ഭൂമിയിലെ മാലാഖമാരെ ഭയന്ന് ‘ഇല്ലം ചുടുന്ന’ ആശുപത്രി മുതലാളിമാര്‍; നേഴ്സുമാരുടെ സമരം തീര്‍ക്കാന്‍ ക്രൈസ്തവ സഭയ്ക്ക് ബാധ്യതയേറെ

‘നിങ്ങള്‍ എന്തുകൊണ്ട് ശരിയായി വിധിക്കുന്നില്ല? (ലൂക്ക 12:57)’
‘ശത്രുവിനോട്കൂടെ അധികാരിയുടെ അടുത്തേക്ക് പോകുമ്പോള്‍ വഴിയില്‍ വച്ച് തന്നെ അവനുമായി രമ്യതപ്പെട്ടു കൊള്ളുക… അല്ലാത്തപക്ഷം അവസാനത്തെ തുട്ടു വരെ കൊടുക്കാതെ നീ അവിടെ നിന്ന് പുറത്തു വരികയില്ല. (ലൂക്ക 12:58 – 59).’

ആഗോളതലത്തില്‍ മലയാളിയുടെ മുഖമായി വാഴ്ത്തപ്പെടുന്ന ഭൂമിയിലെ മാലാഖമാരുടെ ജീവിക്കാനുള്ള വേതനമെന്ന ആവശ്യത്തിന് മുന്നില്‍ എന്ത് കൊണ്ട് സര്‍ക്കാരും മതനേതാക്കളും പൗരപ്രമുഖരെന്ന് നടിക്കുന്നവരും നയിക്കുന്ന ആശുപത്രി മാനേജ്മെന്റുകളും മുഖം തിരിക്കുന്നു. മലയാളക്കരയില്‍ നേഴ്സുമാരുടെ സമരം കൊടിമ്പിരി കൊള്ളുകയാണ്. വ്യാജപ്രചരണങ്ങളും ഭീഷണികളും സമര പന്തല്‍ കത്തിക്കലുമൊക്കെയായി നേഴ്സുമാരുടെ സമരത്തെ തകര്‍ക്കാമെന്ന വ്യാമോഹം അസ്തമിച്ചിരിക്കുന്നു.

ഒടുവില്‍ ആശുപത്രികള്‍ അടിച്ചിട്ടു നേരിടുകയെന്ന നിലപാടിലേക്ക് ഒരു വിഭാഗം മുതലാളിമാര്‍ പുതിയ തന്ത്രവുമായി എത്തിയിരിക്കുന്നു. എന്നാല്‍, ആ നീക്കത്തിനൊപ്പം തങ്ങളില്ലെന്ന് ക്രൈസ്ത മാനേജുമെന്റുകള്‍ നിലപാട് പരസ്യമാക്കിയത് തിരിച്ചറിവു കൊണ്ടു തന്നെയാണ്. നേഴ്സുമാര്‍ക്ക് വേതന വര്‍ധനവിന്റെ ആവശ്യമുണ്ടെന്ന് എല്ലാവരും സമ്മതിക്കുന്നുണ്ട്. പക്ഷെ, കൊടുക്കാന്‍ മാത്രം കഴിയില്ലെന്ന മനസ്ഥിതി മാറുന്നില്ല.

ക്രൈസ്തവ സഭയുടെ അടിസ്ഥാന പ്രമാണങ്ങളില്‍ ഒന്ന് അനുരഞ്ജനവും കരുണയുമാണ്. സഭ കരുണയുടെ വര്‍ഷം കാര്യമായി ആഘോഷിച്ചത് സഭയിലെ ഓരോ വിശ്വാസിയും മറന്നുകാണില്ലെന്നു ധരിക്കാം. ആഴ്ചകളായി സമരം നടത്തുന്ന നേഴ്‌സ്മാരുടെ പ്രശ്നങ്ങള്‍ പറഞ്ഞു പരിഹരിക്കാന്‍ എന്ത് കൊണ്ട് കേരളത്തിലെ ക്രൈസ്തവ സഭകള്‍ക്ക് കഴിയുന്നില്ല. ക്രൈസ്തവ സഭകള്‍ നീതിപൂര്‍വമായ നിലപാട് എടുത്താല്‍ അന്ന് തീരും ഈ പ്രശ്നങ്ങള്‍. സഭാ നേതൃത്വത്തിന്റെയും ആശുപത്രി മാനേജ്മെന്റുകളുടെ തലപ്പത്തിരിക്കുന്ന വ്യക്തികളുടെ നിസംഗതയും സമീപനങ്ങളും തന്നെയാണ് നേഴ്സുമാരുടെ വേതന പ്രശ്നം പരിഹാരമില്ലാതെ നീളുന്നതിന് കാരണം.

