ശാലോം ശുശ്രുഷകള്‍ക്കു വിയന്നയില്‍ ഓഫീസ് തുറന്നു

വിയന്ന: ആഗോളവ്യാപകമായി ലോകസുവിശേഷീകരണത്തിനായി പ്രവര്‍ത്തിക്കുന്ന അല്മയപ്രസ്ഥാനമായ ശാലോം ശുശ്രുഷകള്‍ക്ക് വിയന്നയില്‍ ഓഫീസില്‍ തുറന്നു. എല്ലാ ജര്‍മ്മന്‍ ഭാഷാരാജ്യങ്ങളിലെയും ശാലോം ശുശ്രുഷകളുടെ ആസ്ഥാനകേന്ദ്രമായി വര്‍ത്തിക്കുന്ന വിയന്നയിലെ ഓഫീസ് ഇരുപത്തിരണ്ടാമത് ജില്ലയിലെ ആസ്പന്‍ സ്ട്രാസ്സേ 60/3ലാണ് സ്ഥിതി ചെയ്യുന്നത്.

2017 ജൂണ്‍ അഞ്ചാം തിയതി തിങ്കളാഴ്ച, ശാലോം ശുശ്രുഷകള്‍ക്ക് ആത്മീയനേതൃത്വം നല്‍കുന്ന ഡോ. ഫാ. റോയി പാലാട്ടി സി.എം.ഐ ഓഫീസിന്റെ വെഞ്ചെരിപ്പ്കര്‍മ്മം നിര്‍വഹിച്ചു. കേരളത്തിലെ പ്രശസ്ത യുവജനപ്രസ്ഥാനമായ ‘ക്രിസ്റ്റീന്‍’ ധ്യാനകേന്ദ്രത്തിലെ പതിനെട്ടില്‍പരം ശുശ്രുഷകരുടെ, പ്രത്യേകിച്ച് ക്രിസ്റ്റീന്‍ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാക്കളായ മേരിക്കുട്ടി ടീച്ചറുടെയും ബ്രദര്‍ സന്തോഷ് ടി.യുടെയും സാന്നിദ്ധ്യവും പ്രാര്‍ത്ഥനയും ഉത്ഘടനച്ചടങ്ങുകള്‍ക്ക് അഭിഷേക പൊലിമയേകി.

പ്രശസ്ത വചനപ്രഘോഷകനും ആഗോളസുവിശേഷീകരണം 2033ന്റെ ഇന്റര്‍നാഷണല്‍ ഡയറക്ടറുമായ ഫാ. ജിനോ ഹെന്‍ റിക്‌സും ഇന്ത്യന്‍ സുപ്രിംകോടതി ജസ്റ്റീസ് കുര്യന്‍ ജോസഫും ഉത്ഘടനച്ചടങ്ങിലെ മഹനീയ ആതിഥികളായിരുന്നു. ഇവര്‍ ഓഫിസില്‍ സന്നിഹിതരായിരുന്ന ഓസ്ട്രിയക്കാര്‍ക്കും ശാലോം അംഗങ്ങള്‍ക്കും വചനം പങ്കുവച്ചു.

2013ല്‍ വിയന്നയില്‍ എളിയ രീതിയില്‍ പ്രവര്‍ത്തനമാരംഭിച്ച ശാലോം ശുശ്രുഷകള്‍ ഇന്ന് മറ്റ് ജര്‍മ്മന്‍ ഭാഷാരാജ്യങ്ങളായ ജര്‍മ്മനി സ്വിറ്റസര്‍ലാന്‍ഡ് എന്നിവിടങ്ങളിലേക്കും വളര്‍ന്ന് പന്തലിച്ച സാഹചര്യത്തിലാണ് വിയന്നയില്‍ ഓഫീസു തുറന്ന് ശാലോമിന്റെ പ്രവര്‍ത്തനങ്ങള്‍ വീണ്ടും വിപുലീകരിക്കപ്പെടുന്നത്. വളരെ കുറഞ്ഞ നാള്‍കൊണ്ട് അത്ഭുതാവഹമായ വളര്‍ച്ചയാണ് ശാലോം കൈവരിച്ചിട്ടുള്ളത് എന്നാണ് ശാലോമിന്റെ വിയന്നയിലെ നേതൃത്വം അവകാശപ്പെടുന്നത്.

