ഗള്‍ഫില്‍ മരിക്കുന്ന പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കുന്നതിന് തടസങ്ങള്‍ കൂടി

Dead Bodyff

ഗള്‍ഫില്‍ വെച്ച് മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ഇനി താമസം പിടിക്കും. മൃതദേഹങ്ങള്‍ ഇന്ത്യയിലേക്ക് അയക്കുമ്പോള്‍ നിര്‍ദിഷ്ട വിമാനത്താവളത്തില്‍ എത്തുന്നതിന് 48 മണിക്കൂര്‍ മുമ്പ് ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ച് മുന്‍കൂര്‍ അനുമതി വാങ്ങണമെന്നാണ് പുതിയ ഉത്തരവ്. അങ്ങനെയാവുമ്പോള്‍ ഇനിമുതല്‍ മൃതദേഹം നാട്ടിലെത്താന്‍ ചുരുങ്ങിയത് നാലുദിവസമെങ്കിലും പിടിക്കും. മൃതദേഹം നാട്ടിലെത്തിക്കണമെങ്കില്‍ നിര്‍ദിഷ്?ട വിമാനത്താവളത്തില്‍ എത്തുന്നതിന് 48 മണിക്കൂര്‍ മുമ്പ് ഡെത്ത് സര്‍ട്ടിഫിക്കറ്റ്, എംബാമിങ് സര്‍ട്ടിഫിക്കറ്റ്, ഇന്ത്യന്‍ എംബസിയില്‍ നിന്നുള്ള എന്‍.ഒ.സി, പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവ സമര്‍പ്പിച്ച് മുന്‍കൂര്‍ അനുമതി വാങ്ങണമെന്നാണ് ഉത്തരവ്. അന്താരാഷ്ട്ര ആരോഗ്യ ചട്ടങ്ങളും ഇന്ത്യന്‍ വിമാന പൊതു ആരോഗ്യ ചട്ടങ്ങളും അനുസരിച്ചാണ് നിബന്ധനയെന്നാണ് ദുബായി ഷാര്‍ജ വിമാനത്താവളങ്ങളിലെ കാര്‍ഗോ കമ്പനികളിലേക്ക് കരിപ്പൂര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അയച്ച ഇമെയിലില്‍ പറയുന്നത്. യാതൊരു മുന്നറിയിപ്പുമില്ലാതെ കാര്‍ഗോ കമ്പനികള്‍ തീരുമാനം നടപ്പിലാക്കിയതോടെ മൃതദേഹവുമായി എത്തിയവര്‍ ദുരിതത്തിലായി.

നിലവില്‍ പ്രവാസികള്‍ മരിച്ചാല്‍ രണ്ടു ദിവസത്തിനുള്ളില്‍ മൃദേഹം നാട്ടിലെത്തിക്കാം. മരണം നടന്ന രാജ്യത്തെ പോലീസിന്റെയും മറ്റു അധികൃതരുടെയും ഇന്ത്യന്‍ എംബസിയുടെയും നിരവധി സര്‍ട്ടിഫിക്കറ്റുകള്‍ ഇതിന് ആവശ്യമുണ്ട്. എന്നാല്‍ അതെല്ലാം കിട്ടിയാലും ഇനി മൃതദേഹം നാട്ടിലെത്തിക്കാന്‍ പറ്റാത്ത അവസ്ഥയാണ് പുതിയ ഉത്തരവിലൂടെ സംജാതമായിരിക്കുന്നത്. മൃതദേഹം കൊണ്ടുപോകാനുള്ള വിമാനടിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ യുഎഇയിലെ എംബാംമിംഗ് കേന്ദ്രങ്ങളില്‍ നിന്ന് എംബാമിംഗ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ, അപ്പോള്‍ നാല്‍പത്തിയെട്ട് മണിക്കൂര്‍ മുമ്പ് എങ്ങനെ നാട്ടിലെ വിമാനത്താവളത്തില്‍ ഹാജരാക്കാന്‍ കഴിയുമെന്നും സാമൂഹ്യപ്രവര്‍ത്തനരംഗത്തുള്ളവര്‍ ചോദിക്കുന്നു. പ്രവാസികള്‍ക്കും നാട്ടിലുള്ളവര്‍ക്കും ഒരുപോലെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ് ഈ നടപടി.