അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്കുനേരെ ഭീകരാക്രമം; അഞ്ച് സ്ത്രീകളടക്കം ഏഴുപേര്‍ കൊല്ലപ്പെട്ടു

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്കുനേരെ ഭീകരാക്രമം. ഇന്നലെ രാത്രി 8.30 ഓടെ പോലീസ് വാഹനത്തിന് നേരെയാണ് തീവ്രവാദികള്‍ ആദ്യം വെടിയുതിര്‍ത്തത്. തുടര്‍ന്ന് പോലീസും തീവ്രവാദികളും തമ്മില്‍ പരസ്പരം ഏറ്റുമുട്ടി. ഈ സമയം അമര്‍നാഥില്‍ നിന്നുള്ള തീര്‍ത്ഥാടകരെയും വഹിച്ചു വന്ന ബസ്സിനു നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.

ആക്രമണത്തില്‍ അഞ്ച് സ്ത്രീകളടക്കം ഏഴുപേര്‍ കൊല്ലപ്പെട്ടു. പത്തൊമ്പത് പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിന് പിന്നില്‍ ലഷ്‌കര്‍ഇ തൊയ്ബ പ്രവര്‍ത്തകരാണെന്ന് ജമ്മു കശ്മീര്‍ പോലീസ് പറഞ്ഞു. പാക് തീവ്രവാദി അബു ഇസ്മയിലാണ് ആക്രമണത്തിന്റെ സൂത്രധാരനെന്നാണ് പോലീസ് നിഗമനം.

രാത്രി ഏഴുമണിയ്ക്ക് ശേഷം തീര്‍ത്ഥാടകരുമായി സഞ്ചരിക്കരുത് എന്ന നിയമം ബസ് ഡ്രൈവര്‍ ലംഘിച്ചതായി പോലീസ് പറഞ്ഞു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ഇന്ന് യോഗം വിളിച്ചു. സമാധാനപൂര്‍ണമായി തീര്‍ത്ഥയാത്ര നടത്തിയവര്‍ക്ക് നേരെയുണ്ടായ ആക്രമണം ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും വിഷയത്തില്‍ കടുത്ത നടപടിയുണ്ടാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രതികരിച്ചു.