മനുഷ്യ സ്‌നേഹികളെ കാത്ത് നിരാലംബരായ രോഗികള്‍ ; സര്‍ക്കാര്‍ ചെലവില്‍ ക്രിമിനലുകള്‍ പരോക്ഷ വിമര്‍ശനവുമായി മുന്‍ കളക്ടര്‍

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന് ജയിലില്‍ ലഭിക്കുന്ന ഭക്ഷണത്തെ കുറിച്ചുള്ള കാര്യങ്ങള്‍ ഉള്‍പ്പെടെ വാര്‍ത്തയാക്കുന്നവരെ പരോക്ഷമായി വിമര്‍ശിച്ച് മുന്‍ കോഴിക്കോട് കളക്ടര്‍ പ്രശാന്ത് നായര്‍. നമ്മുടെ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ ഭക്ഷണക്രമവും, അതിന് സര്‍ക്കാര്‍ അനുവദിക്കുന്ന തുകയും, അംഗീകരിക്കപ്പെട്ട മെനുവും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടുന്നു.

മനുഷ്യ സ്‌നേഹികളുടെ കാരുണ്യത്തെ ആശ്രയിച്ച് നിരാലംബരായ രോഗികളും, സര്‍ക്കാര്‍ ചെലവില്‍ ക്രിമിനലുകളും . അല്ല, രണ്ടാമത്തെ കൂട്ടര്‍ക്ക് ചോദിക്കാനും പറയാനും ആളുണ്ടെന്നും മുന്‍ കോഴിക്കോട് കളക്ടര്‍ പരിഹസിക്കുന്നുണ്ട്.

എഫ്ബി പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

ജയിലിലെ ഭക്ഷണത്തെ പറ്റി കൂടുതൽ അറിയും തോറും വിരോധാഭാസം കൂടുതൽ പ്രകടമാകുന്നു‌. വിളംബുന്നത്‌ മാത്രം കഴിക്കേണ്ടുന്ന അവസ്ഥ ജയിലുകളിൽ എന്ന പോലെ നമ്മുടെ മാനസികാരോഗ്യകേന്ദ്രങ്ങളിലും ഉണ്ട്‌. വിളംബുന്നതിൽ നല്ല വ്യത്യാസമുണ്ടെന്ന് മാത്രം. നമ്മുടെ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ ഭക്ഷണക്രമവും, അതിന്‌ സർക്കാർ അനുവദിക്കുന്ന തുകയും, അംഗീകരിക്കപ്പെട്ട മെനുവും ചർച്ച ചെയ്യപ്പെടേണ്ടതാണ്‌. മനുഷ്യസ്നേഹികളുടെ കാരുണ്യത്തെ ആശ്രയിച്ച്‌ നിരാലംബരായ രോഗികളും സർക്കാർ ബജറ്ററി ചെലവിൽ ക്രിമിനലുകളും. അല്ല, രണ്ടാമത്തെ കൂട്ടർക്ക്‌ ചോയ്ക്കാനും പറയാനും ആളുണ്ട്‌!