കലയുടെ മാസ്മരിക പ്രപഞ്ചം തീര്‍ത്ത് വിയന്നയില്‍ ഇന്ത്യന്‍ കലാകാരന്മാരുടെ ലൈവ് ഷോ എല്ലാദിവസവും

വിയന്ന: ശുദ്ധ സംഗീതവും ക്ലാസിക്കല്‍ നൃത്തവും കോര്‍ത്തിണക്കി വിയന്നയില്‍ ഇന്ത്യന്‍ കലാകാരന്മാരുട ലൈവ് ഷോ പുരോഗമിക്കുന്നു. അതി സമ്പുഷ്ടമായ സംഗീത പാരമ്പര്യം ഉള്ള ദക്ഷിണേന്ത്യയില്‍ നിന്നുള്ള കലാകാരന്മാരാണ് സംഗീത വിരുന്നൊരുക്കുന്നത്.

നാല്പതോളം കലാകാരന്മാരില്‍ ഭൂരിപക്ഷം പേരും മലയാളികളാണ്. വിവിധ വാദ്യോപകരണങ്ങളിലും, നൃത്തത്തിലും അസാമാന്യ വൈഭവം തെളിയിച്ച പ്രതിഭകളാണ് എല്ലാ ദിവസവും നടക്കുന്ന കലാസന്ധ്യയില്‍ പരിപാടികള്‍ അവതരിപ്പിക്കുന്നത്.

പ്രവേശനം സൗജന്യമായ പരിപാടി വിയന്നയില്‍ 21മത്തെ ജില്ലയില്‍ എല്ലാദിവസവും വൈകിട്ട് 6 മണിക്കാണ് നടക്കുന്നത്. ആയുര്‍വേദവും ഭാരതീയ സംഗീതവും പരമ്പരാഗത നൃത്തവും പരിചയപ്പെടുത്തുന്ന കലാവിരുന്നിലേയ്ക്ക് പരിപാടിയുടെ നടത്തിപ്പുകാരായ ഗോഡ്‌സ് ഓണ്‍ സിംഫണി ഏവരെയും ക്ഷണിച്ചു.
വേദിയുടെ വിലാസം:
MOZAIK EVENTCENTER
Schererstrasse 4, 1210 Wien, Osterreich
Von der A22 – Brigittenauer Brücke – Brünner Strasse – B229 – Shuttelworthstraße – Siemensstrasse – Felmayergasse – Schererstraße Oder Über B8 Wagramerstrasse – B229 – Julius F. Straße – Seyringer Strasse – Oswald Redlich Strasse – Adolf Loos Gasse – Schererstraße
Für Autos sind ausreichend Parkmöglichkeiten gegeben.
Öffentliche Verkehrsmittel: Schnellbahn Leopoldau oder U-Bahn U1 Leopoldau. Autobus 29A bis Moritz-Dreger-Gasse.

കലാകാരന്മാരോടുള്ള ആദരസൂചകമായി വിയന്ന മലയാളിയായ ബീന തുപ്പത്തി എഴുതിയ ഫെയ്‌സ് ബുക്ക്
പോസ്റ്റ് ചുവടെ:

“ഇന്ന് Gods Own Symphony എന്ന പ്രോഗ്രാം കണ്ടു. വിയന്നയിലെ 26 വര്‍ഷത്തെ ജീവിതത്തിനിടയില്‍ ഇത്രയും മനോഹരമായ ഒരു പ്രോഗ്രാം ഞങ്ങള്‍ കണ്ടിട്ടില്ല. സംഗീത ലഹരിയില്‍ ശരീരവും, മനസും മറന്ന ധ്യാനാത്മകത. സംഗീതത്തിനൊപ്പം നൃത്തച്ചുവടുകള്‍ കൂടിയെത്തിയതോടെ, മഴയും നിലാവും കൂടി ആലിംഗനബദ്ധരായി രാസലീലയാടുന്ന അനുഭൂതി. ചില നേരങ്ങളില്‍ കലയുടെ മാസ്മരികതയും, ഭാരതത്തിന്റെ മകളെന്ന അഭിമാനവും. മിഴികളില്‍ നനവിന്റെ സുറുമയെഴുതി. ഒരു മലയാളിയും ഇത് കാണാതെ പോകരുതെന്ന് ആഗ്രഹമുണ്ട്. ഇന്നവിടെ ഉണ്ടായിരുന്ന ഓസ്ട്രിയക്കാരുടെ മുന്‍പില്‍ അഭിമാനത്തോടെയും, തെല്ലൊരഹങ്കാരത്തോടെയുമാണ് ഞങ്ങള്‍ നിന്നത്. നമ്മുടെ കലയെയും കലാകാരന്മാരെയും കുറിച്ചുള്ള അഹങ്കാരമായിരുന്നത്. നിങ്ങളുടെ ഓസ്ട്രിയന്‍ സുഹൃത്തുക്കളെയും ക്ഷണിക്കുക.They will love it.”