സംസ്ഥാനത്ത് പെട്രോള്‍ ക്ഷാമം രൂക്ഷമാകാന്‍ സാധ്യത; സമരം കഴിഞ്ഞ് ബുധനാഴ്ച്ച പമ്പുകള്‍ തുറന്നാലും ഇന്ധനക്ഷാമമുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍

തിങ്കളാഴ്ച അര്‍ധ രാത്രി മുതല്‍ ചൊവ്വാഴ്ച അര്‍ധ രാത്രി വരെ പെട്രോള്‍ പമ്പുകള്‍ അടച്ചിടാന്‍ പെട്രോള്‍ പമ്പുടമകള്‍ തീരുമാനിച്ചു. ബുധനാഴ്ച പമ്പുകള്‍ വീണ്ടും തുറക്കുമെങ്കിലും വ്യാഴാഴ്ച വരെ ഇന്ധനത്തിനു ക്ഷാമം വരാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ സംസ്ഥാനം കുറച്ചു ദിവസത്തേക്കു പെട്രോള്‍ ക്ഷാമത്തിലേക്ക് നീങ്ങുമെന്നാണ് സൂചന.

ഇന്ധനവില ദിവസേന മാറുന്ന സമ്പ്രദായം നിലവില്‍ വന്നതു മുതല്‍ വന്‍ നഷ്ടമാണ് തങ്ങള്‍ക്ക് നേരിടുന്നതെന്ന് പമ്പുടമകള്‍ ചൂണ്ടിക്കാട്ടുന്നു. ഇതു പരിഹരിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം പാലിച്ചില്ല. ഇതേ തുടര്‍ന്നാണ് പെട്രോള്‍ ഡീലേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മിറ്റി സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പുതിയ പരിഷ്‌കാരത്തെ തുടര്‍ന്ന് മാസത്തില്‍ 40,000 മുതല്‍ 60,000 രൂപ വരെ പമ്പുടമകള്‍ക്കു നഷ്ടം സംഭവിക്കുന്നുണ്ട്. പമ്പുടമകള്‍ക്കുള്ള കമ്മീഷന്‍ തുക വര്‍ധിപ്പിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

സമരത്തിന്റെ ഭാഗമായി ഞായറാഴ്ച മുതല്‍ തന്നെ സ്റ്റോക്ക് എടുക്കുന്നത് പമ്പുകള്‍ നിര്‍ത്തിയിട്ടുണ്ട്. ചില പമ്പുകളില്‍ നോ സ്‌റ്റോക്ക് ബോര്‍ഡുകളും പ്രത്യക്ഷപ്പെട്ടു തുടങ്ങി. സമരം കഴിഞ്ഞ് ബുധനാഴ്ച സ്റ്റോക്ക് എടുക്കാനാണ് സമരക്കാര്‍ തീരുമാനിച്ചിട്ടുള്ളത്.