ബി ജെ പി നേതാവിന്‍റെ വീട്ടില്‍ നിന്നും പുതിയ കള്ളനോട്ടടിക്കുന്ന യന്ത്രം കണ്ടെടുത്തു ; സംഭവം തൃശ്ശൂരില്‍

തൃശൂരില്‍ ബി ജെ പി നേതാവിന്‍റെ വീട്ടില്‍ നിന്നും പുതിയ കള്ളനോട്ടടിക്കുന്ന യന്ത്രം കണ്ടെടുത്തു. തൃശൂര്‍ ശ്രീനാരായണപുരം അഞ്ചാംപരത്തിയില്‍ യുവമോര്‍ച്ച നേതാവിന്റെ വീട്ടില്‍ നടന്ന റെയ്ഡിലാണ് ഒന്നര ലക്ഷം രൂപയുടെ കള്ളനോട്ടും കള്ളനോട്ടടിക്കുന്ന യന്ത്രവും കണ്ടെടുത്ത്. ശ്രീനാരായണപുരം ഏരാശേരി രാജേഷാണ് പിടിയിലായത്. 2000, 500, 50, 20 രൂപയുടെ വ്യാജനോട്ടുകളാണ് കണ്ടെത്തിയത്. കംപ്യൂട്ടറില്‍ നോട്ട് തയാറാക്കി എ.ഫോര്‍ പേപ്പറില്‍ പ്രിന്റെടുത്ത് മുറിച്ചാണ് ഉപയോഗിച്ചുവന്നത്. ഇതിനായി ഇയാളുടെ വീടിന്‍റെ മുകളിലത്തെ നിലയില്‍ പ്രത്യേകം മുറി തയ്യാറാക്കിയിരുന്നു. പെട്രോള്‍ പമ്പിലും ബാങ്കിലുമാണ് ഇയാള്‍ നോട്ടുകള്‍ മാറിയിരുന്നത്. ബാങ്കുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഏറെ നാളായി ഇയാള്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു. ഇയാളുടെ സഹോദരനും ഇതില്‍ പങ്കുണ്ടെന്ന് സൂചനയുണ്ട്. ഇയാള്‍ തിരുവനന്തപുരത്തേക്ക് പോയിരിക്കുകയാണ്. ബിജെപിയുടെ പല ചുമതലകളും വഹിക്കുന്ന ഇദ്ദേഹം അറിയപ്പെടുന്ന നേതാവുമാണ്. ബിജെപി ഒബിസി മോര്‍ച്ചയുടെ പ്രധാന ചുമതലകളും ഇദ്ദേഹം വഹിച്ചുവരുന്നുണ്ട്. ള്ളനോട്ടും കള്ളപ്പണവും തടയാനാണ് നോട്ട് പിന്‍വലിക്കല്‍ പോലും കേന്ദ്രം നടപ്പിലാക്കിയത്. അതിനെപ്പോലും വെല്ലുവിളിച്ചാണ് യുവനേതാവിന്റെ ഈ കൃത്യം. പ്രശ്‌നത്തില്‍ ബിജെപി ഇതുവരെ പ്രതികരിച്ചിട്ടില്ല.