ദിലീപിനെ പിന്തുണച്ചുകൊണ്ട് ലാല്‍ ജോസും അജൂ വര്‍ഗ്ഗീസും ; മലയാള സിനിമയില്‍ വീണ്ടും വിവാദങ്ങളുടെ കാലം

കൊച്ചി : കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം മലയാള സിനിമയെ വീണ്ടും വിവാദങ്ങളില്‍ കൊണ്ടെത്തിക്കുന്നു. പള്‍സര്‍ സുനിയുടെ പുതിയ വെളിപ്പെടുത്തലുകള്‍ മലയാള നടന്‍ ദിലീപിനെ കുറ്റവാളിയുടെ സ്ഥാനത്ത് കൊണ്ടെത്തിച്ചിരിക്കുന്ന ഈ വേളയില്‍ ചേരിതിരിഞ്ഞുള്ള ആക്ഷേപങ്ങള്‍ മലയാള സിനിമയില്‍ വീണ്ടും തലപൊക്കി. ദിലീപിനെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളംപേര്‍ രംഗത്ത് വന്നുകഴിഞ്ഞു. താരസംഘടനയായ അമ്മ അന്ന് ദിലീപിനൊപ്പം നിന്നുവെങ്കിലും ഇന്ന് കാര്യങ്ങള്‍ വ്യത്യസ്തമാണ്. ദിലീപിന്റെ ഉറ്റസുഹൃത്തുക്കളൊഴിച്ച് മലയാളത്തില്‍ നിന്നും ആരും ദിലീപിന് വേണ്ടി വാദിക്കുന്നില്ലെന്നത് വാസ്തവം.

സൂപ്പര്‍ താരങ്ങളടക്കം ആരും വിഷയത്തില്‍ പ്രതികരിച്ച് കണ്ടില്ല. ദിലീപിനെ പിന്തുണച്ച് സലീം കുമാറിന് പിറകേ കൂടുതല്‍ പേര്‍ രംഗത്ത് രംഗത്തെത്തു വരുന്ന കാഴ്ച്ചയാണ് ഇപ്പോള്‍ കാണുവാന്‍ സാധിക്കുന്നത്. സംവിധായകന്‍ ലാല്‍ ജോസും പിന്തുണയുമായി രംഗത്ത് വന്നിട്ടുണ്ട്. ദിലീപിനൊപ്പമുള്ള ഫോട്ടോയും ഒരു കുറിപ്പുമാണ് ഫേസ്ബുക്കില്‍ ലാല്‍ ജോസ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ദിലീപ്, നിന്നെ കഴിഞ്ഞ 26 വര്‍ഷങ്ങളായി എനിക്കറിയാം. ഞാന്‍ നിന്നെ വിശ്വസിക്കുന്നു. ആരൊക്കെ കരിവാരിത്തേക്കാന്‍ ശ്രമിച്ചാലും ഞാന്‍ നിന്നോടൊപ്പമുണ്ട്. നിന്നെ അറിയുന്ന സിനിമാക്കാരും. എന്നാണു ലാല്‍ ജോസിന്റെ പോസ്റ്റ്‌. ദിലീപിന്റെ പേര് ചിലര്‍ കേസിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും ദിലീപിനെതിരായ അനീതി വളരെ വലുതാണെന്നും നടന്‍ അജു വര്‍ഗീസ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. സത്യം പുറത്ത് വരണമെന്നും നിരപരാധിയായ ഒരാളെ അപകീര്‍ത്തിപ്പെടുത്തരുതെന്നും അജു പറയുന്നു. പ്രതിയെ കണ്ടുപിടിക്കുക തന്നെ വേണം. പക്ഷേ ദിലീപേട്ടനോട് ഇപ്പോള്‍ കാണിക്കുന്നത് നിര്‍ബന്ധിതമായി പ്രതിയാക്കാനുള്ള ശ്രമമാണ്. രണ്ടും രണ്ടാണെന്ന് മനസ്സിലാക്കാനുള്ള വിവേകം പൊതുസമൂഹം കാണിക്കണമെന്നും സത്യം തെളിയുന്നത് വരെ ദിലീപിനെ കുറ്റപ്പെടുത്താതിരിക്കാമെന്നും അജു പറയുന്നു.