2016 മെയ് മാസത്തില്‍ പ്രസദ്ധീകരണമാരംഭിച്ച ശാലോം ടൈംസ് ജര്‍മ്മന്‍ പതിപ്പിനെ ജര്‍മ്മന്‍ ജനത ഹൃദയത്തിലേറ്റുവാങ്ങി കഴിഞ്ഞു. ആറായിരത്തോളം കോപ്പികളാണ് സൗജന്യമായി മൂന്നു രാജ്യങ്ങളിലായി ഇപ്പോള്‍ വിതരണം ചെയ്തുവരുന്നത്. ഈ വര്‍ഷം തന്നെ ജര്‍മ്മന്‍ ഭാഷയില്‍ ‘ശാലോം റിട്രീറ്റുകള്‍’ തുടങ്ങുവാനും തീരുമാനമായി. ശാലോം ഓഫീസില്‍ ക്രമീകരിച്ചിരിക്കുന്ന കൊച്ചുചാപ്പലില്‍ തുടങ്ങുന്ന നിത്യാരാധനയില്‍ പങ്കുകൊള്ളാന്‍ സ്ഥലവാസികള്‍ക്കുപുറമെ മലയാളികള്‍ക്കും സൗകര്യമുണ്ടായിരിക്കും.

വായനതാത്പര്യമുള്ള മലയാളികള്‍ക്ക് വേണ്ടി ശാലോമിന്റെ പ്രസദ്ധീകരണശാലയായ ‘സോഫിയ ബുക്ക്‌സി’ന്റെ ഒരു ശാഖയും ഓഫീസില്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ഏതൊരു പ്രായത്തില്‍പ്പെട്ടവരുടെയും ആത്മീയദാഹം ശമിപ്പിക്കുവാനും ആത്മീയതയില്‍ വളരുവാനും ഉതകുന്ന അനവധി പുസ്തകങ്ങളുടെ ശേഖരമാണ് കരുതിയിട്ടുള്ളത്.

ശാലോം പ്രസിദ്ധീകരണങ്ങളായ ശാലോം ടൈംസ്, ശാലോം ടൈഡിങ്‌സ്, സണ്‍ഡേ ശാലോം കൂടാതെ ശാലോമിന്റെ സെക്കുലര്‍ പ്രസദ്ധീകരണമായ ‘സോഫിയ ടൈംസും’ ഇനി മുതല്‍ വിയന്ന ഓഫീസില്‍ നിന്ന് തപാല്‍ മാര്‍ഗ്ഗം ലഭ്യമാകുന്നത്തിനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്.

ശാലോം ഒരു സംഘടനയായി ഇതിനകം ആസ്ട്രിയായില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ഓസ്ട്രിയന്‍ ബിഷോഫ്‌സ് കോണ്‍ഫെറെന്‍സിന്റെയും വിയന്ന അതിരൂപതാദ്ധ്യക്ഷന്‍ ബഹു. കാര്‍ഡിനല്‍ ക്രിസ്റ്റോഫ് ഷേണ്‍ബോന്റെയും പരിപൂര്‍ണ്ണ അംഗീകാരത്തോടും സഹകരണത്തോടും കൂടിയാണ് ഇവിടുത്തെ ശാലോം ശുശ്രുഷകള്‍ മുന്നേറുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക:
Shalom Media Austria
Aspern Str. 60/3
1220 Vienna
Tel: +43 699 19 54 64 29
E-Mail: austria@shalomworld.org
www.shalomworld.org