നേഴ്സുമാരുടെ സമരം: വേള്‍ഡ് മലയാളി കൗണ്‍സില്‍ സ്വിസ്സ് പ്രൊവിന്‍സ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു

സൂറിച്ച്: കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാര്‍ക്ക് മിനിമം വേജസ് ലഭിക്കുന്നതിനായി നടത്തുന്ന സമരത്തിന് വേള്‍ഡ് മലയാളി കൗണ്‍സില്‍ സ്വിസ്സ് പ്രൊവിന്‍സ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സംഘിടിത രാഷ്ട്രീയ ശക്തി അല്ലാത്തതുകൊണ്ട് സ്വകാര്യ ആശുപത്രികളുടെ ചൂഷണത്തിന് വിധേയരാകാന്‍ വിധിക്കപ്പെട്ടവരാണ് കേരളത്തിലെ നേഴ്സുമാര്‍ എന്ന് യോഗം വിലയിരുത്തി.

സുപ്രിംകോടതിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് നീതി ഉറപ്പുവരുത്തുവാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് കേരളാ മുഖ്യമന്ത്രിയോട് വേള്‍ഡ് മലയാളി കൗണ്‍സില്‍ ആവശ്യപ്പെട്ടു.

ഈ തൊഴിലിലൂടെ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍ ലഭിച്ച് വിദേശ രാജ്യങ്ങളില്‍ കഴിയുന്ന മുഴുവന്‍ പ്രവാസികളും ഈ സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.

ചെയര്‍മാന്‍ ജിമ്മി കൊരട്ടിക്കാട്ടുതറയിലിന്റെ അധ്യക്ഷതയില്‍ സൂറിച്ചില്‍ കൂടിയ യോഗത്തില്‍ കമ്മറ്റി അംഗം സുനില്‍ ജോസഫ് പ്രമേയം അവതരിപ്പിച്ചു. പ്രൊവിന്‍സ് പ്രസിഡണ്ട് ജോസ് വള്ളാടിയില്‍, ഗ്ലോബല്‍ ട്രഷറര്‍ ജോബിന്‍സണ്‍ കൊറ്റത്തില്‍, പ്രൊവിന്‍സ് ട്രഷറര്‍ ബോസ് മണിയമ്പാറയില്‍ എന്നിവര്‍ പ്രസംഗിച്ചു.