ഈ മതമേലധ്യക്ഷന്‍മാര്‍ കണ്ടിട്ടും കാണാതെ പോകുന്നൊരു കാര്യമുണ്ട് നേഴ്സമാരില്‍ വലിയൊരു വിഭാഗം കത്തോലിക്കാ കുടുംബങ്ങളിലെ വിശ്വാസ സ്ഥിരത ഉള്ളവരും വിശ്വാസം പാലിക്കുന്നവരും ആണെന്നത്. സഭയെ വലിയ തോതില്‍ ആളും അര്‍ഥവും നല്‍കി ആത്മീയത നിറക്കുന്നവരാണവര്‍. പക്ഷെ, അന്യന്റെ പണം കൊണ്ടു സുഖലോലുപതയില്‍ രമിക്കുന്ന വൈദീകര്‍ക്കും നേതൃത്വത്തിനും ഇതു മനസിലാവുന്നില്ല. അതോ മനസിലാക്കിയിട്ടും അവര്‍ നരകിക്കട്ടെയെന്ന് ശുഭ്രവസ്ത്ര ധാരികളായ വൈദീകര്‍ രോമാഞ്ചം കൊള്ളുകയാണോ.

ഇനി എല്ലാം ശരിയാക്കന്‍ എത്തിയ സര്‍ക്കാരിലേക്ക് വന്നാല്‍. മരണ പനി ജീവിതങ്ങള്‍ കവര്‍ന്നെടുത്ത് പായുന്ന കാലത്ത് ആരോഗ്യമന്ത്രി ഉയര്‍ത്തുന്നത് ഭീഷണിയുടെ സ്വരമാണ്. വേതന വര്‍ധനവ് പ്രഖ്യാപിച്ചതോടെ എല്ലാം കഴിഞ്ഞു എന്ന ധാരണയിലാണ് സര്‍ക്കാരും മന്ത്രി കെ.കെ ശൈലജ ടീച്ചറും. സമരം അവസാനിപ്പിച്ച് നേഴ്സുമാര്‍ ആശുപത്രികളിലേക്ക് മടങ്ങണമെന്നാണ് മന്ത്രിയുടെ ആഹ്വാനം. നേഴ്സുമാരുടെ പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ എല്ലാം ചെയ്തിട്ടുണ്ട്. അതായത് ഇനി സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്ന് വ്യക്തം.

അവിടെയാണ് മന്ത്രിയുടെയും സര്‍ക്കാരിന്റെയും കെട്ടിപ്പൊക്കിയ നുണകള്‍ക്കു നേരെ യു.എന്‍.എ അടക്കം സമര രംഗത്തുള്ള നേഴ്സുമാരുടെ സംഘടനകള്‍ രംഗത്തെത്തിയത്. 17 മുതല്‍ നേഴ്സുമാര്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുകയാണ്. അതിനെ നേരിടാന്‍ ആശുപത്രികള്‍ അടച്ചിട്ടും പ്രതിരോധം തീര്‍ക്കാന്‍ ആശുപത്രി മാനേജുമെന്റുകളും. എലിയെ പേടിച്ച് ഇല്ലം ചുടുകയാണ് ആശുപത്രി മാനേജുമെന്റുകള്‍ ചെയ്യുന്നത്.

20ന് മിനിമം വേജസ് റിവിഷന്‍ കമ്മിറ്റി യോഗം ചേരുകയാണ്. ആ യോഗത്തില്‍ നേഴ്സുമാരുടെ വേതനം സംബന്ധിച്ച വ്യക്തത വരുത്താന്‍ ക്രൈസ്തവ മാനേജുമെന്റുകള്‍ തന്നെ മുന്‍കൈ എടുക്കണം. കാരണം കേരളത്തിലെ ആതുരമേഖലയില്‍ ഏറെ സംഭാവനകള്‍ നല്‍കിയത് ക്രൈസതവ സഭകള്‍ തന്നെയാണ്. ആ കാരുണ്യത്തിന്റെ തെളിഞ്ഞ മുഖത്ത് കരിനിഴല്‍ വീഴാതിരിക്കാന്‍ ക്രൈസ്തവ സഭകള്‍ ഭൂമിയിലെ മാലാഖമാരുടെ കണ്ണീരൊപ്പാന്‍ തയ്യാറാവണം.