87 രൂപയ്ക്ക് കോഴിയിറച്ചി വില്‍പ്പനയുമായി വ്യാപാരി; വില്‍പ്പന ഭീഷണിയെ അതിജീവിച്ച്‌

കേരള സര്‍ക്കാര്‍ നിശ്ചയിച്ച വിലയില്‍ കോഴിയിറച്ചി വില്‍പ്പനയ്ക്കു തയ്യാറായ വ്യാപാരിയുടെ കോഴിക്കട അടപ്പിക്കാന്‍ ശ്രമം. കോഴി വില്‍ക്കരുതെന്നും കട അടപ്പിക്കുമെന്നും ഫോണിലൂടെ തന്നെ ഭീഷണിപ്പെടുത്തിയതായി 87 രൂപയ്ക്ക് കോഴി വില്‍പ്പന നടത്തുന്ന വ്യാപാരി പറഞ്ഞു. സര്‍ക്കാര്‍ സംരക്ഷണം നല്‍കിയാല്‍ വില്‍പന തുടരാമെന്നും കോഴിക്കോടുള്ള വ്യാപാരി വ്യക്തമാക്കി.

കഴിഞ്ഞ ദിവസത്തെക്കാളും 31 രൂപ കുറച്ചാണ് ഇന്നത്തെ വില്‍പന. ഡ്രസ് ചെയ്യാത്ത കോഴിയാണ് 87 രൂപയ്ക്ക് വില്‍ക്കുന്നത്. ഡ്രസ് ചെയ്ത കോഴിക്ക് 157 രൂപയാണ് ഈടാക്കുന്നത്. ‘സര്‍ക്കാര്‍ വിലയില്‍’ എന്ന ബോര്‍ഡും കടയുടെ മുമ്പില്‍ തൂക്കിയിട്ടുണ്ട്.

സര്‍ക്കാര്‍ നിശ്ചയിച്ച വിലയില്‍ കോഴി വില്‍പ്പന സാധ്യമല്ലെന്ന് ആരോപിച്ച് കോഴി വ്യാപാരികള്‍ കടകള്‍ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിലാണ് കോഴിക്കോട് 87 രൂപയ്ക്ക് കോഴി വില്‍പന സജീവമാകുന്നത്. സ്വന്തമായി കോഴി ഫാമുള്ള സ്ഥാപനമാണ് കോഴി വിലകുറച്ച് നല്‍കുന്നത്. ഈ വിലയ്ക്ക് കോഴി വിറ്റാലും ലാഭമാണെന്നും വ്യാപാരി പറഞ്ഞു.

കോഴിയുടെ വില കുറയ്ക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തില്‍ പ്രതിഷേധിച്ച് ഇന്ന് കോഴിക്കടകള്‍ അടച്ചിടുമെന്ന് കോഴി വ്യാപാരികള്‍ നേരത്തെ അറിയിച്ചിരുന്നു. 87 രൂപയ്ക്ക് കോഴി വില്‍ക്കണമെന്ന സര്‍ക്കാര്‍ നിലപാട് മാറ്റാത്തപക്ഷം തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ കോഴിഫാമുകളും വില്‍പ്പനശാലകളും അടച്ചിടുമെന്ന് വിതരണക്കാരുടെ സംഘടനയുടെ നിലപാട്.