നഴ്സുമാരുടെ സമരം ഉടനെ അവസാനിപ്പിയ്ക്കാന്‍ ഇടതുസര്‍ക്കാര്‍ നടപടി എടുക്കുക: നവയുഗം

ദമ്മാം: നിലനില്‍പ്പിനായി വേതന വര്‍ധനവ് ആവശ്യപ്പെട്ട് കേരളത്തിലെ സ്വകാര്യആശുപത്രിയിലെ നഴ്‌സുമാര്‍ നടത്തുന്ന സമരം, എത്രയും പെട്ടെന്ന് അവസാനിപ്പിയ്ക്കാന്‍ ഇടതുപക്ഷസര്‍ക്കാര്‍ നടപടി എടുക്കണമെന്ന് നവയുഗം സാംസ്‌കാരികവേദി കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു.

ആതുരശിശ്രൂഷരംഗത്ത് രാപകലില്ലാതെ കഠിനാദ്ധ്വാനം നടത്തുന്ന തങ്ങള്‍ക്ക്, സുപ്രീം കോടതി ഉത്തരവിട്ട മിനിമം അടിസ്ഥാനശമ്പളം നല്‍കണമെന്ന നഴ്സുമാരുടെ ആവശ്യം തികച്ചും ന്യായമാണ്. രോഗികളെ പിഴിഞ്ഞ് ലാഭം കൊയ്യുന്ന സ്വകാര്യആശുപത്രികള്‍, നഴ്സുമാര്‍ക്ക് തുച്ഛമായ ശമ്പളം മാത്രം നല്‍കി അടിമകളെപ്പോലെ പണി ചെയ്യിക്കുന്നു എന്നത് പരസ്യമായ രഹസ്യമാണ്. അതിനെതിരെ ഇടതുസര്‍ക്കാരുകള്‍ പല നിയമനിര്‍മ്മാണങ്ങളും നടത്തിയെങ്കിലും, ഇപ്പോഴും ആ അവസ്ഥയ്ക്ക് വലിയ മാറ്റം വന്നിട്ടില്ല. ആതുരസേവനം ചെയ്യുന്ന മാലാഖമാരെ സമരരംഗത്തേയ്ക്ക് തള്ളി വിട്ടത് ആ ദുരവസ്ഥയാണ്.

സമരത്തെ പൊളിയ്ക്കാനായി, സ്വകാര്യ ആശുപത്രികളെ സഹായിയ്ക്കാന്‍ നഴ്സിംഗ് വിദ്യാര്‍ത്ഥികളെ അയയ്ക്കാന്‍ ഉത്തരവിട്ട കണ്ണൂര്‍ കളക്റ്ററുടെ നടപടി ഇടതുപക്ഷ സര്‍ക്കാരിന് തന്നെ അപമാനമാണ്. ഇതില്‍ നവയുഗം കേന്ദ്രകമ്മിറ്റി ശക്തമായി പ്രതിഷേധിയ്ക്കുന്നു. തൊഴിലാളികളുടെ കൂടെ എന്നും നിലയുറപ്പിച്ച ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ നയിയ്ക്കുന്ന ഒരു സര്‍ക്കാര്‍, സ്വകാര്യആശുപത്രി മുതലാളിമാരെ സഹായിയ്ക്കാനാണ് ശ്രമിയ്ക്കുന്നത് എന്ന വസ്തുത ഇടതുപക്ഷമനസ്സുകളെ വിഷമിപ്പിയ്ക്കും.

നഴ്സുമാര്‍ക്ക് അര്‍ഹമായ ശമ്പളവര്‍ദ്ധനവ് നല്‍കി ഈ സമരം എത്രയും പെട്ടെന്ന് അവസാനിപ്പിയ്ക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിയ്ക്കണമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.