റിയാദില്‍ ഉണ്ടായ വന്‍അഗ്‌നിബാധയില്‍ സഹായഹസ്തവുമായി സൗദിയില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്‍

റിയാദ്: സൗദി അറേബിയയിലെ സുലൈയില്‍ കഴിഞ്ഞ ദിവസമുണ്ടായ തീ പിടുത്തത്തില്‍ വസ്തുവകള്‍ നഷ്ടപ്പെട്ടവരുടെ ഇടയില്‍ ദുരിതാശ്വാസ സഹായവുമായി റിയാദിലെ വേള്‍ഡ് മലയാളി ഫെഡറേഷന്‍ സെന്‍ട്രല്‍ കമ്മിറ്റി. വിവിധ രാജ്യക്കാരായ 65ഓളം പേര്‍ക്ക് അവരുടേതായതെല്ലാം തീപിടുത്തത്തില്‍ നഷ്ട്‌പ്പെട്ടിരുന്നു.

അപകടത്തില്‍ 25ഓളം മലയാളികള്‍ക്കും സര്‍വതും നഷ്ടപ്പെട്ടു. വിവരം അറിഞ്ഞ വേള്‍ഡ് മലയാളീ ഫെഡറേഷന്‍ പ്രവര്‍ത്തകര്‍ ഉടന്‍ തന്നെ അപകട സ്ഥലത്ത് എത്തുകയും അവശ്യമായ വസ്ത്രങ്ങള്‍, ഭക്ഷണവും വെള്ളവും എത്തിച്ചു. പലര്‍ക്കും ഉടുതുണിയല്ലാത്തതെല്ലാം തന്നെ നഷ്ടപ്പെട്ടിരുന്നു.

തുടര്‍ന്ന് കഴിഞ്ഞ രണ്ടു ദിവസമായി ഡബ്ലിയു.എം.എഫ് പ്രവര്‍ത്തകര്‍ ജുബൈലില്‍ ഉള്ള ഈസ്റ്റേണ്‍ കോര്‍പറേഷന്‍, അമോബ (AMOUBA), യൂത്ത് ഇന്ത്യ, ശിഹാബ് കൊട്ടുകാട്, ശങ്കര്‍ ത്യാഗരാജന്‍ എന്നിവരുമായി സഹകരിച്ച് പ്രഭാത ഭക്ഷണവും, അത്താഴവും എത്തിച്ചു. അപകടത്തില്‍ വസ്തുവകളും നഷ്ടപ്പെട്ടു കഴിയുന്ന എല്ലാവര്‍ക്കും തുടര്‍ന്നും സൗകര്യങ്ങള്‍ ഒരുക്കാന്‍ ഡബ്ലിയു.എം.എഫ് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

വരും ദിവസങ്ങളില്‍ ആവശ്യമെങ്കില്‍ സ്ഥലത്തെ കൂടുതല്‍ വ്യാപാര സ്ഥാപനങ്ങളും, വ്യക്തികളുമായി ചേര്‍ന്ന് ഡബ്ലിയു.എം.എഫ് ക്രൈസിസ് മാനേജ്‌മെന്റ് ടീം ദുരിതാശ്വാസ പ്രവര്‍ത്തങ്ങള്‍ തുടരുമെന്ന് വക്താക്കള്‍ അറിയിച്ചു. നാസര്‍ ലെയ്സ്, ബഷീര്‍ കോതമംഗലം, ഹാരിസ് ബാബു മാഞ്ചേരി, ഇക്ബാല്‍ കോഴിക്കോട്, ജലീല്‍, മുഹമ്മദ് കായംകുളം, സ്റ്റാന്‍ലി ജോസ് എന്നിവര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കി.