പുത്തന്‍ ഫീച്ചറുകളുമായി വാട്‌സ് ആപ്പിന്റെ പുതിയ വേര്‍ഷനെത്തി

പുത്തന്‍ ഫീച്ചറുകളുമായി വാട്‌സ് ആപ്പിന്റെ പുതിയ വേര്‍ഷനെത്തി. ചാറ്റിങ്ങും,വീഡിയോ കോളും മാത്രമല്ല 100 മെഗാബൈറ്റ് വരെ വലിപ്പമുള്ള ഏത് ഫയലും കൈമാറാവുന്ന തരത്തിലുള്ളതാണ് പുതിയ അപ്‌ഡേഷന്‍. വാട്‌സ് ആപ്പിലെ ക്യാമറ തുറന്ന് മുകളിലേക്ക് സൈ്വപ് ചെയ്താല്‍ ഗാലറി തന്നെ തുറന്നുവരുന്നതാണ് പുതിയ മാറ്റങ്ങളിലൊന്ന്. ചിത്രങ്ങള്‍ ആല്‍ബമായി ഒരുമിച്ച് അയക്കാം എന്നതാണ് ഇതിലെ പ്രധാന പ്രത്യേകത.

നിലവില്‍ ഒന്നില്‍ കൂടുതല്‍ ചിത്രങ്ങള്‍ അയക്കാവുന്ന സൗകര്യമുണ്ടെങ്കിലും ഇത് ആല്‍ബമായല്ല ലഭിക്കുന്നത്. അതിനാല്‍ വാട്‌സ് ആപ് അപ്‌ഡേറ്റ് ചെയ്താല്‍ അഞ്ച് ചിത്രങ്ങളില്‍ കൂടുതല്‍ അയക്കുമ്പോള്‍ തന്നെ അത് ആല്‍ബമായി മാറുന്നു. ടെക്സ്റ്റ് ഫോര്‍മാറ്റിനുള്ള സൗകര്യമാണ് വാട്‌സ് ആപ്പിലെ അടുത്ത മാറ്റം.

ടെക്സ്റ്റ് ഇറ്റാലിക്‌സും ബോള്‍ഡും ആക്കി മാറ്റാമെന്നതിനു പുറമേ എഴുതിയ വരികള്‍ക്ക് കുറുകെ വരയ്ക്കാനും സൗകര്യം ഇപ്പോള്‍ വന്നിരിക്കുന്ന അപ്‌ഡേഷനില്‍ ഉണ്ട്. ഇതിനായി ടെക്സ്റ്റില്‍ വെറുതെ ടാപ് ചെയ്ത ശേഷം ഇത്തിരി നേരം ഹോള്‍ഡ് ചെയ്താല്‍ മതിയാകും.

ഇതിനൊക്കെ പുറമെ വോയ്‌സ് കോള്‍ വീഡിയോ കോള്‍ രൂപകല്‍പ്പനയിലും മാറ്റം വരുത്തിയിട്ടുണ്ട്. സ്റ്റാറ്റസായി ഇടുന്ന ചിത്രങ്ങള്‍ സൂം ചെയ്യാനും പുതിയ അപ്‌ഡേഷനില്‍ സാധിക്കും. ആപ്പിള്‍ ഐ ഫോണുകളിലും ആന്‍ഡ്രോയ്ഡ് ഫോണുകളിലും അപ്‌ഡേഷന്‍ ഇതിനോടകം ലഭ്യമായിട്ടുണ്ട്.