സൌദിയില്‍ തീപിടിത്തം ; ഇന്ത്യാക്കാരടക്കം 11 പേര്‍ മരിച്ചു ; മരിച്ചവരില്‍ മലയാളികളും എന്ന് സംശയം

റിയാദ് : സൗദി അറേബ്യയിലെ നജ്‌റാനിലുണ്ടായ തീപ്പിടിത്തത്തില്‍ ഇന്ത്യക്കാരടക്കം 11 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യക്കാരും ബംഗ്ലാദേശ് പൗരന്മാരുമാണ് മരിച്ചവര്‍. ആറുപേര്‍ക്ക് പരിക്കേറ്റതായും നജ്‌റാന്‍ സിവില്‍ ഡിഫന്‍സ് വാക്താവ് അറിയിച്ചു. ബുധനാഴ്ച പുലര്‍ച്ചെ സൗദി സമയം നാലിനാണ് തീപ്പിടിത്തമുണ്ടായത്. പരിക്കേറ്റ ആറുപേരെയും അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

ദുര്‍ബ ജനറല്‍ ആശുപത്രി, നജ്‌റാന്‍ കിംഗ് ഖാലിദ് ആശുപത്രി എന്നിവിടങ്ങളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിട്ടുള്ളത്. മരിച്ചവരുടെ മൃതദേഹങ്ങളും ഇവിടെയാണ് സൂക്ഷിച്ചിട്ടുള്ളത്. ജനലുകള്‍ ഇല്ലാത്ത മുറിയിലാണ് അപകടത്തില്‍പ്പെട്ടവര്‍ താമസിച്ചിരുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അതേസമയം മരിച്ചവരില്‍ രണ്ടുപേര്‍ മലയാളികളാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.