ഇന്ത്യയില്‍ ഡിജിറ്റല്‍ പെയ്‌മെന്റ് രംഗത്തേക്ക് കടക്കാന്‍ ഇനി വാട്ട്‌സ്ആപ്പും

ഇന്ത്യയില്‍ ഡിജിറ്റല്‍ പെയ്‌മെന്റ് രംഗത്തേക്ക് കടക്കാന്‍ ഇനി വാട്ട്‌സ്ആപ്പും. ഇതിനായി എസ്.ബി.ഐ, നാഷണല്‍ പെയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങളുമായി വാട്ട്‌സ്ആപ്പ് ചര്‍ച്ചകള്‍ നടത്തുകയാണ്. വാട്ട്‌സ്ആപ്പില്‍ പെയ്‌മെന്റ് സിസ്റ്റം കൂട്ടിയോജിപ്പിക്കുന്നതിനായി വാട്ട്‌സ്ആപ്പ് ആലോചിക്കുന്നതായും ഇക്കണോമിക് ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

വാട്ട്‌സ്ആപ്പിന്റെ കോമ്പറ്റീറ്ററായ ഹൈക്ക് മെസഞ്ചര്‍ പണം ട്രാന്‍സ്ഫര്‍ ചെയ്യാനും റീച്ചാര്‍ജ് ചെയ്യാനുമൊക്കെ ഹൈക്ക് വാളറ്റ് അവതരിപ്പിച്ചിരുന്നു. ഹൈക്കുമായി ബാങ്കിംഗ് ബന്ധങ്ങള്‍ക്ക് സഹകരിക്കുന്നത് യെസ് ബാങ്കാണ്. യു.പി.ഐ. അടിസ്ഥാനമാക്കി തന്നെയാണ് ട്രൂകോളറും പണമിടപാട് സംവിധാനങ്ങള്‍ ആരംഭിച്ചത്. ഐ.സി.ഐ.സി. ഐ. ബാങ്കുമായാണ് പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ട്രൂകോളര്‍ സഹകരിക്കുന്നത്.

ട്രൂകോളര്‍ പേ എന്നാണ് ഈ സംവിധാനത്തിന്റെ പേര്. ഇത്തരം സേവനങ്ങള്‍ ഇപ്പോള്‍ തന്നെ ലഭ്യമാണെങ്കിലും വാട്ട്‌സ്ആപ്പ് ഇത് അവതരിപ്പിച്ചാല്‍ കൂടുതല്‍ ആളുകള്‍ അതിലേക്ക് മാറുമെന്ന കാര്യത്തില്‍ സംശയമില്ല. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇന്ത്യയില്‍ വാളറ്റ് ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ പെയ്‌മെന്റ് സംവിധാനം വ്യാപിച്ചു വരുന്നതേയുള്ളു. കേന്ദ്രസര്‍ക്കാരിന്റെ ഭീം, പേടിഎം, തുടങ്ങിയവയാണ് ജനങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്ന സേവനങ്ങള്‍.