്‍, വില്ലജ് അസിസ്റ്റന്‍ഡിന് സസ്‌പെന്‍ഷന്‍

കോഴിക്കോട് കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വില്ലേജ് അസിസ്റ്റന്റ് സിരീഷിനെതിരെ നടപടി. ജില്ലാ കളക്ടര്‍ യു.വി. ജോസാണ് സിരീഷിനെ സസ്‌പെന്‍ഡ് ചെയ്തത്. കര്‍ഷകനായ തോമസ് ആത്മഹത്യ ചെയ്ത സ്ഥലത്ത് എത്തിയാണ് കളക്ടര്‍ നടപടി പ്രഖ്യാപിച്ചത്.

ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍. തഹസില്‍ദാരോടും വില്ലേജ് ഓഫിസറോടും കളക്ടര്‍ അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. റിപ്പോര്‍ട്ട് കിട്ടിയശേഷം ശക്തമായ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുറ്റക്കാരനെന്ന് ആരോപിക്കപ്പെടുന്ന വില്ലേജ് അസിസ്റ്റന്റ് സിരീഷ് കൈക്കൂലി വാങ്ങിയതായി മനസിലാക്കുന്നുവെന്നും ഒരാഴ്ചയ്ക്കുളളില്‍ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാമെന്നും കളക്ടര്‍ നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കി. ഭൂമിയുടെ കരം ഇന്നുതന്നെ സ്വീകരിക്കും. നഷ്ടപരിഹാരം അടക്കമുളള ആവശ്യങ്ങള്‍ സര്‍ക്കാരിനെ അറിയിക്കും. സംഭവസ്ഥലത്ത് കളക്ടര്‍ എത്തിയതിനെ തുടര്‍ന്ന് മൃതദേഹം നീക്കം ചെയ്യാനും നാട്ടുകാര്‍ സമ്മതിച്ചിട്ടുണ്ട്. കളക്ടറോട് റിപ്പോര്‍ട്ട് തേടിയതായി റവന്യുമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

ചക്കിട്ടപ്പാറ പഞ്ചായച്ചിലെ ചെമ്പനോട് വില്ലേജ് ഓഫിസിന് മുന്നിലാണ് ചക്കിട്ടപ്പാറ സ്വദേശി തോമസ് കാവില്‍പുരയിടത്തിലിനെ (57) ബുധനാഴ്ച വൈകിട്ട് എട്ടോടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ കൈവശമുളള ഭൂമിക്ക് നികുതി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് ആരോപിച്ച് തോമസും കുടുംബവും വില്ലേജ് ഓഫിസിന് മുന്നില്‍ കഴിഞ്ഞവര്‍ഷം നിരാഹാരം നടത്തിയിരുന്നു. സമരത്തെ തുടര്‍ന്നാണ് അന്നും നികുതി സ്വീകരിച്ചത്.

വില്ലേജ് ഓഫിസര്‍ക്ക് തോമസ് ആത്മഹത്യാക്കുറിപ്പ് എഴുതി നല്‍കിയിരുന്നു. ഉദ്യോഗസ്ഥര്‍ കബളിപ്പിക്കുകയായിരുന്നുവെന്നും ഇതിലുളള മാനസികസമ്മര്‍ദ്ദം മൂലമാണ് തോമസ് ആത്മഹത്യ ചെയ്തതെന്നും സഹോദരന്‍ ജോസ് പറഞ്ഞു.