ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ വെല്ലുവിളിച്ച് പാക്കിസ്ഥാന്‍ ; ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ തോറ്റതോടെ ഇന്ത്യ പേടിച്ചുപോയി എന്ന് പരിഹാസവും

കറാച്ചി : ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ തോറ്റതോടെ ഇന്ത്യന്‍ ടീം പേടിച്ചുപോയി എന്നും ധൈര്യം ഉണ്ടെങ്കില്‍ ഇന്ത്യ പാകിസ്താനില്‍ വന്ന് പരമ്പര കളിക്കണം എന്നും പാക് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡണ്ട് ഷഹരിയാര്‍ ഖാന്‍. ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യ പാകിസ്താനോട് തോറ്റിരുന്നു. ആദ്യമായി ഐ സി സി ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയ പാകിസ്താന് പ്രധാനമന്ത്രി നവാസ് ഷെരീഫ് ചൊവ്വാഴ്ച ഒരു വിരുന്ന് ഒരുക്കിയിരുന്നു. ഈ വിരുന്നിനിടെയാണ് ഷഹരിയാര്‍ ഖാന്‍ ഇന്ത്യയെ ഫൈനലിലെ തോല്‍വി ചൂണ്ടിക്കാട്ടി ഇന്ത്യയെ വെല്ലുവിളിച്ചത്.

നിലവില്‍ ഐ സി സി ചാമ്പ്യന്‍ഷിപ്പില്‍ മാത്രമേ ഇന്ത്യ പാകിസ്താനോട് കളിക്കുന്നുള്ളൂ. രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ട് ഇന്ത്യ – പാക് ക്രിക്കറ്റ് മുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇന്ത്യ മാത്രമല്ല സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി പ്രമുഖ രാജ്യങ്ങളൊന്നും പാകിസ്താനില്‍ ക്രിക്കറ്റ് കളിക്കുന്നില്ല. യു എ ഇ ആണ് പാകിസ്താന് ഇപ്പോള്‍ ഹോം ഗ്രൗണ്ട്. അതുകൊണ്ട് തന്നെ ക്രിക്കറ്റില്‍ നിന്നും പാക്കിസ്ഥാന് ഇപ്പോള്‍ വരുമാനം ഇല്ല എന്ന് തന്നെ പറയാം. അതുപോലെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഐ സി സി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയോട് പാകിസ്താന്‍ ജയിക്കുന്നത്. ഇതേ ടൂര്‍ണമെന്റിലെ ആദ്യമത്സരത്തില്‍ ഇന്ത്യ പാകിസ്താനെ പറപ്പിച്ചുവിട്ടിരുന്നു. ലോകകപ്പുകളിലാകട്ടെ ഇന്ന് വരെ പാകിസ്താന്‍ ഇന്ത്യയോട് ജയിച്ച ചരിത്രമില്ല. എന്നിട്ടാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡണ്ട് ഇന്ത്യയെ വെല്ലുവിളിക്കുന്നത്.